
◾ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
◾ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും. വാണിജ്യ – വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് തപാല്‍ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ ഭാഗമാകും. പാല്‍ ആശുപത്രി അടക്കമുള്ള അവശ്യസര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
◾ എം.എസ്.സി എല്‍സ കപ്പലപകടത്തില്‍ 9531 കോടി രൂപ കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന ഇന്ന് രാവിലെ പുറപ്പെടാന്‍ പദ്ധതിയുള്ള എംഎസ്സി കമ്പനിയുടെ മറ്റൊരു കപ്പലായ അക്കിറ്റേറ്റ 2 കപ്പല്‍ അടിയന്തരമായി അറസ്റ്റ് ചെയ്യാനും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിന് ശേഷം മാത്രം കപ്പല്‍ വിട്ടയച്ചാല്‍ മതിയെന്നുമാണ് ഹൈക്കോടതി ഉത്തരവ്.
◾ കേരള സര്‍വകലാശാല സിന്റിക്കേറ്റിനും റജിസ്ട്രാര്‍ അനില്‍കുമാറിനുമെതിരെ, ചാന്‍സലറായ ഗവര്‍ണര്‍ നടപടിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനില്‍കുമാറിനെ ചുമതലയില്‍ നിന്ന് നീക്കാനാണ് രാജ്ഭവന്റെ ആലോചന. വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ നടപടിയിലേക്ക് നീങ്ങുന്നത്.
◾ കേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തേയും ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ കുറേക്കാലമായി ആരംഭിച്ച അധികാര തര്‍ക്കങ്ങള്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ അനിശ്ചിതത്വലാക്കിയെന്നും ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ത്തതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരു പോലെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം ശക്തമാവുന്നതിനിടെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. വീണ ജോര്‍ജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ചും സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
◾ മന്ത്രി സജി ചെറിയാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്നും സ്വകാര്യ ആശുപത്രികള്‍ക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും മന്ത്രി വീണ ജോര്‍ജ്ജ്. കേരളത്തിലെ ആശുപത്രികളെല്ലാം വന്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞത് അതിനെക്കുറിച്ചാവുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
◾ സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ ആശുപത്രികളെ ഇകഴ്ത്തി സംസാരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രസ്താവനയില്‍, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
◾ നിപ വ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.
◾ പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 9 പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണ്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി പനി ബാധിച്ചു. യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 208 പേരാണുള്ളത്. നിപയുടെ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ അവലോകന യോഗം ചേര്‍ന്നു.
◾ നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സൈബര്‍ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. അഞ്ചു ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
◾ ആരോഗ്യ മന്ത്രിക്കെതിരായ സമരങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. യൂത്ത് കോണ്‍ഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നുവെന്നും അപകടം ഉണ്ടാകുന്ന സമയത്ത്, അതിന്റെ പേരില്‍ ധിക്കാരവും ഗുണ്ടായിസവും കാണിക്കുന്നത് ശരിയല്ലെന്നും ധനമന്ത്രി പ്രതികരിച്ചു. ഞങ്ങള്‍ ചെയ്ത അത്രയും സമരങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ചെയ്തിട്ടുണ്ടാകില്ലെന്നും ആരെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയാല്‍ അവരെ ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നതാണോ സമരങ്ങളെന്നും നിലവാരമില്ലാത്ത സമരങ്ങള്‍ നടത്തരുതെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
◾ ചില പ്രത്യേക രോഗങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ പോയി ചികിത്സ തേടേണ്ടി വരുമെന്ന്, മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ജനപ്രതിനിധികള്‍ ഈ നാടിന്റെ ഭാഗമല്ലേയെന്നും അവര്‍ക്ക് നല്ല ചികിത്സ കിട്ടേണ്ടതല്ലേയെന്നും സാധാരണ ജനങ്ങള്‍ക്ക് ഇത്തരം അവസരം കിട്ടുന്നില്ല എന്നതില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
◾ കോണ്‍ഗ്രസ് സമര സംഗമ വേദിയില്‍ റീല്‍സ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് എംകെ രാഘവന്‍ എംപി. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചാല്‍ യുഡിഎഫിന് തിരിച്ചു വരാന്‍ കഴിയുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.
