
konnivartha.com: രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ ഒമ്പതു വര്‍ഷംകൊണ്ട് 6,000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന കേരളത്തിലെത്തിയത്. 900 ലധികം ആശയങ്ങള്‍ക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി ഉയര്‍ത്തി; 151 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 32 കോടി രൂപയുടെ പ്രൊക്വയര്‍മെന്റ് ലഭിച്ചു.
ഐ ടി നിക്ഷേപകര്‍ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. സംസ്ഥാനത്ത് ഐ ടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുന്നു. കഴിഞ്ഞ ആഴ്ച ലുലു ഗ്രൂപ്പിന്റെ ഐ ടി പാര്‍ക്ക് എറണാകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. മറ്റൊരു 500 കോടി രൂപയുടെ നിക്ഷേപം കൂടി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി
കൊട്ടാരക്കര സോഹോയില്‍ ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടാണ് പദ്ധതി കേരളത്തില്‍ എത്തിച്ചത്. റോബോട്ടിക്‌സ്, നിര്‍മിതബുദ്ധി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവര്‍ത്തനം. ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും.