
വായനപക്ഷാചരണം:ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച്ച റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
പ്രമോദ് നാരായണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാതല വായനപക്ഷാചരണത്തിന് ഇന്ന് (ജൂണ്‍ 19 വ്യാഴം) തുടക്കം. വായനദിനമായ ഇന്ന് രാവിലെ 10 ന് റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് വായന സന്ദേശം നല്‍കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര് പ്രകാശ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി ആനന്ദന്, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19)
അക്ഷരജ്യോതി വിളംബരജാഥ സംഘടിപ്പിച്ചു
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് 30-ാമത് ദേശീയ വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആന്റോ ആന്റണി എം പി നിര്‍വഹിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയം ഭരണം, ജില്ലാ ഭരണകൂടം, കാന്‍ഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ആര് അജയകുമാര്‍ അധ്യക്ഷനാകും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. ഫാ. ഏബ്രഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. പി.എന്‍. പണിക്കര്‍ പുരസ്കാര ജേതാവ് ഡോ. മണക്കാല ഗോപാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, എഡിഎം ബി. ജ്യോതി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര് അനില, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി സി. കെ. നസീര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനാ മഹോത്സവത്തിന്റെ ഭാഗമായി അക്ഷരജ്യോതി വിളംബരജാഥ എസ്വിജിവി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് സി ജി പ്രദീപ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ദീപ എസ് നായര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. ശ്രീജ, മാനേജര്‍ മാതാ കൃഷ്ണാനന്ദ പൂര്‍ണിമാമയി, പ്രധാന അധ്യാപകന് കെ വി മാധവന് കുഞ്ഞ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി സി. കെ. നസീര്‍, ട്രസ്റ്റ് ട്രഷറര്‍ ജയന് നായര്‍, അധ്യാപകരായ രാജേഷ് കുമാര്‍, വിദ്യ വിജയന്, ജ്യോതിമ എന്നിവര്‍ നേതൃത്വം നല്കി.
പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. അയോഗ്യതയില്ലെന്നു തെളിയിക്കുന്ന രേഖ പൊലീസ് സ്റ്റേഷനില്‍ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് ഹാജരാക്കണം.
ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാനാകണം. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പരിശോധനയ്ക്കും അഭിമുഖത്തിനും പ്രായോഗികപരീക്ഷയ്ക്കും എത്തുന്നവര്‍ കാമറയും അനുബന്ധ ഉപകരണങ്ങളും അസല്‍ രേഖകളും അഭിമുഖസമയത്ത് ഹാജരാക്കണം.
ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന രണ്ടു പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലമായി നല്‍കുക.
അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സ്വന്തമായുള്ള കാമറയുടെ വിവരങ്ങളും സഹിതം 2025 ജൂണ്‍ 23 ഉച്ചകഴിഞ്ഞ് മൂന്നിനകം പത്തനംതിട്ട കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/ പാസ്പോര്‍ട്ട്) പകര്‍പ്പ്, മുന്‍പ് എടുത്തതോ പ്രസിദ്ധീകരിച്ചതോ ആയ മൂന്ന് ഫോട്ടോകളുടെ പ്രിന്റ് / പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോകോപ്പി എന്നിവ അപേക്ഷയോടൊപ്പം ഉള്‍പെടുത്തണം. എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തണം.
വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട- 689645. ഫോണ്‍: 0468 2222657.
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ ശില്പശാല
ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ ജൂണ്‍ 30 ന് സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും. കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ശില്പശാലയില് പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂണ്‍ 25-നകം പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേര്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍) എന്നീ നമ്പറുകളിലോ [email protected] ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്, ഐഡിയ ജനറേഷന്, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടല്‍, തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെടുത്തിയുളളതാണ് ശില്പശാല. സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡന്‍ഷ്യല്‍), തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സേവനങ്ങളും എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്. വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
ഇരവിപേരൂരില്‍ നാട്ടുവിപണി
ശുദ്ധമായ നാട്ടുവിഭവങ്ങള്‍ ന്യായവിലയ്ക്ക് വിറ്റഴിക്കാന്‍ അവസരമൊരുക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. നെല്ലാട് ഗ്രാമചന്ത കൃഷികൂട്ടം ഒരുക്കുന്ന നാട്ടുവിപണിയില്‍ പച്ചക്കറികളും പഴങ്ങളുമടക്കമുള്ള ഉല്‍പ്പന്നങ്ങളുമായി നിരവധി കര്‍ഷകരാണ് എത്തുന്നത്. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുവിപണി എല്ലാ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കും.
പേരയ്ക്ക, കിളിച്ചുണ്ടന്‍ മാമ്പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, അവകാഡോ, നാടന്‍ ചക്ക തുടങ്ങിയ ഫലങ്ങളും തേങ്ങ, തൈര്, വാഴക്കൂമ്പ്, പാല്, പച്ചക്കറി, മുട്ട ഉല്പന്നങ്ങളും വിപണിയില്‍ ലഭിക്കും.
മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ വനിതകള്‍ക്ക് ചെറുകിട സംരംഭകരായി വളരാനുള്ള അവസരവും ഒരുക്കുന്നു. തനതുകൃഷി പ്രചരിപ്പിക്കുക, ന്യായവില കര്ഷകന് ലഭ്യമാക്കുക, ഗുണമേന്മയുള്ള സാധനങ്ങള്‍ വില്‍ക്കുവാനും വാങ്ങുവാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് നാട്ടുവിപണിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡന്റ് കെ ബി ശശിധരന് പിള്ള പറഞ്ഞു.
ഏകോപന സമിതി യോഗം
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേര്‍ന്ന ഏകോപന സമിതി യോഗം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി -പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് അധ്യക്ഷനായി. തൊഴില്‍ അന്വേഷകര്‍ക്കായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം ജൂലൈ മൂന്നു മുതല്‍ അഞ്ചു വരെ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, അംഗം എം എസ് ശ്യാം എന്നിവര്‍ പങ്കെടുത്തു.
അഭിമുഖം മാറ്റിവച്ചു
ഉളളന്നൂര്‍ ആര്‍ആര്‍യുപി സ്കൂളില്‍ ഹിന്ദി അധ്യാപക നിയമനത്തിന് ഇന്ന് (ജൂണ്‍ 19) രാവിലെ 10.30 ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
അഭയകിരണം പദ്ധതി
അമ്പത് വയസിനു മുകളില്‍ പ്രായമുള്ളതും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായ പൂര്‍ത്തിയായ മക്കളില്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.schemes.wcd.kerala.gov.in . അവസാനതീയതി ഡിസംബര്‍ 15. ഫോണ്‍. 0468 -2966649.
സ്പോട്ട് അഡ്മിഷന്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ ജൂണ്‍ 26ന് ആരംഭിക്കും. പ്ലസ് ടു/ഐടിഐ/ ഡിപ്ലോമ ആണ് യോഗ്യത. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍ : 9495999688, 9496085912, 9497289688.
ഗ്രാമസഭ
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ ജൂണ്‍ 21 മുതല്‍ 28 വരെ നടക്കും.
വാര്‍ഡ്, തീയതി, സമയം, സ്ഥലം ക്രമത്തില്‍
ഒന്ന്, ജൂണ്‍ 24 രാവിലെ 11 സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയം ചെങ്ങരൂര്‍.
രണ്ട്,ജൂണ്‍ 28 ഉച്ചയ്ക്ക് 03:30 സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.
മൂന്ന്,ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ടിന് സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.
നാല്, ജൂണ്‍ 28 ഉച്ചയ്ക്ക് 02:30 സര്‍ക്കാര്‍ യു പി എസ് തുരുത്തിക്കാട.്
അഞ്ച്, ജൂണ്‍ 25 ഉച്ചയ്ക്ക് 03:30 ബി.എ.എം കോളേജ ് തുരുത്തിക്കാട്.
