
◾ നിരവധി സേവനങ്ങള്‍ക്ക് ഒറ്റ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്, പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ് എല്ലാം ലഭ്യമാകുന്ന റെയില്‍ വണ്‍ ആപ്പ് റെയില്‍വേ പുറത്തിറക്കി. വിവിധ പ്ലാറ്റ്ഫോമുകളില്‍ ലഭിച്ചിരുന്ന സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാകും. പരാതികളും ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമുകളിലും ആപ് ലഭ്യമാണ്. ഐആര്‍സിടിസി അക്കൗണ്ട് വഴിയും ലോഗിന്‍ ചെയ്യാം.
◾ ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ പോലെ ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ താറടിച്ച് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം അതൃപ്തികള്‍ പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
◾ ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞ കാര്യങ്ങളെ ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊതുവായ പ്രസ്താവനയായി എടുക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തില്‍ തന്നെ എടുക്കുന്നുവെന്നും അദ്ദേഹത്തെ ആരോഗ്യവകുപ്പ് ചേര്‍ത്ത് നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖല വെന്റിലേറ്ററിലാണ് എന്ന തരത്തിലൊക്കെയുള്ള ആരോപണങ്ങള്‍ സത്യമല്ലെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ആരോഗ്യമേഖലയില്‍ ഇത്രയധികം പണം ഒരു സര്‍ക്കാര്‍ ചെലവഴിച്ച ചരിത്രമുണ്ടോ എന്നും ആരോഗ്യമന്ത്രി ചോദിച്ചു.
◾ പുതിയ ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. മോദി സര്‍ക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡിജിപി പട്ടികയില്‍ ഒന്നാം പേരുകാരനായ നിതിന്‍ അഗര്‍വാളിനെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾ ഡിജിപി നിയമനത്തില്‍ പ്രശ്നമുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പട്ടികയിലെ മറ്റു പേരുകളേക്കാള്‍ സ്വീകാര്യനായത് കൊണ്ടാണ് റവാഡയെ തെരഞ്ഞെടുത്തതെന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമാണ് ഡിജിപിയെ തീരുമാനിക്കുന്നതെന്നും അതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പാര്‍ട്ടി ക്ലീന്‍ചിറ്റ് നല്‍കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ രാജ്യം ഡിജിറ്റല്‍ ആയത് വലിയ മുന്നേറ്റമാണെന്ന് മോഹന്‍ലാല്‍. രാജ്യത്ത് ജിഎസ്ടി നടപ്പാക്കി എട്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ജിഎസ്ടി ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
◾ കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ പിണറായി വിജയന്‍ സര്‍ക്കാര്‍ അസ്ഥി കൂടമാക്കി മാറ്റിയെന്നും സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്നതെന്നും ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഉള്ളൂര്‍ മണ്ഡലം കമ്മറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
◾ ജാര്‍ഖണ്ഡിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 2 മുതല്‍ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
◾ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 7 ലക്ഷം രൂപ സര്‍ക്കാര്‍ കെട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 10 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
◾ കെ എസ് ആര്‍ ടി സി പുതിയ സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ട്രയല്‍ ഡ്രൈവ് നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സിക്കായി വാങ്ങിയ പുതിയ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് മന്ത്രി ഓടിച്ച് നോക്കിയത്. ട്രയല്‍ നോക്കിയ ശേഷം ചില നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍തന്നെ ബാക്കി ബസുകള്‍ കൂടി എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ ഓണത്തിനായി കേരളത്തിന് പ്രത്യേക അരി വിഹിതം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി കേരളാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓണ വിപണിയില്‍ അരി വില പിടിച്ചു നിര്‍ത്താന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
◾ ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍.കെ സുധീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെതിരായ നടപടിയെന്ന് അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് വര്‍ഷത്തേക്ക് സുധീറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി അന്‍വര്‍ വ്യക്തമാക്കി.
◾ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ബീച്ചിലെ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിനോദ സഞ്ചാരവകുപ്പിന് അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ബീച്ചുകളില്‍ ഒന്നായ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥലം ഇല്ലാത്തത് ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വലിയ രീതിയില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു.
