നിപ:പാലക്കാട്ടെ 6 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

Spread the love

 

പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് നിപ രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

 

വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല എന്ന് അറിയിപ്പുണ്ട്.പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തച്ചനാട്ടുകര നാട്ടുകൽ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.ഇരുപതുദിവസം മുമ്പാണ് യുവതിക്ക് പനി തുടങ്ങിയത്.

 

പാലോട്, കരിങ്കല്ലത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് തുടക്കത്തിൽ ചികിത്സ തേടിയത്.സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ് രോ​ഗബാധിതരായത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെതുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!