
പഴവര്‍ഗ പ്രദര്‍ശനവും വിപണനവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ആരംഭിച്ചു. മാരാമണ്‍ നെടുമ്പ്രയാര്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ടൂറിസം മാപ്പ് പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സാറാ പി. തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എല്‍സി ക്രിസ്റ്റഫര്‍ ആദ്യവില്പന നടത്തി.
സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സമൃദ്ധി കര്‍ഷകസംഘമാണ് ഫെസ്റ്റ് നടത്തുന്നത്. ജൂലൈ 12 വരെയാണ് ഫെസ്റ്റ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് പ്രദര്‍ശനം. വിവിധതരം പഴങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, പഴങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഫലവൃക്ഷതൈകള്‍, ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍, നവീന ജലസേചനവിദ്യകള്‍, ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം ഫെസ്റ്റിലൂടെ അറിയാം.
കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാനും പഴവര്‍ഗ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും വ്യവസായം, ടൂറിസം മേഖലകളുടെ വികസനവുമാണ് ഫെസ്റ്റ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അഡ്വ. ആര്. കൃഷ്ണകുമാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രന്, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജസി മാത്യു, അംഗങ്ങളായ രശ്മി ആര്. നായര്‍, അഡ്വ. റ്റി.കെ. രാമചന്ദ്രന് നായര്‍, റെന്സിന് കെ രാജന്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഐ. സുബൈര്‍കുട്ടി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയാസ്, കൃഷി ഓഫീസര്‍ ലത മേരി തോമസ്, തിരുവല്ല താലൂക്ക് എ.ഡി.ഐ.ഒ സ്വപ്ന ദാസ്, പഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാര്‍, സമൃദ്ധി കര്‍ഷക സംഘം പ്രസിഡന്റ് സി പി ഗോപകുമാര്‍, ത്രിതലപഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.