
konnivartha.com: പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഹാരിഫ് എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 30-ന് വൈകിട്ടാണ് പുനലൂർ- മൂവാറ്റുപുഴ റോഡിൽ മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ ദേഹത്തുണ്ടായിരുന്ന എട്ട് പവന്റെ സ്വര്‍ണമാലയും, പണവും, കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയിരുന്നു.
കവർച്ച ലക്ഷ്യമിട്ടുള്ള കൊലപാതകമാണെന്ന നിഗമനത്തിൽ അന്ന് തന്നെ പോലീസ് എത്തിയിരുന്നു. ഇതോടെ സമീപത്തെ കടയിലേയും തിരക്കേറിയ റോഡിൽ കൂടി സംഭവ സമയം കടന്നുപോയ 40ലധികം ബസുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സൂചനകളാണ് തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഓട്ടോഡ്രൈവർ ഹാരിഫ് എന്നിവരിലേക്ക് എത്താൻ സഹായകരമായത്. തെങ്കാശിയിൽ നിന്നാണ് മുരുകനെയും ബാലസുബ്രമണ്യനെയും പിടികൂടിയത്.കസ്റ്റഡിയിലായ മൂവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹാരിഫിനെതിരെ മുൻപ് നിരവധി കേസുകൾ റജിസ്‌റ്റർ ചെയ്തിട്ടുണ്ട്. നിരവധിത്തവണ ഇയാൾ ജയിലിലും കിടന്നിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് മൂവരും പരിചയപ്പെട്ടതെന്ന് പോലീസ് പറയുന്നു. കവര്‍ച്ച ലക്ഷ്യമിട്ടുതന്നെയാണ് പ്രതികള്‍ വ്യാപാരിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവം നടന്ന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.
കടയ്ക്കുള്ളിലെ മുറിയില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലാൻ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തിരുന്നു. ഡിസംബര്‍ 30-ന് വൈകീട്ട് അഞ്ചുമണിയോടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആള്‍, ജോര്‍ജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.