
konnivartha.com: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
തകര്‍ന്നുവീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം എന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണിത്. ആരോഗ്യരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണം എന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യം ഉന്നയിച്ചു .
സംസ്ഥാനത്തെ ആരോഗ്യ – വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലം പൂർണ്ണമായി തകർന്നിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായത് സർക്കാരിന്റെ ദയനീയ പരാജയത്തിന്റെ നേർക്കാഴ്ചയാണ്. ഈ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് ഉടനടി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല പത്തനംതിട്ടയില്‍ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് ഇന്ന് മൃതപ്രായമായി മാറിയിരിക്കുന്നു. കോട്ടയത്തെ സംഭവം “സിസ്റ്റമിക് ഫെയിലിയർ” ആണെന്ന് മന്ത്രി തന്നെ സമ്മതിക്കുമ്പോൾ ആ സിസ്റ്റം നിയന്ത്രിക്കാൻ കഴിവില്ലാത്ത മന്ത്രി എന്തിനാണ് സ്ഥാനത്ത് തുടരുന്നത്?. ഒരു ദുരന്തമുണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് അവിടെ ഒരു മനുഷ്യ ജീവനുണ്ടോ എന്ന് പരിശോധിക്കാൻ പോലും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞത്. ഒരു ഭർത്താവിന് തന്റെ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകേണ്ടിവന്നു ഒരു തിരച്ചിൽ ആരംഭിക്കാൻ. ഇത് സർക്കാരിന്റെ അനാസ്ഥയുടെ ആഴം വ്യക്തമാക്കുന്നു.
പല ആശുപത്രികളിലും മരുന്നില്ല. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ രോഗികൾ നരകയാതന അനുഭവിക്കുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേതുപോലുള്ള അപകടങ്ങൾ സംസ്ഥാനത്തുടനീളം പതിവായിരിക്കുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങുന്ന രോഗികൾ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ പ്രതീകമാണ്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ആരോഗ്യ പദ്ധതികളെല്ലാം അട്ടിമറിച്ച് പാവപ്പെട്ട രോഗികളെ സർക്കാർ മരണത്തിലേക്ക് തള്ളിവിടുകയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു .