Trending Now

പത്തനംതിട്ട ജില്ലയില്‍ പോലീസിന്‍റെ പരിശോധന : നിരവധി പേർ പിടിയില്‍

Spread the love

 

 

കോമ്പിങ് ഓപ്പറേഷൻ എന്ന പേരിൽ ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രത്യേകപരിശോധനകളിൽ വിവിധ കുറ്റകൃത്യങ്ങളിലായി നിരവധി പേർ പിടിയിലായി. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ലഹരിവസ്തുക്കൾക്കെതിരെ ഉൾപ്പെടെയുള്ള പരിശോധന നടന്നു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി.

ലഹരിവസ്തുക്കൾക്കെതിരെ 83 റെയ്‌ഡുകളാണ് നടന്നത്, കഞ്ചാവ് ബീഡി വലിച്ചതിന് ആകെ 11 കേസുകളിലായി 11 പേർ അറസ്റ്റിലായി. പത്തനംതിട്ട, ഇലവുംതിട്ട, ആറന്മുള, അടൂർ, പന്തളം കൂടൽ, കൊടുമൺ, തിരുവല്ല, കീഴ്‌വായ്‌പ്പൂർ, പെരുനാട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കഞ്ചാവ് ബീഡി വലിച്ചവർക്കെതിരെ നടപടി കൈക്കൊണ്ടത്.പത്തനംതിട്ടയിൽ രണ്ടും, മറ്റ് സ്റ്റേഷനുകളിലായി ഓരോന്ന് വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11 പ്രതികളിൽ മൂന്നുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.

പൊതുസ്ഥലത്തെ മദ്യപാനത്തിന് ജില്ലയിൽ ആകെ 12 കേസുകളെടുത്തു. പത്തനംതിട്ട 2, മലയാലപ്പുഴ 1, ആറന്മുള 1, ഏനാത്ത് 1, പന്തളം 1, തണ്ണിത്തോട് 1, ചിറ്റാർ 2, റാന്നി 1, തിരുവല്ല 2 എന്നിങ്ങനെയാണ് കേസുകൾ. 11 പേർ പിടിയിലായി, 37 ഇടത്ത് പരിശോധന നടന്നു. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്പന കണ്ടെത്തുന്നതിനു 51 റെയ്‌ഡുകളാണ് നടന്നത്. 18 കേസുകൾ രജിസ്റ്റർ ചെയ്തു, 18 പേർ അറസ്റ്റിലായി. മദ്യപിച്ചു വാഹനം ഓടിച്ച 112 പേർക്കെതിരെ കേസെടുത്തു, ആകെ 759 വാഹനങ്ങൾ പരിശോധിച്ചു.

വർഷങ്ങളായി മുങ്ങിനടന്ന 15 വാറന്റ് കേസുകളിലെ പ്രതികളെ പിടികൂടിയപ്പോൾ, ജാമ്യമില്ലാ വാറണ്ടുകളിൽ 36 പേരാണ് പിടിയിലായത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഒരാളെ അറസ്റ്റ് ചെയ്തു. ഗുരുതരമല്ലാത്ത കേസുകളിൽ ഒളിവിലായിരുന്ന 14 പേരും പോലീസ് പരിശോധനയിൽ കുടുങ്ങി.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയപ്രകാരം (കാപ്പ ) നടപടി നേരിടുന്നവർ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയും നടന്നു. ഉത്തരത്തിൽ 10 പേരെയാണ് ചെക്ക് ചെയ്തത്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടവരായ 109 പേരെ പരിശോധിച്ചു. അറിയപ്പെടുന്ന റൗഡികളായ 10 ക്രിമിനൽ കുറ്റവാളികളെയും ചെക്ക് ചെയ്തു. ജില്ലയിലാകെ 64 ലോഡ്ജുകളും പരിശോധിച്ചു. ഇത്തരം പ്രത്യേകപരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

error: Content is protected !!