പത്തനംതിട്ട ജില്ലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി

Spread the love

മതപരമായ ചടങ്ങുകളും പരിപാടികളും മുൻകൂട്ടി പോലീസിനെ
അറിയിക്കണം:പത്തനംതിട്ട ജില്ലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി

konnivartha.com/പത്തനംതിട്ട : ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും
നടത്തുന്നവർ പോലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പോലീസ്
മേധാവി വി അജിത്ത് ഐ പി എസ്.

കളമശ്ശേരി ബോംബ്  സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. മതപരമായ
ചടങ്ങുകൾ, കൂടിച്ചേരലുകൾ, ഉത്സവപരിപാടികൾ, മതസംഘടനകൾ
നടത്തുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അതതു പോലീസ് സ്റ്റേഷനിലെ
എസ് എച്ച് ഓമാരെ നേരത്തേ അറിയിക്കണം.

കൺവൻനുകൾ,മതപ്രഭാഷണങ്ങൾ, ആളുകൾ ഒത്തുകൂടുന്ന വിവിധ ചടങ്ങുകൾ തുടങ്ങിയ
എല്ലാ പരിപാടികൾക്കും നിർദേശം ബാധകമാണ്. പോലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ  സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയതായും, പരിശോധനകൾ കർശനമായി തുടരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കളമശ്ശേരി സ്‌ഫോടനം: ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്രം: സ്ഫോടനത്തിൽ മരണം മൂന്നായി 

 

കളമശേരി സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരണമടഞ്ഞു. തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരണം മൂന്നായി .പന്ത്രണ്ടു വയസ്സുകാരി പുലര്‍ച്ചെ ഒന്നോടെ മരിച്ചു

യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു.സ്ഫോടനം നടന്ന സ്ഥലം സമ്പൂർണ്ണമായി നിയന്ത്രണത്തിലാക്കിയ പൊലീസ് , എൻഐഎ എന്നിവർ സ്ഥലത്ത് നിന്ന് നിരവധി തെളിവുകൾ ശേഖരിച്ചു. തുടർന്നാണ് ഡോമിനിക് മാർട്ടിൻ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. താൻ ഇതേ സഭയിൽ അംഗമായിരുന്നുവെന്നും സഭയുമായി ഉണ്ടായ തർക്കങ്ങളെ തുടർന്നാണ് സഭയിൽ നിന്ന് പുറത്തു പോയതെന്നും സ്ഫോടനം നടത്താൻ വസ്തുക്കൾ ഓൺലൈനായി ആണ് വാങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. പ്രതി പാലാരിവട്ടം തമ്മനത്താണ് താമസിച്ചു വരുന്നത്. ഇയാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

പ്രതി മാർട്ടിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം എന്നിവയ്ക്കൊപ്പം യുഎപിഎയും ചുമത്തി. മാർ‌ട്ടിന്റെ പക്കൽ നിന്നും സ്ഫോടനത്തിനുപയോ​ഗിച്ച റിമോട്ട് കണ്ടെത്തി. സ്ഫേടത്തിനായി ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്ന് പൊലീസിന് മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട്. താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നു.

 

കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നൽകാൻ ശ്രമം ഉണ്ടായതായി മുഖ്യമന്ത്രി പറ‍ഞ്ഞു.കേരളത്തിന്റെ നിലപാട് വർ​ഗീയതക്കെതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാകും. ഇന്ന് രാവിലെ പത്തിന് സർവകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

error: Content is protected !!