◾ ട്യൂഷന്‍ ക്ലാസില്‍ വെച്ച് കുട്ടിയെക്കൊണ്ട് കാലുകള്‍ തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. കിടങ്ങന്നൂര്‍ സെന്റ് മേരീസ് കോളേജ് ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ എബ്രഹാം അലക്സാണ്ടര്‍(62)ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്.
◾ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ്ങില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്. ഫാര്‍മസിയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്.
◾ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഹോസ്റ്റലിലും ക്യാംപസിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ എസ്എഫ്ഐ. 9.30ന് ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാനാകില്ലെന്ന സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്നും സദാചാരചിന്താഗതിയുടെ ഭാഗമായ തീരുമാനമെന്നും എസ്എഫ്ഐ ഭാരവാഹികള്‍ പറഞ്ഞു.
◾ പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പരിചയപ്പെടുകയും, കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ചെയ്ത ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നെടുമ്പ്രം പൊടിയാടി സ്വദേശി സഞ്ജയ് എസ് നായരെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
◾ സന്യാസം സ്വീകരിച്ച മങ്ങാട് സ്വദേശിയായ യുവാവിനെ തെലങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകന്‍ ശ്രീബിനെ (37) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീബിന്‍ സന്യാസം സ്വീകരിച്ച് നേപ്പാള്‍ ആശ്രമത്തില്‍ കഴിയുകയായിരുന്നു. നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയില്‍ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയില്‍വേ ട്രക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
◾ അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു ഇന്ന് തുടക്കം. 10 വര്‍ഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ യാത്രക്കാണ് ഇന്ന് തുടക്കമാകുക. 8 ദിവസത്തെ സന്ദര്‍ശനത്തിനായ് പുറപ്പെടുന്ന പ്രധാനമന്ത്രി ഇന്ന് ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് അന്റ് ടൊബാഗോ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലില്‍ എത്തും. ബ്രസീലില്‍ നിന്ന് മടങ്ങുമ്പോള്‍ നമീബിയയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.
◾ മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര നിയമസഭയിലാണ് സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. ആത്മഹത്യയില്‍ അധികവും വിദര്‍ഭ മേഖലയിലാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
◾ അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ അമേരിക്കയിലും യുകെയിലും നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളിലെ ഏതാനും നിയമ സ്ഥാപനങ്ങള്‍, വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ നിര്‍മാതാക്കളായ ബോയിങ് കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
◾ അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ട് പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ ബോയിംഗ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ദില്ലിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തൊള്ളായിരം അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശം കാലാവസ്ഥ കാരണമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.
◾ മധുര സ്വദേശിയായ യുവതിയുടെ കാറില്‍ നിന്ന് 9.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന കേസില്‍ കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ട ശിവഗംഗക്കടുത്തുള്ള മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരന്‍ ബി.അജിത് കുമാറിന്റെ (27) അമ്മയോട് മാപ്പ് ചോദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്വേഷണം സിബിഐക്ക് വിടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനവും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. തിരുപ്പുവനം പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മരണം സംഭവിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. നീതി നടപ്പായാല്‍ മാത്രം പോരാ, നീതി നടപ്പായെന്ന് ബോധ്യപ്പെടുകയും വേണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
◾ മധ്യപ്രദേശില്‍ കാമുകിയെ കഴുത്തറത്ത് കൊന്ന് കാമുകന്റെ കൊടുംക്രൂരത. നഴ്സിംഗ് വിദ്യാര്‍ത്ഥിയായ കാമുകിയെ ആശുപത്രി പരിസരത്ത് എല്ലാവരും നോക്കിനില്‍ക്കെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ സന്ധ്യ ചൗധരിയാണ് കൊലപ്പെട്ടത്.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
◾ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ചാര്‍ജ് വര്‍ധിച്ചത്. എസി കോച്ചുകളില്‍ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോണ്‍-എ സി സ്ലീപ്പര്‍, ജനറല്‍ കോച്ചുകളില്‍ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് വര്‍ധിച്ചത്.
