
konnivartha.com/ പത്തനംതിട്ട : ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയി ജോലി വാങ്ങിനൽകാമെന്നും, സൺ ഫാർമയുടെ മരുന്നുകളുടെ വിതരണം തരപ്പെടുത്തികൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ്
അറസ്റ്റിൽ.
തിരുവനന്തപുരം ഉളിയാതുറ ചെമ്പഴന്തി ശ്രീകാര്യം ചെറുകുന്നം പങ്കജമന്ദിരം വീട്ടിൽ
ഹരികുമാറിന്റെ മകൻ വിഷ്ണു (29)വാണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. മെഴുവേലി ആലക്കോട് രമ്യാഭവനിൽ എം എൻ പുഷ്പാoഗദന്റെ മകൾ രമ്യ (34)യാണ് കബളിപ്പിക്കപ്പെട്ടത്.
കഴിഞ്ഞവർഷം മേയ് 25 മുതൽ ജൂൺ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
ഇലവുംതിട്ടയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള രമ്യയുടെ അക്കൗണ്ടിൽ നിന്നും, പ്രതിയുടെ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 1,68,000 രൂപ പലതവണയായി
അയച്ചുകൊടുക്കുകയായിരുന്നു. ജോലി തരപ്പെടുത്തി കൊടുക്കുകയോ, വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ പ്രതി വിശ്വാസവഞ്ചന കാട്ടി എന്നതാണ് കേസ്.
ഈമാസം 21 ന് രമ്യ സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും മറ്റ് പ്രാഥമിക അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പി എസ് സിയുടെ റാങ്ക് ലിസ്റ്റിലുള്ള യുവതിക്ക് ഫാർമസിസ്റ്റ് ജോലി ലഭ്യമാക്കി കൊടുക്കാതെ
പ്രതി കബളിപ്പിച്ചതായി വെളിപ്പെട്ടു. പ്രതി, എറണാകുളം തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട വിശ്വാസവഞ്ചന കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് കാക്കനാട് ജില്ലാജയിലിലും തുടർന്ന്, ഇടുക്കി ജില്ലാ ജയിലിലും പാർപ്പിക്കപ്പെട്ടുവരികയാണെന്ന വിവരം മനസ്സിലാക്കി, അവിടെയെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റ് അപേക്ഷ നൽകിയതിനെത്തുടർന്ന്,
ഇന്ന് വാറന്റ് ഉത്തരവായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷം, അപേക്ഷ നൽകി പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയാനും തെളിവുകൾ ശേഖരിക്കാനുമാണ് പോലീസ് നീക്കം.
വിഷ്ണു തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ കേസിന് പുറമെ, ആലപ്പുഴ അർത്തുങ്കൽ,തൃശൂർ ചേലക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ വിശ്വാസ വഞ്ചന കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇലവുംതിട്ട പോലീസ്
ഇൻസ്പെക്ടർ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ് ഐമാരായ അനിൽ കുമാർ, വിഷ്ണു, എസ് സി പി ഓ സന്തോഷ്, സി പി ഓമാരായ പ്രശോഭ്, അഖിൽ, അനൂപ് എന്നിവരാണുള്ളത്.