◾ ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 1444 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കിയില്ലെന്നും ഇതിനായി ഇനി കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായും വി ശിവന്‍കുട്ടി ആരോപിച്ചു.
◾ നിര്‍മ്മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അപകീര്‍ത്തികരമായ പരാമര്‍ശം സാന്ദ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
◾ കോന്നി പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തില്‍ ഒരു മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചിക്ക് മുകളില്‍ പാറ വീണാണ് അപകടം ഉണ്ടായത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു ഇതരസംസ്ഥാന തൊഴിലാളികളാണ് പാറമടയില്‍ അപകടത്തില്‍ പെട്ടത്.
◾ വനിതാ ബറ്റാലിയനില്‍ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ്. പൊലീസ് ചട്ടങ്ങള്‍ മറികടന്ന് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി ബറ്റാലിയന്‍ കമാണ്ടന്റ് പറയുന്നു. പൊലീസ് യൂണിഫോമില്‍ വ്യക്തിഗത അക്കൗണ്ടില്‍ ചിത്രം പങ്കുവയ്ക്കാന്‍ പാടില്ലെന്ന് ഡിജിപി ഉത്തരവുണ്ട്. ഇത് മറികടന്ന് റീലുകള്‍ ചിത്രീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കുലര്‍. നവമാധ്യമ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നല്‍കണമെന്നും കമാണ്ടന്റ് അറിയിച്ചു.
◾ വയനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ കമ്മിറ്റിയിലെ ലോക്കല്‍, ബ്രാഞ്ച് അംഗങ്ങള്‍ രംഗത്ത് വന്നു. കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചതടക്കം ജില്ലാ കമ്മിറ്റി പിടിക്കാന്‍ വേണ്ടി നടത്തുന്ന നീക്കമെന്ന ആരോപണമാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെയും അംഗങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. സിപിഎമ്മില്‍ പതിവില്ലാത്ത പരസ്യ പ്രതിഷേധത്തിനാണ് വയനാട്ടില്‍ വഴിതുറന്നിരിക്കുന്നത്.
◾ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ ചോദ്യം ചെയ്തു വിട്ടയച്ചു. ആവശ്യമെങ്കില്‍ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
◾ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് നോട്ടീസ് നല്‍കും. സുരേഷ് ഗോപി ധരിച്ചതായി കണ്ട മാല ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക.
◾ കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എസ്എച്ച്ഒ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
◾ കോഴിക്കോട് കാക്കൂരില്‍ ചേലാ കര്‍മ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍. മാസം തികയാതെ പ്രസവിച്ച വിവരം കുടുംബം അറിയിച്ചിരുന്നില്ലെന്നാണ് വിശദീകരണം. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.
◾ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഡെന്റല്‍ കോളേജിനോട് ചേര്‍ന്ന സംരക്ഷണഭിത്തി ഇന്നലെ രാത്രി തകര്‍ന്നു. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത രണ്ട് കാറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
◾ തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന്‍ കഴിച്ച ഭക്ഷണത്തിലെ കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
◾ ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റില്‍പ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും പെണ്‍കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
◾ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷ സമുദായത്തേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ന്യൂനപക്ഷ അവകാശങ്ങള്‍ മൗലികാവകാശങ്ങളാണെന്നും ദാനമല്ലെന്നും പറഞ്ഞ ഒവൈസി പാകിസ്ഥാനി, ബംഗ്ലാദേശി, ജിഹാദി, റോഹിങ്ക്യ എന്നിങ്ങനെയുള്ള പേരുകളില്‍ എല്ലാ ദിവസവും വിളിക്കപ്പെടുന്നത് ഒരു ആനുകൂല്യമാണോയെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയില്‍ നിന്ന് പോലും വിദ്വേഷ പ്രസംഗങ്ങളുടെ ലക്ഷ്യമാവുന്നത് ഒരു ബഹുമതിയാണോ എന്നും ചോദിച്ചു. ഒരു രാജാവിനെപ്പോലെയാണ് റിജിജു പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച ഒവൈസി, അദ്ദേഹത്തെ ന്യൂനപക്ഷ വിരുദ്ധ മന്ത്രി എന്നും വിളിച്ചു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇപ്പോള്‍ രാജ്യത്തെ പൗരന്മാരല്ല, മറിച്ച് ബന്ദികളാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
◾ വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഗഡ്കരി മുന്നറിയിപ്പ് നല്‍കി. നാഗ്പുരില്‍ ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.