◾ തൊഴിലവസരങ്ങള്‍ കൂട്ടാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 99,446 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അന്‍പതിന് മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 5 പേരെയെങ്കിലും നിയമിച്ചാലേ ധനസഹായം കിട്ടുകയുള്ളൂ. സ്വകാര്യ മേഖലയില്‍ കൂടുതല്‍ തുടക്കക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് സര്‍ക്കാറിന്റെ കമ്പനികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി.
◾ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ താന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹത്തിന് ലോട്ടറിയടിച്ചെന്നും പാട്ടീല്‍ പറയുന്നു.
◾ കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാവില്ല. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല. അഴിമതിയാരോപണവും നേതാക്കളുടെ ഇടയിലെ അസംതൃപ്തിയും പരസ്യമായതോടെ കര്‍ണാടക കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
◾ സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമഢി ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രമായ ‘പുനൗര ധാം ജാനകി മന്ദിറിന്റെ’ വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍. ഈവര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
◾ ഒരു വ്യക്തിയോട് ഇഷ്ടമാണ് എന്ന് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധിച്ചു . 2015ല്‍ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസില്‍ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
◾ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥിക്കള്‍ക്ക് വീണ്ടും അവസരമൊരുക്കി ദില്ലി സര്‍വകലാശാല. മെയ് 13,14,15 തീയതികളിലായി നടന്ന പരീക്ഷകള്‍ എഴുതാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നടപടി എന്ന് ദില്ലി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രഫസര്‍ ഗുര്‍പ്രീത് സിങ് വ്യക്തമാക്കിയിട്ടുണ്ട്.
◾ തടവിലുള്ള സാധാരണക്കാരുടെയും മത്സ്യതൊഴിലാളികളുടെയും വിവരങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കൈമാറി. ഇന്ത്യക്കാരായ 193 മത്സ്യതൊഴിലാളികളും 53 മറ്റുള്ളവരും തടവിലുണ്ടെന്നാണ് പാകിസ്ഥാന്‍ നല്കിയ പട്ടിക. പാകിസ്ഥാനികളെന്ന് കരുതുന്ന 382 തടവുകാരാണ് ഇന്ത്യയിലുള്ളത്. പാകിസ്ഥാനിലെ 81 മത്സ്യതൊഴിലാളികളും ഇന്ത്യയുടെ കസ്റ്റഡിയിലുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെ എത്രയും വേഗം വിട്ടയക്കണമെന്നും മത്സ്യതൊഴിലാളികളെ എല്ലാം മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
◾ ചൈന പാകിസ്ഥാന് 3.4 ബില്യണ്‍ ഡോളറിന്റെ വാണിജ്യ വായ്പ നല്‍കിയതായി റിപ്പോര്‍ട്ട്. ഇത് പാകിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ധനം 14 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കണക്കുകള്‍ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍.
◾ പാകിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ശനിയാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിര്‍ത്തിയായ ഗുലാംഖാന്‍ അടച്ചുപൂട്ടി പാകിസ്ഥാന്‍. ഭീകരാക്രമണം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി അടച്ചത്.
◾ ഇസ്രയേലിനൊപ്പം ചേര്‍ന്ന് തങ്ങളെ ആക്രമിച്ചതുമുതല്‍ അമേരിക്കക്കെതിരെ സ്വീകരിച്ച കടുത്ത നിലപാട് മയപ്പെടുത്തി ഇറാന്‍. അമേരിക്കയുമായി ഇനി ഒരു തരത്തിലുമുള്ള ചര്‍ച്ചക്കുമില്ലെന്നുമുള്ള നിലപാടിലാണ് ഇറാന്‍ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ക്കിടെ ആക്രമണം ഉണ്ടാവില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും സാധ്യത ഉണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.
◾ യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
◾ റഷ്യ – അസര്‍ബൈജാന്‍ തര്‍ക്കം രൂക്ഷം. കൊടുംകുറ്റവാളികളെന്ന് ആരോപിച്ച് അസര്‍ബൈജാനില്‍ നിന്നുള്ളവരെ റഷ്യയില്‍ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്ന് റഷ്യന്‍ സാംസ്‌കാരിക പരിപാടികള്‍ അസര്‍ബൈജാന്‍ റദ്ദാക്കി. റഷ്യന്‍ മാധ്യമ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
◾ സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിന് സെനറ്റിന്റെ അംഗീകാരം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് സെനറ്റില്‍, 18 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വോട്ടെടുപ്പിന് ശേഷമാണ് ബില്‍ പാസായത്. 51 വോട്ടിനാണ് ബില്‍ സെനറ്റില്‍ പാസായത്. 3 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വോട്ടാണ് ടൈ ബ്രേക്കറായത്. അടുത്ത ഘട്ടത്തില്‍ ബില്‍ ജനപ്രതിനിധി സഭയിലേക്കു പോകും.
