Trending Now

പത്തനംതിട്ട :പ്രധാന അറിയിപ്പുകള്‍ ( 04/03/2025 )

Spread the love

മന്ത്രി ഒ ആര്‍ കേളുവിനെ സന്ദര്‍ശിച്ച് ഊരുമൂപ്പന്മാര്‍

ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലെ മൂപ്പന്മാര്‍ പട്ടികവര്‍ഗ വികസന വകുപ്പ്  മന്ത്രി ഒ ആര്‍ കേളുവിനെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ സന്ദര്‍ശിച്ചു. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാര്‍ മന്ത്രിയുമായി പങ്കിട്ടു. വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ കൃഷിഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രമോദ് നാരായണ്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു. നിയമസഭയും സന്ദര്‍ശിച്ചാണ് ഊരു മൂപ്പന്മാര്‍ മടങ്ങിയത്.

സീതത്തോട് പാലം ഉദ്ഘാടനം (മാര്‍ച്ച് അഞ്ച്)

മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം    (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി റിവര്‍ എത്നോ ഹബ്  നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
കെ യു ജനിഷ് കുമാര്‍ അധ്യക്ഷനാകും. ഡോ. ജോസഫ് മാര്‍ ഇവനിയോസ് തിരുമേനിക്ക് ജ•നാടിന്റെ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ലൈഫ് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 170 വീടുകള്‍ക്ക് ടോയ്ലറ്റ് നിര്‍മിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും സീതത്തോട് പഞ്ചായത്തും സംയുക്തമായി നല്‍കുന്ന തുക പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് വിതരണം ചെയ്യും .

പാലം നിര്‍മാണത്തിന്റ ഒന്നാം ഘട്ട ജോലി റെക്കോഡ് വേഗത്തില്‍ ആണ് പൂര്‍ത്തീകരിച്ചത്.  രണ്ടാംഘട്ടത്തില്‍ അപ്രോച് റോഡ് , റീറ്റൈനിങ് വാള്‍ , അപ്രോച്ച് റോഡിന്റെ ഉള്‍വശത്ത് മണ്ണ് നിറയ്ക്കല്‍ എന്നിവയും  പൂര്‍ത്തീകരിച്ചു.  പാലത്തിന്റെ അപ്രോച്ച് റോഡുകള്‍  ഉന്നത നിലവാരത്തില്‍ ബിഎംബിസി സാങ്കേതികവിദ്യയില്‍ ആണ് ടാര്‍ ചെയ്തത്. അപ്രോച്ച് റോഡിന്റെ മണ്ണ് നിറയ്ക്കല്‍ പൂര്‍ത്തിയായതോടെ രണ്ടു തട്ടുകളായി നിന്നിരുന്ന  സീതത്തോട്- ആങ്ങമൂഴി റോഡും  സീതത്തോട്- ഗുരുനാഥന്‍മണ്ണ് റോഡും  ഒരേ നിരപ്പിലെത്തി. പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും  യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡില്‍ നിന്നും  നിര്‍മിച്ചു നല്‍കി.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂണിഫോം വിതരണം

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ നിര്‍വഹിച്ചു.
വേസ്റ്റ് ബിന്‍,  ടാര്‍പ്പ എന്നിവയും വിതരണം ചെയ്തു. ഗ്രാമസഭയില്‍ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താകള്‍ക്കാണ് വേസ്റ്റ് ബിന്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ ഗ്ലൗസ് ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഹരിത കര്‍മ സേനയ്ക്ക് നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ സേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ലാപ്ടോപ് വിതരണം ചെയ്തു

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ എസ് സി വിദ്യാര്‍ഥികള്‍
ക്കുള്ള ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം  പ്രസിഡന്റ്  ടി വിപുഷ്പവല്ലി നിര്‍വഹിച്ചു. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 10,00000 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാര്‍ഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ്. ബിരുദം, ബിരുദാനന്തര ബിരുദധാരികളായ  20 പേര്‍ക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് മിനി എബ്രഹാം അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാന്‍ ഹുസൈന്‍, ആശാ സജി, , സിന്ധു സുദര്‍ശന്‍, കെ പ്രസന്ന, അരുണ്‍, രമാ സുരേഷ്, അജിത, സുഭാഷിണി, എസ് ബിന്ദു എന്നിവര്‍ പങ്കെടുത്തു.




ഹബ് ആന്റ് സ്‌പോക്ക് ലാബ് ഉദ്ഘാടനം

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹബ് ആന്റ് സ്‌പോക്ക് ലാബ് (നിര്‍ണ്ണയ മോഡല്‍) ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഏനാദിമംഗലം സാമൂഹികരോഗ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി മണിയമ്മ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സരസ്വതി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍,  ഏനാദിമംഗലം സാമൂഹികരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജി സുചിത്ര, പറക്കോട് ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏനാദിമംഗലം സാമൂഹികരോഗ്യകേന്ദ്രം ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കളളുഷാപ്പ് ഓണ്‍ലൈന്‍ വില്‍പ്പന മാര്‍ച്ച് ഏഴിന്

വില്‍പ്പനയില്‍ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന്  തിരുവല്ല റേഞ്ചിലെ മൂന്ന്, നാല് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന മാര്‍ച്ച് ഏഴിന്. വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് ഇന്ന് (മാര്‍ച്ച് 5) ഓണ്‍ലൈനായി അപേക്ഷിക്കാം. റേഞ്ച്/ഗ്രൂപ്പുകളുടെ പുതുക്കിയ റെന്റല്‍, അഡീഷണല്‍ റെന്റല്‍ എന്നിവ നല്‍കണം. ഫോണ്‍  0468 2222873,  ഇ-മെയില്‍ : [email protected]

സെക്യൂരിറ്റി നിയമനം

കോന്നി താലൂക്കാശുപത്രിയിലേക്ക്  സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക് രണ്ടുപേരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 11ന് രാവിലെ  10.30 ന് മുമ്പ്  സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം.  പ്രായപരിധി 30-50. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2243469.

സൗജന്യ തൊഴില്‍മേള

ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ്  മാര്‍ക്കറ്റിംഗ്, ടെക്‌നിക്കല്‍, ഓഫീസ്  അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ നിന്നുള്ള 40 ല്‍ പരം കമ്പനികള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, ബി ടെക്, എം.ബി.എ, എംസിഎ, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. രജിസ്‌ട്രേഷന്  bit.ly/DEEPTA , ഫോണ്‍ :0468-2222745, 9048784232, 6282540799

താലൂക്ക് വികസന സമിതി യോഗം

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മാത്യൂ ജി ഡാനിയേല്‍ അധ്യക്ഷനായി. താലൂക്ക് പരിധിയിലെ കടകളില്‍ പഴകിയ മത്സ്യം, കോഴി ഇറച്ചി എന്നിവ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.  കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.കെ നൗഷാദ്, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



പ്രൊജക്ട് മാനേജര്‍ കം എഞ്ചിനീയര്‍ നിയമനം

ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ കം എഞ്ചിനീയര്‍ തസ്തികയിലേക്ക് ഒരുവര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കെപിഡബ്ല്യൂഡി /ഡബ്ല്യൂആര്‍ഡി/ സിപിഡബ്ല്യൂഡി വകുപ്പുകളില്‍ നിന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ /സമാന തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ ആയിരിക്കണം. പ്രായം 56-60 നും മധ്യേ. 15 ദിവസത്തിനകം പ്രായം, യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം ജില്ലാ കലക്ടര്‍ മുമ്പാകെ അപേക്ഷിക്കണം. ഫോണ്‍ : 0468 2 222515.

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ആവശ്യമുളള ഇലക്ട്രോഡ് വിതരണ ചെയ്യുന്നതിന് ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 0468 2214108.

error: Content is protected !!