
konnivartha.com: രാജ്യത്തെ അടിയന്തര ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നദ്ദ അധ്യക്ഷത വഹിച്ചു.
അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പിന്റെ നിലവിലെ സ്ഥിതി യോഗത്തിൽ അവതരിപ്പിച്ചു. ആംബുലൻസുകളുടെ വിന്യാസം; ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, മറ്റു മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവയുടെ വിതരണവും ലഭ്യതയും ഉറപ്പാക്കൽ; ആശുപത്രികളിലെ കിടക്കകൾ, ഐസിയു, എച്ച്ഡിയു എന്നിവയുടെ ലഭ്യത ; ഭീഷ്മ് ക്യൂബുകൾ, നൂതന മൊബൈൽ ട്രോമ കെയർ യൂണിറ്റുകൾ എന്നിവയുടെ വിന്യാസം എന്നിവ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു.
അവശ്യ മരുന്നുകൾ, മതിയായ അളവിൽ രക്തം, ഓക്സിജൻ, ട്രോമ കെയർ കിറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂഡൽഹിയിലെ എയിംസിലും മറ്റ് കേന്ദ്ര ഗവണ്മെന്റ് ആശുപത്രികളിലും ഡോക്ടർമാരെയും നഴ്സുമാരെയും അവശ്യ മെഡിക്കൽ സംവിധാനങ്ങളുമായി സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ, സായുധ സേനകൾ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരുടെ പ്രാദേശിക സംഘടനകൾ, സ്വകാര്യ ആശുപത്രികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് അടിയന്തര ആരോഗ്യ പ്രതികരണ ശൃംഖലകൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, രാജ്യവ്യാപകമായി എയിംസ്, പിജിഐഎംഇആർ, ജിപ്മർ, മറ്റ് പ്രമുഖ ആശുപത്രികൾ എന്നിവിടങ്ങളിൽ ദുരന്തനിവാരണ തയ്യാറെടുപ്പുകൾക്കായി മോക്ക് ഡ്രില്ലുകൾ നടത്തിയിട്ടുണ്ട്. അടിയന്തര ആരോഗ്യ സംവിധാനങ്ങളിലെ ശേഷി വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ (എൻഐഎച്ച്എഫ്ഡബ്ല്യു), എയിംസ് ന്യൂഡൽഹി, ഐജിഒടി എന്നിവയുടെ പിന്തുണയോടെ സിപിആർ, പ്രഥമശുശ്രൂഷ, ജീവൻ രക്ഷയ്ക്കുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അധിക പരിശീലന മൊഡ്യൂളുകൾ പുറത്തിറക്കി. ഫലപ്രദമായ പ്രതികരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ആശുപത്രികൾ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, മറ്റു ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവയുടെ സുഗമമായ ഏകോപനത്തിനായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നടത്തിയ യോഗങ്ങളെക്കുറിച്ചു കേന്ദ്ര ആരോഗ്യ സെക്രട്ടറി വിശദീകരിച്ചു.
എല്ലാ അടിയന്തര ആരോഗ്യ പ്രതികരണ സംവിധാനങ്ങളും സദാസജ്ജമാണെന്നും പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ അടിയന്തര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുമായും പ്രത്യേകിച്ച് അതിർത്തി സംസ്ഥാനങ്ങളിലെ ജില്ലാ തലങ്ങളിൽ അടിസ്ഥാന തലത്തിലുള്ള ബന്ധം ഫലപ്രദമായി സ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മന്ത്രാലയത്തിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിയന്ത്രണ, കമാൻഡ് സെന്റർ നിലവിലുള്ള ശ്രമങ്ങൾ നിരീക്ഷിക്കുകയും അവശ്യ സമയങ്ങളിൽ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ മേഖലകളിലും സുഗമമായ ആരോഗ്യ സേവനങ്ങളും അടിയന്തര പ്രതികരണ സൗകര്യങ്ങളും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമായിരിക്കും.