
konnivartha.com: പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു . എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാറമടയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത് .
കൂടല്‍ വില്ലേജിലെ ബ്ലോക്ക് മുപ്പതില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 56/36, 56/37,56/38, 56/39,63/2ല്‍ ഉള്‍പ്പെട്ട പ്രദേശത്ത് ആണ് പാറമടയ്ക്ക് വേണ്ടി ഉള്ള അപേക്ഷ നല്കിയതും വിവിധ വകുപ്പുകളുടെ അനുമതി പത്രം ലഭ്യമാക്കിയതും . ഒരു കോടി രൂപയ്ക്ക് മുകളിലാണ് പ്രോജക്റ്റ് തുകയായി കാണിച്ചിരിക്കുന്നത് .
പാറമട മൂലം ഉള്ള ഭൂമിയ്ക്ക് ഉള്ള പരിസ്ഥിതി ആഘാതം , വായുമലിനീകരണം ,പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അടുത്ത മാസം മൂന്നിന് കലഞ്ഞൂരില്‍ വെച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതു ജനകീയ അഭിപ്രായം തേടും . പരാതികള്‍ ഇവിടെ മാത്രം ഉന്നയിക്കാന്‍ ഉള്ള അവസരം ആണ് ഉള്ളത് . 11 സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ട് .
ഇനി പൊതു ജനങ്ങളില്‍ നിന്നുള്ള അഭിപ്രായം മാത്രം ക്രോഡീകരിച്ചാല്‍ മതിയാകും .അതിനു വേണ്ടി ആണ് പൊതു വേദി ഒരുക്കുന്നത് . മുന്‍പ് പരിസ്ഥിതി സംഘടനകളുടെ കീഴില്‍ ജനങ്ങള്‍ അണിനിരന്നുള്ള വലിയ സമരങ്ങള്‍ നടന്ന സ്ഥലമാണ് അതിരുങ്കല്‍ കലഞ്ഞൂര്‍ കൂടല്‍ മേഖലകള്‍ . ഇപ്പോള്‍ സമരം ഒന്നും നടക്കുന്നില്ല .ഏറെ നാളായി പാറമടകളുമായി ബന്ധപ്പെട്ട ചര്‍ച്ചയോ സമരമോ ഇല്ല.
മിക്ക വകുപ്പുകളുടെയും അനുമതി ലഭിച്ചതിനാല്‍ പാറമട പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയേ തീരൂ . വലിയ ക്രഷര്‍ യൂണിറ്റുകളും പാറമടകളും കൊണ്ട് “വലിയൊരു വ്യവസായ “മേഖലയാണ് കൂടല്‍ വില്ലേജ് പരിധി .
വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ചത് റോക്കറ്റ് വേഗതയില്‍ ആണ് . എല്ലാ വകുപ്പിലെയും സര്‍ക്കാര്‍ മേധാവികള്‍ അറിഞ്ഞു തന്നെആണ് കടലാസുകള്‍ നീങ്ങിയത് . കലഞ്ഞൂര്‍ ,കൂടല്‍ മേഖലയില്‍ ഇനി ഒരു പാറമടയ്ക്ക് പോലും അനുമതി നല്കിലെന്ന ജനപ്രതിനിധികളുടെ ഉറപ്പില്‍ വിശ്വസിച്ചാണ് ജനങ്ങള്‍ ഇത്ര നാളും പ്രതിഷേധ സ്വരം അടക്കി നാട്ടില്‍ കഴിഞ്ഞത് .