കോഴഞ്ചേരി പഞ്ചായത്തിന്റെ ദുരന്ത നിവാരണ മുന്നൊരുക്കം മാതൃകാപരം : മന്ത്രി വീണാ ജോര്‍ജ്

Spread the love

 

ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ക്രമീകരിക്കണമെന്നുള്ളത് പൂര്‍ണമായി ഉള്‍ക്കൊണ്ടുള്ള കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

കോഴഞ്ചേരി ഗ്രാമപഞ്ചായത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായുള്ള വള്ളം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനം കീഴുകര വള്ളപ്പുഴ കടവില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാലത്ത് പമ്പാ നദി കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലാകുന്നത് സാധാരണ സംഭവമായി തീര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മുന്‍കൈയെടുത്ത ഗ്രാമപഞ്ചായത്തിന്റെയും ഇതില്‍ പങ്കാളിയായ ജില്ലാ പഞ്ചായത്തിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

 

കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്ഷോഭവും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിനായി വാങ്ങിയ ദുരന്തനിവാരണ ഉപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവരുന്ന പഞ്ചായത്തുകളെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. നദീ തീരത്തുള്ള ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മോട്ടോര്‍ ഘടിപ്പിച്ച വള്ളം, കാറ്റ് നിറച്ച് ഉപയോഗിക്കുന്ന  ഡിങ്കി തുടങ്ങിയവ വാങ്ങുന്നതിന് ജില്ലാ പഞ്ചായത്തിന്റെ വിഹിതം നല്‍കുന്നതിനായി 12 ലക്ഷം രൂപ  വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ വിഹിതമായ രണ്ട് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ ഒന്നര ലക്ഷം രൂപയും ചെലവഴിച്ചാണ് വള്ളം വാങ്ങിയത്. ഇതോടൊപ്പം ലൈഫ് ജാക്കറ്റുകള്‍, മരം മുറിക്കുന്നതിനുള്ള മെഷീന്‍, കാട് തെളിക്കുന്നതിനുള്ള മെഷീന്‍ എന്നിവയും വാങ്ങി.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി കൊച്ചു തുണ്ടിയില്‍, പഞ്ചായത്ത് തല ശുചിത്വ സമിതി കണ്‍വീനറും വാര്‍ഡ് അംഗവുമായ ബിജിലി പി ഈശോ, വാര്‍ഡ് അംഗങ്ങളായ ടി.ടി. വാസു, സുനിത ഫിലിപ്പ്, സി.എം. മേരിക്കുട്ടി, സാലി ഫിലിപ്പ്, ഗീതു മുരളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!