
konnivartha.com: സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തി .ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു .
യുഡിഎഫ് സർക്കാരാണ് കോന്നിയിൽ ഗവ.മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ആനകുത്തി മെഡിക്കൽ കോളേജെന്ന് പറഞ്ഞ് നിയമസഭയിൽ തന്നെ ആക്ഷേപിച്ചെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു.
താലൂക്ക് ആശുപത്രിക്കാവശ്യമായ അടിസ്ഥാനസൗകര്യംപോലും ഒരുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തി.നബാർഡിന്റെ ധനസഹായത്തോടെയാണ് കോന്നി മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയാക്കാൻ തീരുമാനിച്ചത്.
131 ഡോക്ടർമാരെയും നിയമിച്ചു. 2016-ലെ എൽഡിഎഫ് സർക്കാരാണ് കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മന്ദീഭവിപ്പിച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. റോബിൻ പീറ്റർ, പഴകുളം മധു, പി.മോഹൻ രാജ്, എ.ഷംസുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു .