കേന്ദ്രമന്ത്രിസഭ അറിയിപ്പുകള്‍ ( 29/11/2023)

Spread the love

പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ

അഭിയാന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പ്രധാന്‍ മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് (പിഎം ജെ.എ.എൻ.എം.എ.എൻ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 24,104 കോടി രൂപയാണ് (കേന്ദ്ര വിഹിതം: 15,336 കോടി രൂപയും സംസ്ഥാന വിഹിതം: 8,768 കോടി രൂപയും) പദ്ധതിയുടെ ആകെ ചെലവ്. 9 മന്ത്രാലയങ്ങളിലൂടെ 11 നിര്‍ണ്ണായക ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖുന്തിയില്‍ വച്ച് ജന്‍ജാതിയ ഗൗരവ് ദിവസത്തിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.
”പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ (പി.വി.ടി.ജി) സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്, പ്രധാനമന്ത്രി പി.വി.ടി.ജിയുടെ ഒരു വികസന മിഷന്‍ ആരംഭിക്കും. സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളവും ശുചിത്വവും, ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ്-ടെലികോം ബന്ധിപ്പിക്കല്‍, സുസ്ഥിര ഉപജീവന സാദ്ധ്യതകള്‍ എന്നിവയുടെ മെച്ചപ്പെട്ട പ്രാപ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാല്‍ ഇത് പി.വി.ടി.ജി കുടുംബങ്ങളെയും ആവാസ വ്യവസ്ഥകളെയും പൂർണ്ണമാക്കും. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള വികസന കര്‍മ്മ പദ്ധതിക്ക് (ഡി.എ.പി.എസ്.ടി) കീഴില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ദൗത്യം നടപ്പിലാക്കുന്നതിന് 15,000 കോടി രൂപ ലഭ്യമാക്കും” എന്ന് 2023-24 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 10.45 കോടി എസ്.ടി ജനസംഖ്യയാണുള്ളത്. അതില്‍ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമായുള്ള 75 സമൂഹങ്ങളെ പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളായി (പി.വി.ടി.ജി) തരംതിരിച്ചിട്ടുണ്ട്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ ഈ പി.വി.ടി.ജികള്‍ ദുര്‍ബലരായി തുടരുകയാണ്.

ഗോത്രവര്‍ഗ്ഗകാര്യ മന്ത്രാലയം ഉള്‍പ്പെടെ 9 മന്ത്രാലയങ്ങള്‍ വഴി 11 നിര്‍ണ്ണായക ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പി.എം.-ജെ.എ.എന്‍.എം.എ.എന്‍ (കേന്ദ്ര മേഖലയും കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഉള്‍പ്പെടുന്നത്). അത് താഴെ പറയുന്നു:

സീരിയല്‍ നമ്പര്‍ പ്രവര്‍ത്തനം ഗുണഭോക്താക്കളുടെ എണ്ണം/ലക്ഷ്യം ചെലവ് മാനദണ്ഡങ്ങള്‍
1 പക്ക വീടുകള്‍ക്കുള്ള വ്യവസ്ഥ 4.90 ലക്ഷം 2.39 ലക്ഷം രൂപ/വീട്
 

