Trending Now

കാട്ടാനശല്യം നേരിടുന്നതിനായി കോന്നി എം എല്‍ എ യോഗം വിളിച്ചു ചേര്‍ത്തു

Spread the love

 

konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു.

 

കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ബുധനാഴ്ച ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലിസ് എത്തിക്കും.

പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിക്കും.ആനകളെ ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു . കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു.

അരുവാപുലം പഞ്ചായത്തിലെ കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആന ഇറങ്ങി വരുന്ന വഴികളെല്ലാം അടയ്ക്കുന്നതിന് തീരുമാനിച്ചു. കല്ലേലി റോഡിൽ എല്ലാ സമയത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെട്രോളിങ് ഏർപ്പെടുത്തുന്നതിനും എംഎൽഎ നിർദ്ദേശം നൽകി.ഒറ്റയാനെ പ്രദേശത്തു നിന്നും പിടിച്ച് മറ്റു സ്ഥലത്തേക്ക് എത്തിക്കുന്നതിനായി കളക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് നൽകും.

മലയാലപ്പുഴ പഞ്ചായത്തിൽ കാട്ടാനശല്യമുള്ള വട്ടത്തറ,മുക്കുഴി, പുതുക്കുളം പ്രദേശങ്ങളിൽ ഫോറസ്റ്റ് ക്യാമ്പ് ഷെഡ് സ്ഥാപിക്കും. നിലവിലുള്ള എല്ലായിടങ്ങളിലും സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിന് എംഎൽഎ റാന്നി കോന്നി ഡി എഫ് ഓ മാർക്ക് നിർദ്ദേശം നൽകി. തുക അനുവദിച്ച ഹാങ്ങിങ് സോളാർ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തികൾ  വേഗത്തിൽ ആരംഭിക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി.

വന്യമൃഗസംഘര്‍ഷം ലഘൂകരിക്കുന്നതിന് എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ട്റേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളിലെ പൈനാപ്പിള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കും.വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ 9188407515 നമ്പറില്‍ ബന്ധപ്പെടണം.

അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഐ എ എസ്,കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡണ്ട് ടിവി പുഷ്പവല്ലി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനിൽ , വിവിധ പഞ്ചായത്ത് അംഗങ്ങളായ വി കെ രഘു, സിന്ധു, ഷീബ സുധീർ, ആശാ സജി, ശോഭാ ശോഭ ദേവരാജൻ, ബിജു എസ് പുതുക്കുളം, എലിസബത്ത്,   റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ ഐ എഫ് എസ്,കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി ഐ എഫ് എസ്,ജനപ്രതിനിധികൾ, വടശ്ശേരിക്കര, കോന്നി, നടുവത്ത് മൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, കോന്നി മലയാലപ്പുഴ കൂടൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, റവന്യു വകുപ്പ്, വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!