◾ ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്റെ അനാവശ്യ തിടുക്കമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്. വിജയാഘോഷം സംഘടിപ്പിക്കുന്നതിന് പൊലിസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
◾ ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഭാര്യ ഹസിന്‍ ജഹാനും മകള്‍ക്കും ജീവിതച്ചെലവിന് പണം നല്‍കാണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറക്കും കൂടി പ്രതിമാസം നാലു ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.
◾ ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക അരക്ഷിതാവസ്ഥയും ആഗോള തലത്തിലെ സംഘര്‍ഷങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടാക്കാമെന്ന് റിസര്‍വ് ബാങ്ക്. ജൂണ്‍ മാസത്തിലെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് കേന്ദ്രബാങ്കിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ പൊതുകടം, അധിക ആസ്തി മൂല്യനിര്‍ണയം, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിപണിക്ക് അനുകൂലമല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ പൊതുകടം വലിയ രീതിയില്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 196.78 ലക്ഷം കോടി രൂപയില്‍ കൂടുതലായി പൊതുകടം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ 181.74 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ ബോണ്ടുകള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രകടനത്തെ ഇത് വിപരീതമായി ബാധിക്കാം. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്. റിസ്‌ക് കൂടുതലുള്ള ബിസിനസുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അപകടമുണ്ടാക്കിയേക്കാം. വിവിധ രാജ്യങ്ങളിലെ വ്യാപാരമാന്ദ്യം, പണപ്പെരുപ്പം എന്നിവ സാമ്പത്തിക നയങ്ങളില്‍ മാറ്റത്തിന് പ്രേരിപ്പിക്കുമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
◾ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. അച്ഛനും സഹോദരന്‍ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ്. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. എഴുത്തും ചിത്രരചനയുമൊക്കെയായി സിനിമാ ലോകത്തു നിന്ന് മാറി നടക്കുകയായിരുന്നു വിസ്മയ ഇതുവരെ. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. ആമസോണിന്റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല.
◾ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഓട്ടിസ്റ്റിക് ആയ പെണ്‍കുട്ടിയുടെ ആവേശം നിറയ്ക്കുന്ന കഥ പറയുന്ന ‘തന്‍വി ദി ഗ്രേറ്റ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലറെത്തി. നടന്‍ അനുപം ഖേര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 23 വര്‍ഷങ്ങള്‍ക്കു ശേഷം അനുപം ഖേര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നവാഗതയായ ശുഭാംഗി ദത്ത് ആണ് ഓട്ടിസ്റ്റിക് ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടേറെ വെല്ലുവിളികളുള്ള കഥാപാത്രത്തെ അതിഗംഭീരമായാണ് ശുഭാംഗി അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ബൊമന്‍ ഇറാനി, ജാക്കി ഷ്രോഫ്, പല്ലവി ജോഷി, ഇയാന്‍ ഗ്ലെന്‍, നാസിര്‍, കരണ്‍ ടാക്കര്‍ എന്നിവര്‍ക്കൊപ്പം അനുപം ഖേറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. ഓട്ടിസ്റ്റിക് ആയ പെണ്‍കുട്ടിയുടെ സംഭവബഹുലവും പ്രചോദനാത്മകവുമായ കഥയാണ് ചിത്രം പറയുന്നത്. ജൂലൈ 18 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾ ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സ്‌കോഡ, ഫോക്‌സ് വാഗണ്‍ ഹൈബ്രിഡ് മോഡലുകള്‍ 2028 ആവുമ്പോഴേക്കും വിപണിയിലെത്തിക്കാനാണ് ശ്രമം. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് സ്‌കോഡയുടേയും ഫോക്‌സ്വാഗണിന്റെയും ഹൈബ്രിഡ് മോഡലുകള്‍ ഒരുങ്ങുന്നത്. കൂടുതല്‍ ഇലക്ട്രിക്ക് മോഡലുകള്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. സ്ലാവിയ, വെര്‍ട്ടസ് പോലുള്ള സെഡാനുകളിലും കുഷാക്ക്, ടൈഗൂണ്‍ പോലുള്ള കോംപാക്ട് എസ് യുവികളിലും ഹൈബ്രിഡ് വകഭേദം പ്രതീക്ഷിക്കാം. നിലവിലുള്ള മോഡലുകളേക്കാള്‍ പ്രീമിയം മോഡലായിട്ടാവും ഹൈബ്രിഡിന്റെ വരവ്. ഉയര്‍ന്ന ഇന്ധനക്ഷമതയുണ്ടെങ്കിലും ഈ ഉയര്‍ന്ന വിലയാണ് പലരേയും ഹൈബ്രിഡില്‍ നിന്നും മാറ്റി നിര്‍ത്തുന്നതും. നിലവില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബാന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നിങ്ങനെയുള്ള കോംപാക്ട് എസ് യുവികളില്‍ മാത്രമേ ഹൈബ്രിഡ് പവര്‍ട്രയിനുകളുള്ളൂ.
◾ 1962 ഫെബ്രുവരിയില്‍ വിശുദ്ധനഗരമായ വത്തിക്കാനില്‍നിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങള്‍ കിട്ടി. ഇതിന്റെ രഹസ്യമറിയാന്‍ തൊണ്ണൂറുകളില്‍ ഒരു അമേരിക്കന്‍ ചരിത്രകാരന്‍ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറില്‍, കൊച്ചിയില്‍നിന്ന് ലിസ്ബന്‍ വഴി റോമിലെത്തി, ലിയോ പത്താമന്‍ മാര്‍പ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആല്‍ബിനോ ആനക്കുട്ടിയുടെ കഥ. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂര്‍വമായ നോവല്‍. ‘ആനോ’. ജി ആര്‍ ഇന്ദുഗോപന്‍. ഡിസി ബുക്സ്. വില 664 രൂപ.
◾ കൂണ്‍ പാകം ചെയ്യുന്നതിന് മുന്‍പ് 15-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത് ഇവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കലോറി കുറഞ്ഞതും നാരുകളും ആന്റീഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് കൂണ്‍. മാത്രമല്ല, ഇവയില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ വിറ്റാമിന്‍ ഡി2 ആയി മാറുന്ന എര്‍ഗോസ്റ്റെറോള്‍ എന്ന സംയുക്തം കൂണില്‍ അടങ്ങിയിട്ടുണ്ട്. കൂണില്‍ കലോറി കുറവാണ്. ഏകദേശം 90 ശതമാനവും വെള്ളമാണ്. ഇത് നിങ്ങളുടെ കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും വയറു സംതൃപ്തി നല്‍കാനും സഹായിക്കുന്നു. കൂണില്‍ സെലിനിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകള്‍ നിങ്ങളുടെ കുടലിനെയും രോഗപ്രതിരോധ സംവിധാനത്തെയും പിന്തുണയ്ക്കുന്നു. കൂടാതെ, കൂണ്‍ ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. ഇത് ദഹനനാളത്തിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. ബീറ്റാ കരോട്ടിന്‍ പോലുള്ള പോഷകങ്ങള്‍ അടങ്ങിയ കൂണ്‍ ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താനും കാഴ്ച സംരക്ഷിക്കാനും സഹായിച്ചേക്കാം. കണ്ണുകളുടെ പ്രവര്‍ത്തനത്തെയും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി അറിയപ്പെടുന്ന വിറ്റാമിന്‍ ബി 2 യും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂണില്‍ ലീന്‍ പ്രോട്ടീനും ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹൃദയത്തിന് നല്ലതായിക്കും. കൂണിലെ കാല്‍സ്യം അളവ് അസ്ഥികളുടെ ശക്തി വര്‍ധിപ്പിക്കുന്നു. പതിവായി കൂണ്‍ കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കും