
ദേശീയ പണിമുടക്ക്; കൊച്ചിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു, ആവശ്യ സർവീസുകൾക്ക് ഇളവ്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് കേരളത്തെ ബാധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.
കടകൾ അടച്ചിട്ടുരിക്കുകയാണ്. ചുരുക്കം ചില ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പൊലീസ് വാഹനങ്ങൾ സജീകരിച്ചിട്ടുണ്ട്. കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു.
തൃശൂർ ഡിപ്പോയിൽ നിന്ന് രണ്ട് ബസുകൾ രാവിലെ സർവീസ് നടത്തി. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. കേരള സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെട്ടത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്ന് ഉച്ചയ്ക്ക് പ്രതിഷേധ സംഗമം നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ രണ്ട് മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിക്കും. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
തൊഴിലാളികളും കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലയിലുള്ളവരും പങ്കെടുക്കുന്നതിനാൽ ജനജീവിതം സ്തംഭിച്ചു. റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ, ടൂറിസം മേഖല എന്നിവയേയും ഒഴിവാക്കിയിട്ടുണ്ട്.
യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 7 മണിക്കൂർ പിന്നിട്ടു
പൊലീസ് സംരക്ഷണമില്ലാത്തതിനാൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.
തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.
കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെ യാത്രക്കാർ വലഞ്ഞു. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്. കൊച്ചിയിൽ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന് ജീവനക്കാർ പറഞ്ഞു.