2

ബന്ധിപ്പിക്കുന്ന റോഡുകള്‍ 8000 കി.മീ. 1.00 കോടി/കി.മീ
3 എ പൈപ്പ് വഴിയുള്ള ജലവിതരണം 4.90 ലക്ഷം എച്ച്.എച്ച്കള്‍ ഉള്‍പ്പെടെ എല്ലാ പി.വി.ടി.ജി ആവാസ വ്യവസ്ഥകളും മിഷനു കീഴില്‍ നിര്‍മ്മിക്കും സ്‌കീമാറ്റിക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച്
3ബി സാമൂഹിക ജലവിതരണം 2500 ഗ്രാമങ്ങള്‍/ 20 എച്ച്.എച്ച്കളില്‍ താഴെ ജനസംഖ്യയുള്ള വാസസ്ഥലങ്ങള്‍ യഥാര്‍ത്ഥ ചെലവ് പ്രകാരം
4. മരുന്നിനൊപ്പമുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ ചെലവ് 1000 (10/ജില്ല 33.88.00 ലക്ഷം രൂപ/എം.എം.യു
5എ. ഹോസ്റ്റലുകളുടെ നിര്‍മ്മാണം 500 2.75 കോടി/ഹോസ്റ്റല്‍
5ബി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യവും വികസനം കാംക്ഷിക്കുന്ന 60 പി.വി.ടി.ജി ബ്ലോക്കുകള്‍ 50 ലക്ഷം രൂപ/ബ്ലോക്ക്
6 അംഗന്‍വാടികേന്ദ്രങ്ങളുടെ നിര്‍മ്മാണം 25 00 12 ലക്ഷം എ.ഡബ്ല്യു.സി.
7 വിവിധോദ്ദേശ കേന്ദ്രങ്ങളുടെ നിര്‍മ്മാണം (എം.പി.സി) 1000 60 ലക്ഷം രൂപ/എ.എന്‍.എം വ്യവസ്ഥയിലെ എം.പി.സിക്കും ഓരോ എം.പി.സിക്കും അംഗന്‍വാടി വര്‍ക്കറേയും ലഭ്യമാക്കുന്നു.
8 എ എച്ച്.എച്ച്കളുടെ ഊര്‍ജ്ജവല്‍ക്കരണം (അവസാനയറ്റം വരെ ബന്ധിപ്പിക്കല്‍) 57000 എച്ച്.എച്ചുകള്‍ 22,500രൂപ/എച്ച്.എച്ച്
8 ബി 0.3 കിലോവാട്ട് സോളാര്‍ ഓഫ് ഗ്രിഡ് സിസ്റ്റത്തിന്റെ വ്യവസ്ഥ – 1,00,000 എച്ച്.എച്ചുകള്‍ 50,000രൂപ/എച്ച്.എച്ച് അല്ലെങ്കില്‍ യഥാര്‍ത്ഥ ചെലവ്.
9 തെരുവുകളിലും എം.പി.സികളിലും സൗരോര്‍ജ്ജ വിളക്കുകള്‍ 1500 യൂണിറ്റുകള്‍ 1,00,000 രൂപ/യൂണിറ്റ്
10 വി.ഡി.വി.കെകളുടെ സജ്ജീകരണം 500 15 ലക്ഷം/വി.ഡി.വി.കെ
11 മൊബൈല്‍ ടവര്‍ സ്ഥാപിക്കല്‍ 3000 ഗ്രാമങ്ങളില്‍ പദ്ധതി മാനദണ്ഡ

പ്രകാരമുള്ള ചെലവ്.

 

മുകളില്‍ സൂചിപ്പിച്ച ഇടപെടലുകള്‍ കൂടാതെ, മറ്റ് മന്ത്രാലയങ്ങളുടെ ഇനിപ്പറയുന്ന ഇടപെടലുകളും മിഷന്റെ ഭാഗമായിട്ടുണ്ടാകും:

  1. ആയുഷ് മന്ത്രാലയം നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആയുഷ് വെൽനസ്സ് സെൻ്ററുകൾ സ്ഥാപിക്കുകയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വഴി പി.വി.ടി.ജി ആവാസകേന്ദ്രങ്ങളിലേക്ക് ആയുഷ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യും.
  1. നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ഈ സമൂഹങ്ങളുടെ കഴിവുകള്‍ക്കനുസൃതമായി പി.വി.ടി.ജി ആവാസ കേന്ദ്രങ്ങള്‍,വിവിധോദ്ദേശ്യ കേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയില്‍ നൈപുണ്യ തൊഴില്‍ പരിശീലന സൗകര്യങ്ങള്‍ ഒരുക്കും.

പതിനാറാം ധനകാര്യ കമ്മീഷന്റെ പരിഗണനാ

വിഷയങ്ങള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ പതിനാറാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ അംഗീകരിച്ചു. ഇവ സമയബന്ധിതമായി വിജ്ഞാപനം ചെയ്യും. ഗവണ്‍മെന്റ് അംഗീകരിച്ചാല്‍, 2026 ഏപ്രില്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തെ കാലയളവിലേക്കുള്ളതായിരിക്കും 16-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതിവരുമാനം വിതരണം ചെയ്യുന്നതിനെക്കുറിച്ചും അത്തരം വരുമാനത്തിന്റെ അതാത് ഓഹരികളുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഹിതം സംബന്ധിച്ചും ശുപാര്‍ശ ചെയ്യുന്നതിനായി ഒരു ധനകാര്യ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള രീതികളാണ് ഭരണഘടനയുടെ 280(1)-ാം വകുപ്പു പറയുന്നത്. കേന്ദ്രത്തിന്റെ ഗ്രാന്റ്-ഇന്‍-എയ്ഡും സംസ്ഥാനങ്ങളുടെ വരുമാനവും ഈ ശുപാര്‍ശാ കാലയളവില്‍ പഞ്ചായത്തുകളുടെ വിഭവങ്ങള്‍ക്ക് അനുബന്ധമായി ആവശ്യമായ നടപടികളും ഇതിലുൾപ്പെടും.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2017 നവംബര്‍ 27-നാണ് രൂപീകരിച്ചത്. 2020 ഏപ്രില്‍ 1 മുതൽ ആറ് വര്‍ഷക്കാലത്തേക്കുള്ള ശുപാര്‍ശകള്‍ കമ്മീഷൻ ഇടക്കാല, അന്തിമ റിപ്പോര്‍ട്ടുകളിലൂടെ സമര്‍പ്പിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ സാധുവാണ്.

പതിനാറാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയ നിബന്ധനകള്‍:

ധനകാര്യ കമ്മീഷന്‍ ഇനിപ്പറയുന്ന വിഷയങ്ങളില്‍ ശുപാര്‍ശകള്‍ നല്‍കും, അതായത്:

ഭരണഘടനയുടെ അദ്ധ്യായം I, ഭാഗം XII പ്രകാരം തമ്മിൽ വിഭജിക്കുന്നതോ അല്ലെങ്കില്‍ വിഭജിക്കാന്‍ ഇടയുള്ളതോ ആയ നികുതികളുടെ അറ്റവരുമാനത്തിന്റെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിതരണം, അത്തരം വരുമാനത്തിന്റെ അതാത് ഓഹരികളുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഹിതം;
ഭരണഘടനയുടെ 275-ാം വകുപ്പു പ്രകാരം സംസ്ഥാനങ്ങളുടെ ഏകീകൃത ഫണ്ടില്‍ നിന്നുള്ള വരുമാനത്തിന്റെ ഗ്രാന്റ്-ഇന്‍-എയ്ഡും അവരുടെ വരുമാനത്തിന്റെ ഗ്രാന്റ്-ഇന്‍-എയ്ഡ് വഴി സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട തുകയും നിയന്ത്രിക്കേണ്ട വ്യവസ്ഥകള്‍ ആ വകുപ്പിലെ അനുഛേദം (1) ൽ വ്യക്തമാക്കിയിട്ടുള്ളതല്ലാത്ത മറ്റ് ആവശ്യങ്ങള്‍ക്കായി; ഒപ്പം,
സംസ്ഥാന ധനകാര്യ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വിഭവങ്ങള്‍ക്ക് അനുബന്ധമായി സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍.

ദുരന്ത നിവാരണ നിയമം, 2005 പ്രകാരം രൂപീകരിച്ച ഫണ്ടുകൾക്കനുബന്ധമായി, ദുരന്ത നിവാരണ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങള്‍ കമ്മീഷന്‍ അവലോകനം ചെയ്യുകയും ഉചിതമായ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും.

2026 ഏപ്രില്‍ 1-ന് ആരംഭിച്ച് അഞ്ച് വർഷം നീളുന്ന കാലയളവിലേക്കുള്ള ശുപാര്‍ശകള്‍ ഉൾപ്പെടുന്ന റിപ്പോര്‍ട്ട്  2025 ഒക്ടോബര്‍ 31-നുള്ളിൽ കമ്മീഷന്‍ തയ്യാറാക്കും.

പശ്ചാത്തലം:

2020-21 മുതല്‍ 2024-25 വരെ നീളുന്ന അഞ്ച് വര്‍ഷക്കാലത്തേക്കുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിനായി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2017 നവംബര്‍ 27ന് രൂപീകരിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദ്യ റിപ്പോര്‍ട്ടും 2021-22 മുതല്‍ 2025-26 വരെയുള്ള വിപുലീകൃത കാലയളവിലേക്കുള്ള അന്തിമ റിപ്പോര്‍ട്ടും എന്നിങ്ങനെ രണ്ട് റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ സമര്‍പ്പിക്കണമെന്ന് കൂട്ടിച്ചേർത്തുകൊണ്ട് 2019 നവംബര്‍ 29ന് 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തു. തല്‍ഫലമായി, 2020-21 മുതല്‍ 2025-26 വരെയുള്ള ആറ് വര്‍ഷത്തേക്ക് 15-ാം ധനകാര്യ കമ്മീഷന്‍ അതിന്റെ ശുപാര്‍ശകള്‍ നല്‍കി.

ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കാന്‍ സാധാരണയായി രണ്ട് വര്‍ഷമെടുക്കും. ഭരണഘടനയുടെ 280-ാം വകുപ്പിലെ അനുഛേദം (1) അനുസരിച്ച്, ഓരോ അഞ്ചു വർഷം കൂടുമ്പോഴോ അതിനുമുമ്പോ ധനകാര്യ കമ്മീഷന്‍ രൂപീകരിക്കണം. എന്നിരുന്നാലും, 15 ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ 2026 മാര്‍ച്ച് 31 വരെയുള്ള ആറ് വര്‍ഷത്തെ കാലയളവ് ഉള്‍ക്കൊള്ളുന്നതിനാലാണ് 16 ാം ധനകാര്യ കമ്മീഷന്‍ ഇപ്പോള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ശുപാര്‍ശകളുടെ കാലയളവിന് മുമ്പുള്ള കാലയളവിലെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനകാര്യങ്ങള്‍ ഉടനടി പരിഗണിക്കാനും വിലയിരുത്താനും ധനകാര്യ കമ്മീഷനെ ഇത് സഹായിക്കും. ഈ സാഹചര്യത്തില്‍ പത്താം ധനകാര്യ കമ്മീഷന്‍ കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം പതിനൊന്നാം ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചതിന്റെ മുന്‍ മാതൃക ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതാണ്. അതുപോലെ, പതിമൂന്നാം ധനകാര്യ കമ്മീഷനു ശേഷം അഞ്ച് വര്‍ഷവും രണ്ട് മാസവും കഴിഞ്ഞാണ് പതിനാലാം ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചത്.

കമ്മീഷന്റെ ഔപചാരികമായ ഭരണഘടന തീരപ്പാക്കുന്നതിനു മുൻപ്, പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി 2022 നവംബര്‍ 21ന് ധനമന്ത്രാലയത്തില്‍ 16-ാം ധനകാര്യ കമ്മീഷന്റെ അഡ്വാൻസ് സെല്‍ രൂപീകരിച്ചു.

അതിനുശേഷം, ധനകാര്യ സെക്രട്ടറി, സെക്രട്ടറി (ചെലവുകള്‍) എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറി (സാമ്പത്തികകാര്യം), സെക്രട്ടറി (റവന്യൂ), സെക്രട്ടറി (സാമ്പത്തിക സേവനങ്ങള്‍), മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, നിതി ആയോഗ് ഉപദേഷ്ടാവ്, അഡീഷണല്‍ സെക്രട്ടറി (ബജറ്റ്) എന്നിവരടങ്ങുന്ന ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. പരിഗണനാ വിഷയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സഹായിക്കുന്നതിനാണ് ഇത്. കൂടിയാലോചനാ പ്രക്രിയയുടെ ഭാഗമായി, സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും (നിയമ നിർമാണ സഭയുള്ള) കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുകയും കൃത്യമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.

 

81.35 കോടി ഗുണഭോക്താക്കൾക്ക് അഞ്ചു വർഷത്തേക്ക്

സൗജന്യ ഭക്ഷ്യധാന്യം നൽകാൻ തീരുമാനിച്ച് കേന്ദ്ര

മന്ത്രിസഭ

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം 81.35 കോടി ഗുണഭോക്താക്കൾക്ക് 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുംവിധം അഞ്ച് വർഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

5 വർഷ കാലയളവിൽ 11.80 ലക്ഷം കോടി രൂപ ചെലവിൽ 81.35 കോടി പേർക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക ക്ഷേമ പദ്ധതികളിൽ ഒന്നായി പിഎംജികെഎയെ ഉൾപ്പെടുത്തുന്ന ചരിത്രപരമായ തീരുമാനമാണിത്.

ജനങ്ങളുടെ അടിസ്ഥാന ഭക്ഷണ – പോഷകാഹാര ആവശ്യകതകൾ നിറവേറ്റുന്നതിലൂടെ കാര്യക്ഷമവും ലക്ഷ്യബോധമുള്ളതുമായ ക്ഷേമത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകടിപ്പിക്കുന്ന കരുത്തുറ്റ പ്രതിബദ്ധതയെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. അമൃതകാലത്തിന്റെ സമയത്ത് ഈ അളവിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് അഭിലാഷകരവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കും.

1.1.2024 മുതൽ 5 വർഷത്തേക്ക് പിഎംജികെഎയ്ക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്, നാടൻ ധാന്യങ്ങൾ/ചെറുധാന്യങ്ങൾ) നൽകുന്നത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും ജനസംഖ്യയിലെ ദരിദ്രരും കരുതൽ ആവശ്യമുള്ളതുമായ വിഭാഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും ചെയ്യും. പൊതു ലോഗോയ്ക്ക് കീഴിലുള്ള 5 ലക്ഷത്തിലധികം ന്യായവില കടകളുടെ ശൃംഖലയിലൂടെ എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണപ്രദേശങ്ങളിലും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനാൽ ഇതിനു രാജ്യവ്യാപകമായി ഏകീകരണമുണ്ടാകും.

