Trending Now

ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ

Spread the love

ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ:ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാം ബിരുദദാന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി പങ്കെടുത്തു

 

konnivartha.com: ആരോഗ്യ ടൂറിസത്തിന്റെയും ഹീൽ ഇൻ ഇന്ത്യയുടെയും കേന്ദ്രമായി ദക്ഷിണേന്ത്യ മാറുകയാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ. തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണെന്നും, അന്താരാഷ്ട്ര തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014 ന് മുൻപ് 387 മെഡിക്കൽ കോളേജ് എന്നതിൽ നിന്ന് 10 വർഷത്തിന് ശേഷം 750 ലധികം മെഡിക്കൽ കോളേജുകൾ എന്ന നിലയിലേക്ക് രാജ്യം വളർന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ എന്ന രീതിയിൽ നവീകരിച്ച് സമഗ്രമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി. മെഡിക്കൽ അടിസ്ഥാന സൗകര്യത്തിനായി 1.23 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ 10 വർഷം 10 ലക്ഷം കോടി രൂപ ചിലവഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുഷ്മാൻ ഭാരതിലൂടെ പാവപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഗവണ്മെന്റ് ഉറപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ 10.4 കോടി കുടുംബങ്ങൾ പദ്ധതിക്ക് കീഴിലുണ്ടെന്നും 50 കോടി ഗുണഭോക്താക്കൾ പ്രയോജനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വികസിത ഭാരതം 2047 എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും, ഒരു ഉത്പാദക രാജ്യമായി നാം മാറുമെന്നും കേന്ദ്രസഹമന്ത്രി ഊന്നി പറഞ്ഞു. റോഡ്, റെയിൽവേ, ഷിപ്പിങ് തുടങ്ങിയ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ ഗംഗ, ഓപ്പറേഷൻ കാവേരി,ഓപ്പറേഷൻ സിന്ധു എന്നീ ദൗത്യങ്ങളിലൂടെ ഇന്ത്യക്കാരെ സംഘർഷ ഭൂമിയിൽ നിന്ന് തിരികെ എത്തിക്കാൻ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മനിർഭർ ഭാരത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ കോവിഡ് വാക്‌സിൻ വിതരണം എന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ തദ്ദേശീയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി

പാകിസ്ഥാനും ഭീകരവാദത്തിനുമെതിരെ ശക്തമായ സന്ദേശം ഭാരതം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കെത്താൻ അടുത്ത 25 വർഷങ്ങൾ ഏറെ നിർണായകമാണെന്നും, കൂട്ടായ പരിശ്രമത്തിലൂടെ ആ ലക്ഷ്യത്തിലേക്ക് നാം എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തുടർന്ന് ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് വിദ്യാർത്ഥികൾക്ക് അദ്ദേഹം ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ചെയർമാൻ ഡോ. എ.സി. ഷൺമുഖം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേന്ദ്രസഹമന്ത്രിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ വിശിഷ്ടാതിഥിയായി.

error: Content is protected !!