
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (78) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. ആനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടുവളപ്പിൽ കൂവ വിളവെടുക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
നേര്യമംഗലത്തിന് സമീപം വനമേഖലയിൽ നിന്ന് 5 കിലോ മീറ്റർ മാത്രം അകലെയുള്ള സ്ഥലമാണ് കാഞ്ഞിരവേലി. കാട്ടാനകളുടെ സ്ഥിരം താവളമാണിവിടെ.
ഇടുക്കി മൂന്നാറിൽ ഫെബ്രുവരി 26ന് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (38) ആണ് മരിച്ചത്. മണിയുടെ വീടിന് സമീപത്തുവെച്ചാണ് ആന ആക്രമിച്ചത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും വീണ സുരേഷ് കുമാറിനെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു.