വിഷു കാഴ്ച ഒരുക്കി :കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും

konnivartha.com: കേരള സംസ്ഥാനത്തിന്‍റെ  ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു .കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും കാഴ്ച്ചയുടെ വസന്തം ഒരുക്കി മുടങ്ങാതെ പൂത്തു .

 

കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത്‌ മാത്രമാണ് ആണ് ഏക കണിക്കൊന്ന ഉള്ളത് . ഏതാനും ദിവസം മുന്നേ ഈ കണിക്കൊന്ന വിഷുവിന്‍റെ വരവറിയിച്ചു പൂത്തു . ഏതാനും വര്‍ഷമായി ഈ കണിക്കൊന്ന നിറയെ പൂവിടുന്നു . വില്ലേജ് ഓഫീസില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ജീവനക്കാരനാണ് കണിക്കൊന്നയുടെ തൈ ഇവിടെ വെച്ചത് . കോന്നി ടൌണ്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പോകുന്നവര്‍ക്ക് ഈ കണിക്കൊന്ന വിഷു കാഴ്ച ഒരുക്കി .

കെ എസ് ടി പി റോഡ്‌ വികസനത്തിന്‌ മുന്നേ കോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ തണല്‍ ഒരുക്കിയ വാകമരം ഉണ്ടായിരുന്നു . നിറയെ പൂക്കള്‍ വിരിഞ്ഞിരുന്നു .റോഡ്‌ വികസനവുമായി ബന്ധപ്പെട്ട് റോഡ്‌ സൈഡിലെ മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റിയിരുന്നു . മുന്‍പ് മാര്‍ക്കറ്റ് ഭാഗത്തെ പുളിമരമായിരുന്നു കോന്നിയുടെ കയ്യൊപ്പ് ചാര്‍ത്തി നിന്നിരുന്നത് .

റോഡുകള്‍ക്ക് ഇരു വശവും തണല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കണം എന്ന് ആവശ്യം ഉയര്‍ന്നു എങ്കിലും നടപടി ഉണ്ടായില്ല . ചൂട് കാലത്ത് റോഡു ചുട്ടു പൊള്ളുമ്പോള്‍ തണല്‍ മരങ്ങള്‍ ഉണ്ടെങ്കില്‍ ആശ്വാസകരം ആണ് .

വര്‍ഷത്തില്‍ രണ്ടുതവണയാണ് കണിക്കൊന്ന പൂവിടുക. മാര്‍ച്ച്–ഏപ്രില്‍ മാസമാണ് ഒന്നാമത്തെ പൂക്കാലം. രണ്ടാമതായി ഒക്ടോബറിലും പൂക്കാറുണ്ട്. ഇലകളെല്ലാം കൊഴിഞ്ഞുപോയ മരത്തില്‍ മഞ്ഞപ്പൂക്കള്‍മാത്രമായി നിറഞ്ഞുനില്‍ക്കുന്നത് കൂടുതലും ഏപ്രില്‍മാസത്തിലാണ്. നേരിയ മണമുള്ള പൂങ്കുലകള്‍ക്ക് 50 സെ. മീ. വരെ നീളമുണ്ടാകും.

കണിക്കൊന്നയുടെ പൂക്കള്‍ ഔഷധഗുണമുള്ളവയാണ്. പൂക്കള്‍ക്ക് മഞ്ഞനിറം നല്‍കുന്നത് സാന്തോഫില്ലുകള്‍ ആണ്. ‘വയോളാക്സാന്തിന്‍’ എന്ന വര്‍ണഘടകമാണ് പൂക്കളില്‍ കൂടുതലായുള്ളത്. നിറം കൊടുക്കുന്നതോടൊപ്പം ഇലകളിലൂടെയുള്ള ജലനഷ്ടത്തിന് കാരണമാകുന്ന സുഷിരങ്ങളെ തല്‍ക്കാലമായി അടച്ചുവയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളുടെ നിര്‍മാണത്തിനും വയോളാക്സാന്തിന്‍ മുഖ്യപങ്ക് വഹിക്കാറുണ്ട്. ഫോട്ടോ ഓക്സിഡേഷന്‍മൂലമുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് സസ്യത്തെ സംരക്ഷിക്കാനും വയോളാക്സാന്തിന് കഴിയാറുണ്ട്.

പൂങ്കുലയില്‍ ഏറ്റവും താഴെയുള്ള പുഷ്പമാണ് ആദ്യം വിരിയുക. ഓരോ പൂവിനും പച്ചകലര്‍ന്ന മഞ്ഞനിറമുള്ള അഞ്ചു ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള അഞ്ചു ദളങ്ങളും ഉണ്ട്. കേസരങ്ങളുടെ നിറം മഞ്ഞയാണ്.വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ.

Related posts