പത്തനംതിട്ടയില്‍ പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ്: ഉന്നതതല സംഘം സന്ദര്‍ശനം നടത്തി

Spread the love

 

konnivartha.com : പത്തനംതിട്ടയില്‍ പുതിയ നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്ന സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല സംഘം സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഘവുമായി ചര്‍ച്ച നടത്തി. ഈ വര്‍ഷം തന്നെ 60 സീറ്റുകളില്‍ അഡ്മിഷന്‍ നടത്താനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മതിയായ സൗകര്യങ്ങളൊരുക്കി ജീവനക്കാരെ വിന്യസിച്ചായിരിക്കും നഴ്‌സിംഗ് കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 6 പുതിയ നഴ്‌സിംഗ് കോളേജുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലാണ് നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ 25 പുതിയ നഴ്‌സിംഗ് കോളേജുകള്‍ക്കായി 20 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നടപടി. ഈ സര്‍ക്കാരിന്റെ കാലത്ത് പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ മേഖലയില്‍ 212 നഴ്‌സിംഗ് സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷവും പരമാവധി സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റിന് കീഴിലും കൂടുതല്‍ നഴ്‌സിംഗ് കോളേജുകള്‍ പുതുതായി ആരംഭിക്കാന്‍ അംഗീകാരം നല്‍കി. ഇതോടൊപ്പം നിലവിലെ നഴ്‌സിംഗ് സ്‌കൂളുകളിലും കോളേജുകളിലും സൗകര്യമൊരുക്കി സീറ്റ് വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിലൂടെ നിരവധി പേര്‍ക്കാണ് അവസരം ലഭിക്കുന്നത്.

error: Content is protected !!