Trending Now

ഇൻവെസ്റ്റ് കേരള: ഇതുവരെ തുടക്കമിട്ടത് 31,429.15 കോടി രൂപയുടെ 86 പദ്ധതികൾ

Spread the love

 

konnivartha.com: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായി 31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികൾക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടുള്ളതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. 20.28 ശതമാനം പദ്ധതികൾ നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയത് സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന്റെ ശക്തമായ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ 1,77,731.66 കോടി രൂപയുടെ 424 പദ്ധതികൾ ഇൻവെസ്റ്റ് കേരളയുടെ പട്ടികയിലുണ്ട്. ഇതിൽ 86 പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ഈ 86 പദ്ധതികൾ പൂർത്തിയാകുമ്പോൾ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. 156 പദ്ധതികൾക്ക് ഭൂമി ലഭിക്കാനുണ്ട്, 268 പദ്ധതികൾക്ക് ഭൂമി ലഭിച്ചിട്ടുണ്ട്.

എട്ട് കിൻഫ്ര പാർക്കുകളിൽ 1,011 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തിൽ 2,714 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും ഏപ്രിലിൽ നാല് പദ്ധതികൾക്കും തുടക്കമായി.

ജൂലൈയിലെ പ്രധാന പദ്ധതികളിൽ ഭാരത് ബയോടെക് കമ്പനിയുടേത് ശ്രദ്ധേയമാണ്. അങ്കമാലിയിലെ കെ.എസ്.ഐ.ഡി.സി പാർക്കിൽ ഈ മാസം ഈ പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും. കളമശേരിയിൽ അദാനി ഗ്രൂപ്പിന്റെ 600 കോടി രൂപയുടെ ലോജിസ്റ്റിക്സ് പദ്ധതി, പെരുമ്പാവൂരിൽ 500 കോടി രൂപയുടെ കെയ്ൻസ് ടെക്നോളജീസിന്റെ ഫ്ലെക്സിബിൾ പി.സി.ബി നിർമാണ പദ്ധതി എന്നിവയും ശ്രദ്ധേയമാണ്. കെയ്ൻസ് ടെക്നോളജീസിന്റെ പദ്ധതി 1,000 പേർക്ക് തൊഴിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കാക്കനാട്ട് നീറ്റാ ജെലാറ്റിൻ കമ്പനിയുടെ 250 കോടി രൂപയുടെ പദ്ധതിക്ക് ഉടൻ തുടക്കമാകും. തൃശൂരിൽ 500 കോടി രൂപയുടെ റിനൈ മെഡിസിറ്റി പദ്ധതിയും ആരംഭിക്കും. കൊല്ലത്ത് ഹെൽത്ത്കെയർ ഗവേഷണ മേഖലയിൽ 120 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റിൽ തുടങ്ങും. ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ കമ്പനിയായ ഐ.ബി.എം കേരളത്തിൽ നിക്ഷേപം വർധിപ്പിക്കുകയും അതിവേഗം വളരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

error: Content is protected !!