മന്ത്രി ഇടപെട്ടു: ഭിന്നശേഷിക്കാരിയായ സന്ധ്യക്ക് സൗജന്യകുടിവെള്ള കണക്ഷന്‍

Spread the love

 

konnivartha.com: ഭിന്നശേഷിക്കാരിയായ സന്ധ്യ നാറാണംമൂഴി സമ്പൂര്‍ണകുടിവെള്ള പദ്ധതി ഉദ്ഘാടന വേദിയിലേക്ക് എത്തിയത് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിട്ട് കണ്ട് കുടിവെള്ളമില്ലെന്ന അപേക്ഷ നല്‍കാനാണ്. സന്ധ്യയുടെ പരാതി കേട്ട മന്ത്രി വേണ്ട നടപടികള്‍ക്ക് ഉടനടി ഉത്തരവിട്ടു.

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ വിധവയായ അമ്മയ്ക്കൊപ്പമാണ് സന്ധ്യയുടെ താമസം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന അമ്മയെ ഒറ്റയ്ക്കാക്കിയാണ് ഭിന്നശേഷിക്കാരായ സന്ധ്യ അകലെയുള്ള കിണറില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നത്.

വാട്ടര്‍ കണക്ഷന്‍ വീട്ടിലെടുക്കാന്‍ സന്ധ്യയ്ക്ക് നിവൃത്തിയില്ല. അങ്ങനെയാണ് മന്ത്രിയെ കാണാന്‍ സന്ധ്യ എത്തിയത്. പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥന മാനിച്ച് എത്രയും പെട്ടെന്ന് സന്ധ്യയുടെ വീട്ടില്‍ കണക്ഷന്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.