Trending Now

റിസര്‍വ് ബാങ്കിന്റെ ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ് വിജയികള്‍

Spread the love

 

konnivartha.com: സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ജൂണ്‍ 26ന് ഓണ്‍ലൈനായി സംഘടിപ്പിച്ച ഉപജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ 11 ടീമുകള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുത്തു. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസിലെ അര്‍ജ്ജുന്‍ എസ് കുമാര്‍, വി. നിരഞ്ജന്‍ ടീം ഒന്നാം സ്ഥാനവും ,തോട്ടക്കോണം ജിഎച്ച്എസ്എസിലെ ദേവിക സുരേഷ്, എസ്. ശ്രീനന്ദ ടീം രണ്ടാം സ്ഥാനവും, കുന്നന്താനം സെന്റ് മേരീസ് സ്‌കൂളിലെ അദ്വൈത് രവീന്ദ്രനാഥ്, ആര്‍. പാര്‍വതി ടീം മൂന്നാം സ്ഥാനവും നേടി.

 

ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന് 10000 രൂപയും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 7500, 5000 രൂപ വീതവും സമ്മാനങ്ങള്‍ ലഭിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. ബാലാജി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട റീജിയണല്‍ മാനേജര്‍ എസ്. അനിത, ഫെഡറല്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ ഗോപകുമാര്‍, ആര്‍ബിഐ എല്‍ഡിഒ മിനി ബാലകൃഷ്ണന്‍ എന്നിവര്‍ ജില്ലാ, ഉപജില്ലാ തലത്തില്‍ വിജയം നേടിയ ടീമുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.

മത്സരത്തില്‍ ഒന്നാമതെത്തിയ കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ് ജൂലൈ 19 നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പതിനാലു ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാനതല ക്വിസിലെ ജേതാക്കള്‍ക്ക് സോണല്‍ തല മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിക്കും.

error: Content is protected !!