Trending Now

വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടത് സര്‍ഗാത്മകഅഭിരുചികളാവണം : ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

 

വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടതു സര്‍ഗാത്മകഅഭിരുചികളാവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനഎക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ അടൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ഒരു ചുവര്‍ ചിത്രം ജില്ലാതല മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരിയെന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്കു, പ്രത്യേകിച്ചു യുവജനങ്ങള്‍ക്ക് അവബോധം നല്‍കാനായി നിരവധി കാമ്പയിനുകളാണ് സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ചുവരുന്നത്. വളര്‍ന്നുവരുന്ന യുവാക്കളാണ് നാടിന്റെ സമ്പത്ത്. നാടിന്റെ പുരോഗതിക്ക് ആവശ്യം വ്യക്തിത്വവികസനമാണ്. വിദ്യാര്‍ഥികള്‍ അവരുടെ കല-കായിക സാംസ്‌കാരികരംഗങ്ങളിലുള്ള അഭിരുചികള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. ശരിയായ മാര്‍ഗത്തിലൂടെ അറിവുകള്‍ നേടാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.

എസ് വിജിവി കിടങ്ങന്നൂര്‍, എസ്എന്‍വി എച്ച്എസ്എസ് തിരുമൂലപുരം, മൗണ്ട് ബഥാനി എച്ച്എസ്എസ് മൈലപ്ര, കെ ആര്‍ പി എം എച്ച്എസ്എസ് സീതത്തോട്, ജിഎച്ച്എസ് എസ് മാരൂര്‍, എന്‍എസ്എസ് എച്ച്എസ്എസ് കുന്നന്താനം, കിസിമം ജിഎച്ച്എസ്എസ് റാന്നി എന്നീ ഏഴു സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ചുവര്‍ ചിത്രം മത്സരത്തില്‍ പങ്കെടുത്തത്.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം ശരത് കുമാര്‍, ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി എ സലിം, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീയ്ക്കല്‍, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ഇന്‍ചാര്‍ജ്ജ് എസ്. ഷാജി, അടൂര്‍ എഇഒ സീമാദാസ്, പ്രശസ്ത മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സതീഷ് പറക്കോട്, അഡ്വ. കെ. ബി. രാജശേഖരകുറുപ്പ്, സജി വര്‍ഗ്ഗീസ്, സന്തോഷ് റാണി, എ അയൂബ്ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!