ONORC- ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് സംരംഭത്തിന് കീഴിൽ രാജ്യത്തെ ഏത് ന്യായവില കടയിൽ നിന്നും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ സ്വീകരിക്കാൻ ഗുണഭോക്താക്കളെ അനുവദിക്കുന്ന തരത്തിൽ ജീവിതം സുഗമമാക്കാനും ഇതു സഹായിക്കും. ഡിജിറ്റൽ ഇന്ത്യക്കു കീഴിലുള്ള സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്കാരങ്ങളുടെ ഭാഗമായി അവകാശങ്ങളുടെ അന്തർസംസ്ഥാന പോർട്ടബിലിറ്റി സുഗമമാക്കുന്ന ഈ സംരംഭം കുടിയേറിപ്പാർക്കുന്നവർക്കും വളരെയധികം പ്രയോജനകരമാണ്. സൗജന്യ ഭക്ഷ്യധാന്യങ്ങൾ ഒരേസമയം രാജ്യത്തുടനീളം ‌‌‌ഒരു രാഷ്ട്രം ഒരു റേഷൻ കാർഡിന് (ONORC) കീഴിൽ ഏകീകൃതമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുകയും ആവശ്യാനുസരണമുള്ള തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.

പി‌എം‌ജി‌കെ‌എയ്ക്ക് കീഴിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് അഞ്ച് വർഷത്തേക്കുള്ള ഏകദേശ ഭക്ഷ്യ സബ്‌സിഡി 11.80 ലക്ഷം കോടി രൂപയാണ്. ലക്ഷ്യമിടുന്ന ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് പിഎംജികെഎയ്ക്ക് കീഴിൽ ഭക്ഷ്യ സബ്‌സിഡിയായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 11.80 ലക്ഷം കോടി രൂപ കേന്ദ്രം ചെലവഴിക്കും.

2024 ജനുവരി 1 മുതൽ അഞ്ച് വർഷത്തേക്ക് പിഎംജികെഎയ്ക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് ഭക്ഷ്യ – പോഷകാഹാര സുരക്ഷയെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘകാല പ്രതിബദ്ധതയെയും കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നു. സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് സമൂഹത്തിലെ കരുതൽവേണ്ട വിഭാഗങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ സുസ്ഥിരമായ രീതിയിൽ ലഘൂകരിക്കുകയും ഗുണഭോക്താക്കൾക്ക് ചെലവേതുമില്ലാതെ ദീർഘകാല വിലനിർണയ തന്ത്രം ഉറപ്പാക്കുകയും ചെയ്യും.

ഉദാഹരണമായി, അന്ത്യോദയ കുടുംബത്തിന് 35 കിലോ അരിയുടെ സാമ്പത്തിക ചെലവ് 1371 രൂപയും, 35 കിലോ ഗോതമ്പിന്റെ വില 946 രൂപയുമാണ്. ഇത് PMGKAY പ്രകാരം ഇന്ത്യാഗവണ്മെന്റ് വഹിക്കുന്നു. കൂടാതെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ പൂർണമായും സൗജന്യമായി നൽകുന്നു. അതിനാൽ, സൗജന്യ ഭക്ഷ്യധാന്യത്തിന്റെ പേരിൽ റേഷൻ കാർഡ് ഉടമകൾക്കുണ്ടാകുന്ന പ്രതിമാസ നീക്കിയിരിപ്പ് വളരെ പ്രധാനമാണ്.

മതിയായ അളവിൽ ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയിലൂടെ അവർക്ക് ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കുന്നതിലൂടെ മാന്യമായ ജീവിതം നൽകുന്നതിന് ഇന്ത്യൻ ഗവൺമെന്റിന് രാജ്യത്തെ ജനങ്ങളോട് പ്രതിബദ്ധതയുണ്ട്. പിഎംജികെഎവൈയുടെ കീഴിൽ വരുന്ന 81.35 കോടി ജനങ്ങളോടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിബദ്ധത നിറവേറ്റുന്നതിന് ഈ പദ്ധതി സഹായകമാകും.

