
konnivartha.com: കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ പാറയിടിഞ്ഞു വീണ് കാണാതായ രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി പുറത്തെത്തിച്ചതോടെ പാറമട ദുരന്തത്തില്‍ രണ്ടു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു .
ഇന്നലെ ഉച്ചയ്ക്ക് പാറകള്‍ അടര്‍ന്നു വീണു രണ്ടു അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ് മരിച്ചത് . ഒരാളുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തി . മുപ്പതു മണിക്കൂര്‍ നീണ്ട ശ്രമം നടത്തിയ ശേഷം ആണ് രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തു എത്തിക്കാന്‍ കഴിഞ്ഞത് . പാറകള്‍ ഇടിഞ്ഞു വീഴുന്നതിനാല്‍ പല ശ്രമവും ഉപേക്ഷിച്ചു .
ഇന്ന് വൈകിട്ട് വലിയ യന്ത്രം കൊണ്ട് വന്നു വലിയ പാറ നീക്കം ചെയ്തു ആണ് ജെ സി ബിയ്ക്ക് ഉള്ളില്‍ ഉള്ള ഡ്രൈവറുടെ മൃതദേഹം പുറത്തു എത്തിച്ചത് . ആലപ്പുഴയിൽ നിന്നെത്തിച്ച ലോങ് ബൂം ഹിറ്റാച്ചി ഉപയോഗിച്ച് രാത്രി 7നു തുടങ്ങിയ തിരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെയാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ബിഹാർ സിമർല ജമുയ് ഗ്രാം സിമർലിയ അജയ് കുമാർ റായി(38)യുടെ മൃതദേഹം ക്യാബിനിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
അഗ്നിരക്ഷാ സേനയുടെ പ്രത്യേക ദൗത്യ സംഘത്തിലെ അമൽ, ജിത്ത്, ബിനുമോൻ എന്നിവരാണു വടത്തിൽ സാഹസികമായി താഴേക്കിറങ്ങി മൃതദേഹം പുറത്തെത്തിച്ചത്.മണ്ണുമാന്തി യന്ത്രത്തിലെ സഹായി ഒഡീഷ കൺധമൽ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്)യ്ക്കൊപ്പം അഗ്നിരക്ഷാ സേനയുടെ സ്പെഷൽ ടാസ്ക് ഫോഴ്സിലെ 20 അംഗ സംഘവും തിരച്ചിലിൽ പങ്കെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 3.30നാണ് പാറയിടിച്ചിൽ ഉണ്ടായത്. മടയിൽ പണിയെടുത്തുകൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്കാണ് കൂറ്റൻ പാറയുൾപ്പെടെ തകർന്നുവീണത്.
തിരച്ചിൽ ഏകോപിച്ച് ജില്ലാ ഭരണകൂടം
konnivartha.com: വൈകീട്ട് കൂടുതൽ ആധുനിക ഉപകരണങ്ങൾ എത്തിച്ച് തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്നും 24 മീറ്റർ ലോങ്ങ് ബൂം ഹിറ്റാച്ചി, ഹരിപ്പാട് നിന്ന് ഇരുമ്പ് വടം, കോട്ടയത്ത് നിന്ന് ഇതിന് ആവശ്യമായ ഹുക്ക് എന്നിവ ജില്ലാ ഭരണകൂടം സജ്ജമാക്കി. തുടർന്നുള്ള തിരച്ചിലിൽ മൃതദേഹം കിട്ടി. അഗ്നിസുരക്ഷ സേനയുടെ മൂന്ന് അംഗങ്ങൾ വടം ഉപയോഗിച്ച് 20 മീറ്ററോളം താഴെ ഇറങ്ങി അപകടത്തിൽ പെട്ട ഹിറ്റാച്ചിയിൽ നിന്നും രാത്രി ഒമ്പത് മണിയോടെ മൃതദേഹം പുറത്തെടുത്തു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, എഡിഎം ബി ജ്യോതി, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കി. പ്രതികൂല കാലവസ്ഥയേയും പാറ അടര്‍ന്ന് വീഴുന്ന അപകടകരമായ സാഹചര്യത്തെയും അതിജീവിച്ചായിരുന്നു തിരച്ചിൽ. രാത്രി ഏഴിന് ആരംഭിച്ച തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടു.
രാത്രിയിലെ തിരച്ചിലിന് അഗ്നിസുരക്ഷാ സേന അസ്ക ലൈറ്റും സജ്ജമാക്കിയിരുന്നു. തിങ്കളാഴ്ച
അപകടം ഉണ്ടായ ഉടന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്നുള്ള തിരച്ചലില്‍ ബീഹാർ സ്വദേശി മഹാദേവ് പ്രദാന്റെ മൃതദേഹം കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘം തിങ്കളാഴ്ച തന്നെ അപകട സ്ഥലത്ത് എത്തി.
റീജിയണല്‍ ഫയര്‍ ഓഫീസര്‍ എ ആര്‍ അരുണ്‍കുമാര്‍ അഗ്നിസുരക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ 35 സേനാംഗങ്ങള്‍ സജീവമായി പങ്കെടുത്തു. തിരുവനന്തപുരം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി 20 പേര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായിരുന്നു.
കോന്നി ഡി വൈ എസ് പി ജി അജയനാഥിന്റെ നേതൃത്വത്തില്‍ 35 പേരടങ്ങിയ പോലിസ് സംഘം സുരക്ഷയ്ക്കുണ്ടായി. റവന്യു, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സും സന്നിഹിതരായിരുന്നു.