◾ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃകമ്മീഷന്‍ നോട്ടീസ് അയച്ചു. സായ് സൂര്യ ഡെവലപ്പേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു മഹേഷ് ബാബു. രേഖകളില്ലാത്ത ഭൂമിയില്‍ വില്ലകളും ഫ്ലാറ്റുകളും പണിയാമെന്ന വ്യാജവാഗ്ദാനം നല്‍കി ഈ കമ്പനി പണം തട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹേഷ് ബാബുവിന് ഉപഭോക്തൃകമ്മീഷന്റെ നോട്ടീസ് അയച്ചത്.
◾ ബിഹാറിലെ പുര്‍ണിയയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.
◾ ഇറാനെതിരെ ആക്രമണം നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഇസ്രയേല്‍ ആയുധമാക്കിയെന്ന ഗുരുതര ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഐ എ ഇ എയുമായുള്ള ബന്ധം വിച്ഛേദിച്ചത് അതുകൊണ്ടാണെന്നും ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. അതേസമയം യുദ്ധം തുടരാന്‍ ഇറാന് ആഗ്രഹമില്ലെന്നും ആണവവിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് ഇപ്പോഴും ഇറാന്‍ സന്നദ്ധമാണെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഇറാന്‍ പ്രസിഡണ്ട് സമ്മതിച്ചു.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടണിലേക്ക് പുറപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിമാനം വൈകി. ഇസ്രയേലിലെ തീവ്ര യാഥാസ്ഥിതിക വിഭാഗക്കാരായ ഹരേദി ജൂതരുടെ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു വിമാനം വൈകിയതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾ ബ്രിക്‌സ് കൂട്ടായ്മയുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് സഹകരിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ പത്തുശതമാനം അധികനികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ച് ചൈന. വ്യാപാര-തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കുന്നില്ലെന്നും പ്രൊട്ടക്ഷനിസം കൊണ്ട് ഒരു വഴിയും തുറക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
◾ റഷ്യയുടെ മുന്‍ ഗതാഗതമന്ത്രി റൊമാന്‍ സ്റ്ററോവോയിറ്റിനെ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മോസ്‌കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചുവെന്നാണ് വിവരം. പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍, റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്കുകളെന്നും ട്രംപ് പറഞ്ഞു. 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
◾ വ്യക്തിഗത സ്‌കോര്‍ 367 റണ്‍സില്‍ നില്‍ക്കെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത് ഇതിഹാസ താരം ബ്രയാന്‍ ലാറയോടുള്ള ബഹുമാനമാണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ വിയാന്‍ മുള്‍ഡര്‍. സിംബാബ്വേക്കെതിരായ രണ്ടാം ടെസ്റ്റിലാണ് നാടകീയ ഡിക്ലറേഷന്‍ ഉണ്ടായത്. 334 പന്തില്‍ പുറത്താകാതെ 367 റണ്‍സ് എടുത്ത് നില്‍ക്കവെയാണ് നായകന്‍ കൂടിയായ താരം ടീമിന്റെ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത്. തകര്‍പ്പന്‍ ഫോമില്‍ കളിച്ച മുള്‍ഡര്‍, ഒരിന്നിംഗിസിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന ബ്രയാന്‍ ലാറയുടെ 400 റണ്‍സെന്ന ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കാതെ പിന്മാറിയത് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരുന്നു. ലാറയുടെ 400 റണ്‍സ് ലോക റെക്കോഡ് നേട്ടം ഇംഗ്ലണ്ടിനെതിരെ ആയിരുന്നുവെന്നും താന്‍ ഒരിക്കലും അതിലേക്ക് ലക്ഷ്യം വയ്ക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി. ഇനിയൊരിക്കല്‍ ഇങ്ങനെ അവസരം ലഭിച്ചാലും തീരുമാനം മാറില്ലെന്നും മുള്‍ഡര്‍ വിവരിച്ചു. ഇതിഹാസ താരങ്ങള്‍ ആണ് റെക്കോര്‍ഡുകള്‍ക്ക് ഉടമയാകേണ്ടതെന്നും മുള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.