ആറ്, ജൂണ്‍ 28 ഉച്ചയ്ക്ക് 2 : 30 സെന്റ ജോസഫ് എല്‍പിഎസ് തുരുത്തിക്കാട്.
ഏഴ്, ജൂണ്‍ 28 ഉച്ചയ്ക്ക് മൂന്നിന് സര്‍ക്കാര്‍ എല്‍.പി.എസ് അമ്പാട്ടുഭാഗം.
എട്ട്, ജൂണ്‍ 21 ഉച്ചയ്ക്ക് മൂന്നിന് സര്‍ക്കാര്‍ എല്‍.പി.എസ് , പുതുശ്ശേരി
ഒമ്പത്, ജൂണ്‍ 27 ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.
10, ജൂണ്‍ 21 രാവിലെ 11 സര്‍ക്കാര്‍ എല്‍പിഎസ് കല്ലൂപ്പാറ.
11, ജൂണ്‍ 24 ഉച്ചയ്ക്ക് മൂന്നിന് പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.
12, ജൂണ്‍ 27 ഉച്ചയ്ക്ക് 03:30 പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.
13 ജൂണ്‍ 24 ഉച്ചയ്ക്ക് 03:30 കമ്മ്യൂണിറ്റിഹാള്‍ മുടിമല.
14, ജൂണ്‍ 26 ഉച്ചയ്ക്ക് 03:30 സര്‍ക്കാര്‍ എല്‍.പി.എസ് പുതുശ്ശേരി.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പരിശീലന കാലാവധി 30 ദിവസം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 04682992293
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 മുതല്‍ ആറു ദിവസത്തെ സൗജന്യ കേക്ക്, കുക്കീസ്, ഷേക്സ്, ചോകൊലെറ്റ്സ്, പുഡിങ്സ് നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-55. ഫോണ്‍ : 04682992293, 2270243, 8330010232.
സീറ്റ് ഒഴിവ്
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിവിധ ക്ലാസുകളില്‍ ഒഴിവുളള സീറ്റിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാ ഫോം സ്കൂളില്‍ നിന്ന് ജൂണ്‍ 19 മുതല്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 23. ഫോണ്‍ : 0468 2256000.
ക്ഷീരകര്‍ഷക സമ്പര്‍ക്കം
ക്ഷീരവികസന വകുപ്പിന്റെയും റാന്നി നെടുമണ്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്കം സംഘടിപ്പിച്ചു. ഫെസിലിറ്റേഷന്‍ സെന്ററില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് അധ്യക്ഷനായി. ശാസ്ത്രീയ പശു പരിപാലനം, ഗുണമേന്മയുള്ള പാല് ഉല്പാദനം, ക്ഷീരവിക പദ്ധതി, ക്ഷീരശ്രീ പോര്‍ട്ടലില്‍ കര്‍ഷക രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പണം, ക്ഷീരകര്‍ഷക അംഗത്വം, ആനുകൂല്യം വിഷയങ്ങളില്‍ ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാറും റാന്നി ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി വി പ്രശാന്തും ക്ലാസ് നയിച്ചു. ക്ഷീരസംഘം പ്രസിഡന്റ് വി കെ സുശീലന്, സെക്രട്ടറി സന്ധ്യാരാജ് എന്നിവര്‍ പങ്കെടുത്തു.
വനിതാ കമ്മീഷന് സിറ്റിംഗ് ഇന്ന് (ജൂണ്‍ 19)
വനിതാ കമ്മീഷന് സിറ്റിംഗ് ഇന്ന് (ജൂണ്‍ 19) രാവിലെ 10 മുതല്‍ തിരുവല്ല മാമന് മത്തായി നഗര്‍ ഹാളില്‍ നടക്കും.