Trending Now

ഉല്ലാസയാത്ര: മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹം കണ്ടെത്തി

Spread the love

 

മഹാരാഷ്ട്രയിലെ പുണെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.പുണെ സയ്യിദ്‌നഗറിലെ ഒന്‍പതുവയസ്സുകാരി മറിയ അന്‍സാരിയുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസ്സുകാരന്‍ അദ്‌നാന്‍ അന്‍സാരിക്കായി തിരച്ചില്‍ തുടരുകയാണ്.

വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബം അപ്രതീക്ഷിതമായുണ്ടായ    മലവെള്ളപ്പാച്ചിലില്‍പ്പെടുകയായിരുന്നു.ഒഴുക്കില്‍പ്പെട്ടവരില്‍ ഒരു യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി.പുണെ സയ്യിദ് നഗറിലെ ഷാഹിസ്ത ലിയാഖത്ത് അന്‍സാരി(36), അമിമ ആദില്‍ അന്‍സാരി(13), ഹുമേറ ആദില്‍ അന്‍സാരി(എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച തിരച്ചിലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടുകുട്ടികളെ കൂടി കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലിനിറങ്ങുകയായിരുന്നു.

 

17 പേരടങ്ങുന്ന സംഘം സയ്യിദ്‌നഗറില്‍നിന്ന് ബസ്സിലാണ് ബുഷി ഡാമിലെത്തിയത്. തുടര്‍ന്ന് സമീപത്തെ വെള്ളച്ചാട്ടം കാണാനായി പോയി. ചിലര്‍ വെള്ളച്ചാട്ടത്തിലിറങ്ങി. ഇതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അപ്രതീക്ഷിതമായ വെള്ളം ഇരച്ചെത്തിയതോടെ കുടുംബം ഒരു പാറയ്ക്ക് മുകളില്‍ കുടുങ്ങിപ്പോയി. ഒഴുകിപ്പോകാതിരിക്കാനായി ഇവര്‍ പരസ്പരം കൈകള്‍ ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും രക്ഷപ്പെടാനായില്ല. കുട്ടികളടക്കം കുടുംബത്തിലെ ഏഴുപേരാണ് ഒഴുക്കില്‍പ്പെട്ടത്.

error: Content is protected !!