ഗുണഭോക്താക്കളുടെ ക്ഷേമവും, ലക്ഷ്യമിടുന്ന ജനസംഖ്യയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, താങ്ങാനാകുന്ന വില, ലഭ്യത എന്നിവയും കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനങ്ങളിലുടനീളം ഏകീകൃതത നിലനിർത്തുന്നതിനുമായാണ്  പിഎംജികെഎയ്ക്ക് കീഴിൽ അഞ്ച് വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് തുടരാൻ തീരുമാനിച്ചത്.

രാജ്യത്തെ ഭക്ഷ്യ-പോഷകാഹാര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അർപ്പണബോധവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ തീരുമാനമാണിത്.

 

 

ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ക്കായുള്ള

കേന്ദ്രാവിഷ്‌കൃത പദ്ധതി മൂന്ന് വർഷം കൂടി

തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികൾ (എഫ്.ടി.എസ്.സി) ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി 2023 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1952.23 കോടി രൂപ ചെലവുവരുന്ന ഇതിന്റെ കേന്ദ്ര വിഹിതം 1207.24 കോടി രൂപയും സംസ്ഥാന വിഹിതം 744.99 കോടി രൂപയുമായിരിക്കും. നിര്‍ഭയ ഫണ്ടില്‍ നിന്നായിരിക്കും കേന്ദ്ര വിഹിതം നല്‍കുക. 2019 ഒക്‌ടോബര്‍ 2നാണ് പദ്ധതിക്ക് തുടക്കം, കുറിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഗവൺമെൻ്റ്  നൽകുന്ന അചഞ്ചലമായ മുന്‍ഗണന ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പരിപാടി പോലുള്ള നിരവധി പദ്ധതികളിലൂടെ പ്രകടമാണ്. പെണ്‍കുട്ടികളേയും സ്ത്രീകളേയും ബലാത്സംഗം ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്തില്‍ ആഴത്തിലുള്ള ആഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും കുറ്റവാളികളുടെ വിചാരണ നീണ്ടുപോകുകയും ചെയ്യുന്നതിനാല്‍ വിചാരണ വേഗത്തിലാക്കാനും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഉടനടി ആശ്വാസം നല്‍കാനും കാര്യശേഷിയുള്ള ഒരു സമര്‍പ്പിത കോടതി സംവിധാനം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഫലമായി, ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷയടക്കമുള്ള കര്‍ശനമായ ശിക്ഷകള്‍ ഉള്‍പ്പെടുന്നതും, ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ (എഫ്.ടി.എസ്.സി) സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നതുമായ ”ദി ക്രിമിനല്‍ ലോ (ഭേദഗതി) നിയമം 2018” കേന്ദ്ര ഗവണ്‍മെന്റ് നിര്‍മ്മിച്ചു.
ലൈംഗീക കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ചട്ടക്കൂട് ശക്തമാക്കുന്നതിനോടൊപ്പം ഇരകള്‍ക്ക് വേഗം സമാശ്വാസം നല്‍കുന്നതിനായി അതിവേഗത്തിലുള്ള നീതി വിതരണവും പ്രതീക്ഷിക്കുന്ന സമര്‍പ്പിത കോടതികളായി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ് എഫ്.ടി.എസ്.സികള്‍.
ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും (പോക്‌സോ നിയമം) എഫ്.ടി.എസ്.സികള്‍ സ്ഥാപിക്കുന്നതിനായി, 2019 ഓഗസ്റ്റിൽ കേന്ദ്ര ഗവണ്‍മെന്റ് ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് രൂപം നല്‍കി. 2019 ജൂലൈ 25-ലെ സ്വമേധയായുള്ള റിട്ട് പെറ്റീഷന്‍ (ക്രിമിനല്‍) നമ്പര്‍.1/2019ലെ, സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് 100-ലധികം പോക്‌സോ നിയമ കേസുകളുള്ള ജില്ലകള്‍ക്കായി പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കാനുള്ള പദ്ധതി നിര്‍ബന്ധിതമാക്കി. തുടക്കത്തില്‍ 2019 ഒകേ്ടാബർ മുതല്‍ ഒരു വര്‍ഷത്തേക്ക് ആരംഭിച്ച പദ്ധതി, പിന്നീട് 2023 മാര്‍ച്ച് 31വരെ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. ഇപ്പോള്‍, 1952.23 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2026 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുകയാണ്. ഇതില്‍ കേന്ദ്ര വിഹിതം നിര്‍ഭയ ഫണ്ടില്‍ നിന്നും ലഭ്യമാക്കും.

നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ നീതിന്യായ വകുപ്പ് നടപ്പിലാക്കുന്ന എഫ്.ടി.എസ്.സികളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതി രാജ്യത്തുടനീളം എഫ്.ടി.എസ്.സികള്‍ സ്ഥാപിക്കുന്നതിനും ബലാത്സംഗം, പോക്‌സോ ആക്ട് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് വേഗത്തിലുള്ള തീർപ്പ് ഉറപ്പാക്കുന്നതിനും സംസ്ഥാന ഗവണ്‍മെന്റിന്റെ വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മുപ്പത് സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ പദ്ധതിയുമായി പങ്കുചേര്‍ന്നുകൊണ്ട് പോക്‌സോ കേസുകള്‍ക്ക് മാത്രമുള്ള 414 കോടതികള്‍ ഉള്‍പ്പെടെ 761 എഫ്.ടി.എസ്.സികള്‍ പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് 1,95,000 കേസുകള്‍ പരിഹരിച്ചു. ഒറ്റപ്പെട്ടതും അതിവിദൂരമായതുമുള്‍പ്പെടെയുള്ള പ്രദേശങ്ങളിൽപ്പോലും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് കൃത്യസമയത്ത് നീതി ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ശ്രമങ്ങളെ ഈ കോടതികള്‍ പിന്തുണയ്ക്കുന്നു.

പദ്ധതിയിൽനിന്നും പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ഇവയാണ്:
-ലൈംഗിക ലിംഗഭേദാടിസ്ഥാന അതിക്രമം അവസാനിപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുക.
-തീര്‍പ്പാക്കാത്ത ബലാത്സംഗ, പോക്‌സോ നിയമ കേസുകള്‍ ഗണ്യമായി കുറച്ച്, നീതിന്യായ വ്യവസ്ഥയുടെ ഭാരം ഒഴിവാക്കുക.
-മെച്ചപ്പെട്ട സൗകര്യങ്ങളിലൂടെയും ത്വരിതഗതിയിലുള്ള വിചാരണകളിലൂടെയും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേഗത്തിൽ നീതി ഉറപ്പാക്കുക.
-കൈകാര്യം ചെയ്യാവുന്ന സംഖ്യയിലേക്ക് കേസുകളുടെ എണ്ണം കുറയ്ക്കുക.

 

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ

നൽകുന്നതിനുള്ള കേന്ദ്ര മേഖലാ പദ്ധതിക്ക്

കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വനിതാ സ്വയംസഹായ സംഘങ്ങൾക്ക് (എസ്എച്ച്ജി) ഡ്രോണുകൾ നൽകുന്നതിനുള്ള കേന്ദ്ര മേഖലാ പദ്ധതിക്ക് അംഗീകാരം നൽകി. ഇതിനായി 2024-25 മുതൽ 2025-26 വരെയുള്ള കാലയളവിൽ 1261 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2023-24 മുതൽ 2025-2026 വരെയുള്ള കാലയളവിൽ തിരഞ്ഞെടുത്ത 15,000 വനിതാ സ്വയംസഹായസംഘങ്ങൾക്ക് കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് വാടക സേവനങ്ങൾ നൽകുന്നതിന് ഡ്രോണുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, വനിതാ സ്വയംസഹായസംഘങ്ങളെ (എസ്എച്ച്ജി) ശാക്തീകരിക്കാനും കാർഷിക മേഖലയിൽ ഡ്രോൺ സേവനങ്ങളിലൂടെ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു:

1.കൃഷി കർഷക ക്ഷേമ വകുപ്പ് (DA&FW), ഗ്രാമവികസന വകുപ്പ് (DoRD, രാസവള വകുപ്പ് (DoF),വനിതാ സ്വയംസഹായ സംഘങ്ങൾ, മുൻനിര രാസവളം കമ്പനികൾ (LFCs)എന്നിവയുടെ വിഭവങ്ങളും പരിശ്രമങ്ങളും സംയോജിപ്പിച്ച് സമഗ്രമായ ഇടപെടലുകൾക്ക് പദ്ധതി അംഗീകാരം നൽകുന്നു.

2. ഡ്രോണുകളുടെ ഉപയോഗം സാമ്പത്തികമായി പ്രായോഗികവും ഉചിതവുമായ വിഭാഗങ്ങൾ കണ്ടെത്തുകയും വിവിധ സംസ്ഥാനങ്ങളിലെ 15,000 വനിതാ സ്വയംസഹായസംഘങ്ങളെ  ഡ്രോണുകൾ നൽകുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്യും.

3. ഡ്രോണുകളുടെ വിലയുടെ 80 ശതമാനം കേന്ദ്ര ധനസഹായമായി  വനിതാ സ്വയം സഹായ സംഘങ്ങൾക്ക് നൽകും.  ആക്സസറികൾ/അനുബന്ധ ചാർജുകൾ അടക്കം പരമാവധി എട്ടു ലക്ഷം രൂപയാണു നൽകുക. ദേശീയ കാർഷ‌ിക ഇൻഫ്രാ ഫിനാൻസിംഗ് ഫെസിലിറ്റിക്ക് (എഐഎഫ്) കീഴിലുള്ള വായ്പയായി എസ്എച്ച്ജികളുടെ ക്ലസ്റ്റർ ലെവൽ ഫെഡറേഷന് (സിഎൽഎഫ്) ബാക്കി തുക (സബ്‌സിഡി കുറച്ചുള്ള സംഭരണത്തിന്റെ ആകെ ചെലവ്) ഉയർത്താം. AIF വായ്പയ്ക്ക് 3% പലിശയിളവ് നൽകും.

4. മികച്ച യോഗ്യതയുള്ള, 18 വയസും അതിൽ കൂടുതലുമുള്ള വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളിൽ ഒരാളെ എസ്ആർഎൽഎം, എൽഎഫ്‌സികൾ 15 ദിവസത്തെ പരിശീലനത്തിനായി തിരഞ്ഞെടുക്കും. അതിൽ 5 ദിവസത്തെ നിർബന്ധിത ഡ്രോൺ പൈലറ്റ് പരിശീലനവും പോഷക, കീടനാശിനി പ്രയോഗത്തിന്റെ കാർഷിക ആവശ്യത്തിനായി 10 ദിവസത്തെ അധിക പരിശീലനവും ഉൾപ്പെടും

5. ഇലക്ട്രിക്കൽ സാധനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഫിറ്റിംഗ്, മെക്കാനിക്കൽ ജോലികൾ എന്നിവ ഏറ്റെടുക്കാൻ താൽപ്പര്യമുള്ള എസ്എച്ച്ജിയിലെ മറ്റ് അംഗത്തെ/കുടുംബാംഗത്തെ  ഡ്രോൺ ടെക്നീഷ്യൻ/അസിസ്റ്റന്റ് ആയി, പരിശീലിപ്പിക്കുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനും (എസ്ആർഎൽഎം) LFC-യും തിരഞ്ഞെടുക്കും.  ഡ്രോണുകളുടെ വിതരണത്തിനൊപ്പം ഈ പരിശീലനം ഒരു പാക്കേജായി നൽകും.  ഡ്രോൺ കമ്പനികൾ വഴി ഡ്രോണുകൾ വാങ്ങുന്നതിനും ഡ്രോണുകളുടെ അറ്റകുറ്റപ്പണികൾക്കും എസ്എച്ച്ജികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ, ഡ്രോൺ വിതരണ കമ്പനികളും എസ്എച്ച്ജികളും തമ്മിലുള്ള പാലമായി എൽഎഫ്‌സികൾ പ്രവർത്തിക്കും.

6. എൽഎഫ്‌സികൾ നാനോ യൂറിയ, നാനോ ഡിഎപി തുടങ്ങിയ നാനോ രാസവളങ്ങളുടെ ഉപയോഗം സ്വയംസഹായ സംഘങ്ങൾക്കൊപ്പമുള്ള ഡ്രോണുകളിലൂടെ പ്രോത്സാഹിപ്പിക്കും.  നാനോ വളത്തിനും കീടനാശിനി പ്രയോഗത്തിനുമായി കർഷകർക്ക് ഡ്രോൺ സേവനങ്ങൾ എസ്എച്ച്ജികൾ വാടകയ്ക്ക് നൽകും.

 

ഈ പദ്ധതിക്ക് കീഴിലുള്ള അംഗീകൃത സംരംഭങ്ങൾ 15,000 സ്വയംസഹായ സംഘങ്ങൾക്ക് സുസ്ഥിരമായ ബിസിനസ്സും ഉപജീവന പിന്തുണയും നൽ കുമെന്നും അവർക്ക് പ്രതിവർഷം കുറഞ്ഞത് ഒരു ലക്ഷം രൂപ അധിക വരുമാനം നേടാൻ കഴിയുമെന്നും വിഭാവനം ചെയ്യുന്നു.

മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും വിളവ് വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ പ്രയോജനത്തിനായി പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമായി കാർഷിക മേഖലയിൽ നൂതന സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും.

 

 

 

error: Content is protected !!