Trending Now

സർവീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ

Spread the love

 

konnivartha.com: സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ. കമ്മിഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് കണ്ടെടുത്തിരുന്നു.

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലാണ് സംഭവം. ഇവിടുത്തെ ഡെപ്യൂട്ടി ജില്ലാ ആരോഗ്യവിദ്യാഭ്യാസ ഓഫീസറായിരുന്ന ടി.സി. ജയരാജിന്റെ സർവ്വീസ് ബുക്ക് 2000 ൽ ഏജീസ് ഓഫീസിലേക്ക് അയച്ചത് തിരിച്ചു കിട്ടിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം അദ്ദേഹത്തിന്റെ വാർഷിക ഇൻക്രിമെൻറ് ഉൾപ്പെടെ ഒരു രേഖയും സർവ്വീസ് ബുക്കിൽ വരുത്തിയില്ല. ആനുകൂല്യങ്ങൾ നല്കിയില്ല.അതിനിടെ ക്യാൻസർ ബാധിച്ച് ജയരാജ് മരിച്ചു. എന്നിട്ടും സർവ്വീസ് ബുക്ക് എടുത്ത് അവസാന രേഖപ്പെടുത്തലുകൾ വരുത്തി ആനുകൂല്യങ്ങൾ നല്കിയില്ല. പെൻഷൻ പ്രഖ്യാപിച്ചില്ല.

ഇതുസംബന്ധിച്ച് നിലമ്പൂർ അഭിഭാഷകൻ ജോർജ് തോമസ് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോഴും ഒന്നാം അപ്പീൽ നല്കിയപ്പോഴും സർവീസ്ബുക്ക് എജിയിൽ നിന്ന് തിരികെ കിട്ടിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കമ്മിഷനെ സമീപിക്കുകയായിരുന്നു.

സർവ്വീസ് ബുക്ക് ഡി എം ഒ ഓഫീസിൽ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് മറുപടി നല്കിയതിൽ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥർ 25000 രൂപ പിഴയൊടുക്കാൻ വിവരാവകാശ കമ്മിഷണർ എ എഹക്കിം ഉത്തരവായി. ഇടുക്കി ഡി എം ഒ ഓഫീസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം.എം.ശിവരാമൻ, എസ്.പ്രസാദ്, സൂപ്രണ്ട് എസ്.ജെ.കവിത,ക്ലാർക്കുമാരായ കെ.ബി.ഗീതുമോൾ, ജെ.രേവതി എന്നിവരാണ് പിഴ ഒടുക്കേണ്ടത്. സെപ്തമ്പർ അഞ്ചിനകം ഇവർ പിഴ ഒടുക്കുന്നില്ലെങ്കിൽ റിക്കവറി നടത്താനും ഉത്തരവുണ്ട്.

error: Content is protected !!