
konnivartha.com: ഒത്തിരി പ്രത്യേകതകൾ ഉള്ള ഒരു വിദ്യാഭ്യാസ വർഷം കൂടിയാണ് ഇത്. പുത്തൻ ടെക്നോളജികളുടെ സാന്നിധ്യത്തിൽ അനന്തമായ സാധ്യതകൾ ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. ആ സമയത്തും മാനുഷിക മൂല്യങ്ങളും ജീവിത മൂല്യങ്ങളും തൊഴിൽ നൈപുണ്യങ്ങളും കോർത്തിണക്കിക്കൊണ്ട് യുവതലമുറയ്ക്ക് എങ്ങനെ മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സാഹചര്യം ഒരുക്കി കൊടുക്കാൻ കഴിയുമെന്നുള്ള വലിയ ഉദ്യമമാണ് പൊതു വിദ്യാഭ്യാസ വകുപ്പും കൈകൊണ്ടിട്ടുള്ളത്. അവർക്ക് രക്ഷപ്പെടാൻ കഴിയുന്ന അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും വലിയ പിന്തുണ ആവശ്യമാണ്. നല്ലതിനെ കൊള്ളാനും ചീത്തയെ തള്ളാനും കഴിയുന്ന തരത്തിൽ അവരോടൊപ്പം നിൽക്കുക എന്നതാണ് നമ്മുടെ കടമ.
ഇനിയുള്ള നാളുകളിൽ എന്തെല്ലാം ശ്രദ്ധിക്കാം..,..മക്കളോടാണ്……
മൂല്യങ്ങൾ ഉൾക്കൊള്ളണം
നിങ്ങൾ സ്കൂളിൽ എത്തുമ്പോൾ ആദ്യത്തെ രണ്ടാഴ്ച കാലം പുസ്തക പഠനം ഒഴിവാക്കിയിട്ടുണ്ട്. അതെന്തിനെന്നറിയാമോ…. കോവിഡ് കാലഘട്ടത്തിനുശേഷം നിങ്ങളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കണ്ടിട്ടുള്ള ചില കുറവുകൾ പരിഹരിക്കുന്നതിനാണ്. മാനുഷിക മൂല്യങ്ങളെയും ജീവിത ചുറ്റുപാടുകളെയും സഹജീവികളെയും ഒക്കെ ചേർത്തു പിടിക്കുമ്പോഴാണ് നിങ്ങൾക്ക് യഥാർത്ഥ വിദ്യാഭ്യാസം ലഭിക്കുന്നത്.
💥ആരോഗ്യ സംരക്ഷണത്തിന് മുഖ്യ പരിഗണന
വ്യക്തിജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യം. അതിനാൽ തന്നെ എല്ലാ ദിവസവും ഒരു മണിക്കൂർ നമ്മുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനായി മാറ്റിവക്കണം. പ്രാണയാമം ശാരീരിക വ്യായാമം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കണം.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ് ശുചിത്വവും. വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും സാമൂഹിക ശുചിത്വവും ഇതിൽപ്പെടും. കൃത്യസമയങ്ങളിൽ കുളിക്കുക ആഹാരത്തിന് മുൻപും ശേഷവും സോപ്പിട്ട് കൈകൾ കഴുകുക. ശരീരത്തിന് ദോഷമല്ലാത്ത തരത്തിലുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഫാസ്റ്റ് ഫുഡ് ഒരു ശീലമാക്കാതിരിക്കുക. വീട്ടിലെയും സ്കൂളിലെയും സമൂഹത്തിലെയും ശുചിത്വ സംരക്ഷണ പ്രവർത്തനങ്ങൾ ഏർപ്പെടുക.
💥 വായന ലഹരിയാക്കാം.