◾ 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ സംയോജിത വരുമാനത്തില്‍ 31% വര്‍ധന. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 5,557.63 കോടിയായിരുന്നു. അക്ഷയ തൃതീയ ആഘോഷങ്ങളും വിവാഹ സീസണുമാണ് ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 31% വര്‍ധിക്കാനിടയാക്കിയത്. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ഷോപ്പുകളിലെ വില്‍പനയില്‍ 18 ശതമാനം വര്‍ധനയുണ്ട്. കല്യാണ്‍ ജുവലേഴ്സിന്റെ അന്താരാഷ്ട്ര ബിസിനസും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 31% വരുമാന വളര്‍ച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ബിസിനസില്‍ ഇക്കാലയളവില്‍ 26% വരുമാന വളര്‍ച്ച രേഖപ്പെടുത്തി. അവിടെ ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഷോറൂമുകളിലെ വില്‍പന മൂലമാണ് പ്രധാനമായും ഇത്. കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനത്തിന്റെ ഏകദേശം 15% അന്താരാഷ്ട്ര വിപണികളില്‍ നിന്നാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കാന്‍ഡെയറിന്റെ വരുമാനത്തില്‍ ഏകദേശം 67 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
◾ ജയറാമും മകന്‍ കാളിദാസും 22 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഒരുമിച്ചഭിനയിക്കുന്ന ‘ആശകള്‍ ആയിരം’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു വടക്കന്‍ സെല്‍ഫിയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജി. പ്രജിത് ആണ് ചിത്രം ഒരുക്കുന്നത്. അരവിന്ദ് രാജേന്ദ്രനും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചേര്‍ന്ന് സിനിമയുടെ രചന നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. ജൂഡ് ആന്റണി ജോസഫ് തന്നെയാണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളില്‍ ജയറാമിനൊപ്പം അഭിനയിച്ച് കാളിദാസ് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം നായകവേഷത്തില്‍ ജയറാമിനൊപ്പം ആശകള്‍ ആയിരത്തിലൂടെ വീണ്ടും തിരിച്ചെത്തുകയാണ് താരം. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ് ചെയ്യുന്നത് ഷഫീഖ് പിവിയാണ്.
◾ എം സി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘മീശ’യുടെ പ്രൊമോഷണല്‍ ഗാനം പുറത്തിറങ്ങി. ദി ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത് സൂരജ് എസ് കുറുപ്പ് തന്നെയാണ്. ഗാനത്തിന്റെ വരികള്‍ ദി ഇമ്പാച്ചിയും സൂരജും ചേര്‍ന്നാണ് രചിച്ചിട്ടുള്ളത്. സൗഹൃദവും സാഹോദര്യവും പൈതൃകവും പ്രതികാരത്തെയും കേന്ദ്രീകരിച്ച്, ‘മീശ’യെ ഒരാളുടെ വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായാണ് ഈ ഗാനത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് ‘മീശ’ യുടെ പ്രമേയം. തമിഴ് നടന്‍ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. കതിരിനു പുറമെ ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു , ഹസ്ലി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
◾ ഡല്‍ഹിയില്‍ 15 വര്‍ഷമായ പെട്രോള്‍, 10 വര്‍ഷമായ ഡീസല്‍ കാറുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചതോടെ അമ്പരപ്പിക്കുന്ന വിലക്കുറവിലാണ് പലരും ഡല്‍ഹിയില്‍ നിന്ന് കാറുകള്‍ സ്വന്തമാക്കുന്നത്. പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 350 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ കാമറകള്‍ സ്ഥാപിച്ചു. പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കാനും നടപടികള്‍ സ്വീകരിക്കാനുമായിരുന്നു ഈ നീക്കം. പഴക്കമുള്ള നാലു ചക്രവാഹനങ്ങള്‍ക്ക് 10,000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 5,000 രൂപയും പിഴയുമാണ് പ്രഖ്യാപിച്ചത്. 