ഇപ്പോൾ എല്ലാവരും ഡിജിറ്റൽ യുഗത്തിൽ ആണല്ലോ. ആബാലവൃദ്ധ ജനങ്ങളുടെയും വായനാശീലത്തിൽ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്. അത് പോരാ..നിങ്ങൾ ഡിജിറ്റൽ യുഗത്തിൽ ആയിരിക്കുമ്പോഴും വായനയെ മറന്നുള്ള പ്രയാണം ശരിയല്ല. സ്കൂൾ തുറന്നുള്ള ആദ്യ ആഴ്ചയിൽ തന്നെ എല്ലാവരും സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്തു വായിച്ചു തുടങ്ങുക. ആദ്യം നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങളുടെ ചെറിയ പുസ്തകങ്ങൾ വായിക്കാം. എല്ലാ ദിവസവും പത്രം വായിക്കാനും മറക്കണ്ട.
💥 വൃത്തിയുള്ള പഠനമുറി ഒരുക്കാം
നിങ്ങളുടെ വ്യക്തി ശുചിത്വം പോലെ പഠനമുറിയിലും ശുചിത്വം ആവശ്യമാണ്. തുടക്കം മുതൽ തന്നെ നിങ്ങളുടെ പഠനമുറി അടുക്കും ചിട്ടയും ഉള്ളതാക്കാൻ ശീലിക്കുക. അത് നിങ്ങളുടെ വ്യക്തി ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. കതകടച്ചിട്ടിരുന്നുള്ള പഠനം വേണ്ട.
💥 ഡിജിറ്റൽ ഉപകരണങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക
നിങ്ങൾ തന്നെ തീരുമാനിക്കുക ഓരോ ദിവസവും എത്ര സമയമാണ് ഞാൻ ഡിജിറ്റൽ ഉപകരണം ഉപയോഗിക്കേണ്ടത്. നിങ്ങളുടെ കഴിവിനെ ഏതെങ്കിലും തരത്തിൽ പരിപോഷിപ്പിക്കുവാനായി മാത്രം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുക. ഡിജിറ്റൽ ഉപകരണങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാത്തത് മൂലമുള്ള പരിണിതഫലത്തെക്കുറിച്ച് അറിഞ്ഞിരിക്കുക. എന്തെങ്കിലും ശരിയല്ലാത്തത് സംഭവിച്ചാൽ അത് രക്ഷിതാക്കളോട് തുറന്നു പറയുന്നതിലൂടെ ആരോഗ്യകരമായ ഒരു കുടുംബ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ സംശയങ്ങൾ ദുരീകരിക്കുമ്പോൾ രക്ഷകർത്താവിനെ ഒപ്പം കൂട്ടുക.
💥 കൃഷി,പരിസ്ഥിതി കൃഷി വിഷയങ്ങളിൽ മുൻപന്തിയിൽ നിൽക്കുക.
വീട്ടിലെ അടുക്കളത്തോട്ടം നിങ്ങളുടെ ശ്രമഫലമായി ഉണ്ടാകട്ടെ. രാവിലെയും വൈകുന്നേരവും കുറച്ച് സമയം അതിന്റെ പരിചരണം ഏറ്റെടുക്കുക. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക.
💥 നല്ല സൗഹൃദങ്ങൾ സൃഷ്ടിക്കുക.
നല്ല സൗഹൃദങ്ങൾ എപ്പോഴും ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. സൗഹൃദങ്ങൾക്കിടയിൽ ജാതി മതം വർണ്ണം സമ്പത്ത് ഇതൊന്നും ഘടകമാകാതെ ശ്രദ്ധിക്കണം. സ്കൂളിലെ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ അടുത്തറിഞ്ഞ് സഹായിക്കുക. ഏറ്റവും കൂടുതൽ സുഹൃത്ത് വലയങ്ങളുള്ള വ്യക്തികളാണ് യഥാർത്ഥ ജീവിത വിജയം നേടുന്നത്.
💥 മദ്യം മയക്കുമരുന്ന് എന്നിവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.
നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ ഹനികരമായി ബാധിക്കുന്ന ഒന്നാണിത്. ഇതൊരു മാറാവ്യാധി പോലെ നമ്മുടെ ജീവിതത്തെ കാർന്നു തിന്നുന്നു. അറിഞ്ഞോ അറിയാതെയോ നമ്മളിൽപ്പെട്ട ആരെങ്കിലും അതിൽ വീണു പോയിട്ടുണ്ടെങ്കിൽ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാനും ഉത്തരവാദിത്തപ്പെട്ട തലങ്ങളിൽ അത് അറിയിക്കുവാനും ശ്രമിക്കണം. അതിലൂടെ ലഹരിക്കെതിരെയുള്ള ഒരു പോരാളിയായി മാറണം.
💥 നിരീക്ഷണ പാടവം ഉണ്ടാകണം
താൻ അധിവസിക്കുന്ന ചുറ്റുപാടുകളെ നിരീക്ഷിക്കാനും അതിൽ നിന്നും അറിവും ആനന്ദവും ഉൾക്കൊള്ളാനും കഴിയണം. കാണുന്ന കാഴ്ചകളെയും അനുഭവങ്ങളെയും പഠനവുമായി ബന്ധപ്പെടുത്തണം. യാത്രകളെ ആസ്വദിക്കാനും അതിൽ നിന്നും ലഭിക്കുന്ന അറിവുകളും ഹൃദിസ്ഥമാക്കണം
💥 എസും നോയും പറയാൻ കഴിയണം.
ഈ കാലഘട്ടത്തിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണിത്. ശരിയെ ശരിയായി കാണുവാനും തെറ്റിനെ തെറ്റായി ചൂണ്ടിക്കാണിക്കുവാനും കഴിയണം. നമുക്ക് ഇഷ്ടമില്ലാത്തതും സമൂഹത്തിന് ദ്രോഹം ചെയ്യുന്നതുമായ കാര്യങ്ങൾക്ക് നേരെ നോ പറയുവാനും ഒരു വ്യക്തിക്കോ സമൂഹത്തിനോ പ്രയോജനം ചെയ്യുന്ന കാര്യങ്ങൾക്ക് എസ് പറയുവാനും കഴിയണം.
💥 കായിക പരിശീലനങ്ങളും കളികളും.
ഇത് വിട്ട് ഒരു കളി നിങ്ങൾക്ക് ഇല്ല എന്നറിയാം. എന്നാലും ചില കുട്ടികൾ സ്ക്രീൻ അഡിക്ഷന്റെ പേരിലോ മറ്റ് മാനസിക വിഷമങ്ങളുടെ പേരിലോ ഇത്തരം കളികളിൽ ഏർപ്പെടാറില്ല. നിങ്ങൾ ഓരോരുത്തരും ഏതെങ്കിലും ഒരു കലാകായിക ഇനങ്ങളിൽ പരിശീലിക്കുകയും മത്സരാർത്ഥിയാവുകയും വേണം. അതിലൂടെ വിജയവും പരാജയവും ഉൾക്കൊള്ളാൻ കഴിയണം.
💥 വീട്ടിലെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കണം.
നിങ്ങളുടെ വീടുകളിലെ അച്ഛന്റെയും അമ്മയുടെയും ഒരു മാസത്തെ ആകെ വരുമാനവും ചെലവും അറിഞ്ഞിരിക്കണം. കുടുംബ ബജറ്റ് നിങ്ങൾ തന്നെ തയ്യാറാക്കി ശീലിക്കണം. മാതാപിതാക്കളുടെ ജോലിസ്ഥലം നിർബന്ധമായും സന്ദർശിക്കാൻ കഴിയണം. നിങ്ങളുടെ വസ്ത്രങ്ങളും പഠനോപകരണങ്ങളും
പരമാവധി ഉപയോഗിക്കുക. ഇതിലൂടെ സാമ്പത്തിക ദുർവയം ഒഴിവാക്കുവാനും സാമ്പത്തിക അച്ചടക്കം പരിശീലിക്കാനും കഴിയും.
എൽ സുഗതൻ
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്.
അധ്യാപകൻ, വി വി എച്ച് എസ് എസ്സ് താമരക്കുളം, ആലപ്പുഴ