85 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബെന്‍സ് എസ്യുവി 2.5 ലക്ഷം രൂപയ്ക്ക് വിറ്റു. 40 ലക്ഷത്തിന്റെ മെഴ്സിഡീസ് ബെന്‍സ് സി ക്ലാസ് വിറ്റത് വെറും 4.25 ലക്ഷം രൂപയ്ക്ക്. കുറഞ്ഞ വിലയ്ക്ക് ആഡംബര കാറുകള്‍ ലഭിക്കുമെന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയാണ്. ഡല്‍ഹിയില്‍ വായു മലിനീകരണം ജനജീവിതത്തെ കാര്യമായി ബാധിച്ചതോടെ 2015ലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പഴക്കം ചെന്ന കാറുകള്‍ ഡല്‍ഹിയില്‍ നിരോധിക്കണമെന്ന നിര്‍ദേശം നല്‍കിയത്. 2025ല്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
◾ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ലഘുജീവചരിത്രവും പ്രശസ്തര്‍ അദ്ദേഹത്തെക്കുറിച്ചു നടത്തിയ അനുസ്മരണങ്ങളും. പി.പി. അബൂബക്കര്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ പ്രഭാത് പട്‌നായിക്, പ്രകാശ് കാരാട്ട്, രാഹുല്‍ ഗാന്ധി, എം.എ. ബേബി, ഡോ. മോഹന്‍ കാന്ദ, എ.കെ. ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ശശികുമാര്‍, ടി.കെ.എ. നായര്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, സഞ്ജയ ബാരു, വെങ്കിടേഷ് രാമകൃഷ്ണന്‍, എം.വൈ. തരിഗാമി, വി.ബി. പരമേശ്വരന്‍, മാനിനി ചാറ്റര്‍ജി, സച്ചിദാനന്ദന്‍, ടീസ്ത സെതല്‍വാദ്, ശബ്‌നം ഹാശ്മി, ഡോ. കെ.എന്‍. ഗണേശ്, സൊഹൈല്‍ ഹാശ്മി തുടങ്ങിയവരുടെ അനുസ്മരണങ്ങള്‍ ഉള്‍പ്പെടുന്നു. ‘ആധുനിക കമ്യൂണിസ്റ്റ്’. പി.പി അബൂബക്കര്‍. ഡിസി ബുക്സ്. വില 237 രൂപ.
◾ രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഹൃദയാഘാതത്തിനും ഹൃദ്രോഗ സംബന്ധിതമായ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് രക്തക്കുഴലുകളില്‍ ഓക്സിഡിറ്റീവ് സ്ട്രെസ്സിന് കാരണമായേക്കാമെന്നാണ് പഠന വിദഗ്ധര്‍ പറയുന്നത്. കൊളസ്ട്രോളും ധമനികളിലെ തടസ്സങ്ങളും മാത്രമാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പലരും കരുതുന്നു. യൂറിക് ആസിഡ് കൂടുതലാവുന്നതും ഹൃദയത്തെ ബോധിക്കുന്നുണ്ട്. പ്യൂരിന്‍ അധികമുള്ള റെഡ്മീറ്റ്, കരള്‍, നത്തോലി, മത്തി, കക്ക, തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. ഈ ഭക്ഷണങ്ങള്‍ ശരീരത്തിലെ യൂറിക് ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കും. കുറഞ്ഞ അളവില്‍ പോലും മദ്യം കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബിയര്‍ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ശരീരത്തില്‍ നന്നായി ജലാംശം നിലനിര്‍ത്തുന്നത് യൂറിക് ആസിഡ് പുറന്തള്ളാന്‍ വൃക്കകളെ സഹായിക്കുന്നു. കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുക. നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൊഴുപ്പ് കുറഞ്ഞ പാലും തൈരും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. മധുരപാനീയങ്ങളിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇവ ഉപേക്ഷിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിപ്പിക്കുന്നത് തടയാനുമാകും. ഒരു ദിവസം 4-5 കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് കാപ്പി കുടിക്കാത്തവരുമ മായി താരതമ്യം ചെയ്യുമ്പോള്‍ ഗൗട്ട്(സന്ധികളെ ബാധിക്കുന്ന ഒരു ഇന്‍ഫ്ലമേറ്ററി ആര്‍ത്രൈറ്റിസ് രോഗം) വരാനുള്ള സാധ്യത 59 ശതമാനംവരെ കുറവാണെന്ന് 2015-ലെ ഒരു പഠനം വ്യക്തമാക്കുന്നു.