പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/07/2025 )

Spread the love

വായനാപക്ഷാചരണം ആസ്വാദനക്കുറിപ്പ്: സമ്മാന വിതരണം ഇന്ന് (ജൂലൈ 17, വ്യാഴം)

വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജൂലൈ 17 (വ്യാഴം) ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റ് ചേമ്പറില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദ, ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രലക്ഷ്മി, തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധ സന്തോഷ് എന്നിവര്‍ക്കാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ ദീപു, കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ, മല്ലപ്പള്ളി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമി അഭിലാഷ് എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.

 

വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ്: ജില്ലയില്‍ 99 പരാതി തീര്‍പ്പാക്കി

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 99 പരാതി തീര്‍പ്പാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ദിവസമായാണ് സിറ്റിംഗ് നടന്നത്. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. വിവരാവകാശ നിയമം സംബന്ധിച്ച് ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് കമ്മീഷണര്‍ പറഞ്ഞു.

വിവരാവകാശ നിയമം അനുസരിച്ച് ലഭിക്കുന്ന അപേക്ഷയ്ക്ക് നല്‍കുന്ന വിവരം പൂര്‍ണവും വ്യക്തവും ആയിരിക്കണം. അല്ലെങ്കില്‍ മറുപടി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

 

 

എഴുമറ്റൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ജൂലൈ 17, വ്യാഴം)

എഴുമറ്റൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ജൂലൈ 17, വ്യാഴം) ഉച്ചയ്ക്ക് 2.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും. സംസ്ഥാന നിര്‍മിതി കേന്ദ്രം കോഴഞ്ചേരി റീജിയണല്‍ എഞ്ചിനീയര്‍ എ.കെ. ഗീതമ്മാള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ജോസഫ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ജൂലൈ 17, വ്യാഴം)

കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ജൂലൈ 17, വ്യാഴം) ഉച്ചയ്ക്ക് 3.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും. സംസ്ഥാന നിര്‍മിതി കേന്ദ്രം അടൂര്‍ റീജിയണല്‍ എഞ്ചിനീയര്‍ എസ് ഷീജ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം ഇന്ന് (ജൂലൈ 17, വ്യാഴം) മുതല്‍

നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍.

പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 (ഇന്ന്) മുതല്‍ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കര്‍ക്കിടക മാസത്തില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തും.

തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര.

സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂര്‍ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോര്‍ഡിനേറ്റര്‍ 9744348037.

 

പട്ടയമേളയ്‌ക്കൊരുങ്ങി പത്തനംതിട്ട

‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന മുദ്രാവാക്യവുമായി റവന്യു വകുപ്പ് പട്ടയമേള ജൂലൈ 21 രാവിലെ 10 മുതല്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കൈവശരേഖ കൈമാറും. ജില്ലയില്‍ ഏഴ് മുന്‍സിപ്പല്‍ പട്ടയം, 59 എല്‍ടി, 192 എല്‍ എ, 49 വനാവകാശരേഖയും ഉള്‍പ്പെടെ 307 പട്ടയമാണ് വിതരണത്തിന് സജ്ജമായത്.

കോന്നി (36), റാന്നി (79), ആറന്മുള (80), തിരുവല്ല (24), അടൂര്‍ (39) എന്നിങ്ങനെയാണ് ജില്ലയില്‍ പട്ടയം വിതരണം ചെയ്യുന്നത്. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 16 കൈവശക്കാര്‍ക്ക് പട്ടയം നല്‍കും. പട്ടയമിഷന്റെ ഭാഗമായി പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാര്‍ക്കും പട്ടയം ലഭിക്കും. പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്. പെരുമ്പെട്ടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നടപടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സര്‍വേ നടപടി പൂര്‍ത്തിയാക്കുന്നതനുസരിച്ച് കൈവശക്കാരുടെ പട്ടയ അപേക്ഷയില്‍ നടപടി സ്വീകരിക്കും.

 

മലമ്പണ്ടാര കുടുംബങ്ങള്‍ക്കും പട്ടയം

മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങള്‍ ഇനി ഭൂമിയുടെ സ്ഥിരം അവകാശികള്‍. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന മുദ്രാവാക്യവുമായി ജൂലൈ 21ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പട്ടയമേളയിലാണ് ഇവര്‍ ഭൂവുടമകളാകുന്നത്. വനാവകാശ നിയമപ്രകാരം ഒരേക്കര്‍ ഭൂമി വീതം ലഭ്യമാക്കും. കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലൊന്നാണ് മലമ്പണ്ടാരം. ഉള്‍വനങ്ങളില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിച്ചാണ് ഉപജീവനം.

കോന്നിയില്‍ 32 ഉം റാന്നിയില്‍ 17 ഉം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും. കോന്നി സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ ഭാഗത്ത് സായിപ്പിന്‍ കുഴി, ഗുരുനാഥന്‍ മണ്ണിലെ ചിപ്പന്‍ കുഴി, ഗവി, കക്കി എന്നിവിടങ്ങളില്‍ താമസിക്കുന്ന 32 മലമ്പണ്ടാര കുടുംബങ്ങള്‍ക്കും കൈവശ രേഖ നല്‍കും.

റാന്നി ചാലക്കയം, പ്ലാപ്പള്ളി എന്നിവ ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ താമസിച്ചിരുന്ന 37 മലമ്പണ്ടാര കുടുംബങ്ങളിലെ 20 പേര്‍ക്ക് 2023 ല്‍ ഭൂമി നല്‍കിയിരുന്നു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞത്തോട് പ്രകൃതിയിലാണ് ഇവര്‍ക്ക് ഇടമൊരുക്കിയത്. ശേഷിക്കുന്ന 17 കുടുംബങ്ങള്‍ക്ക് 21ന് കൈവശ രേഖ നല്‍കും.

 

വായനാമല്‍സരം: പുരസ്‌കാര വിതരണം ജൂലൈ 18 ന് (വെള്ളി)

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വായനാ മല്‍സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം ജൂലൈ 18 (വെള്ളി) രാവിലെ 10 ന് പന്തളം എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളില്‍ നടക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോല്‍സവ ഗാനരചയിതാവ് ഭദ്രാ ഹരി പുരസ്‌കാരം വിതരണം ചെയ്യും. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത്കുമാര്‍ അധ്യക്ഷനാകും. സെക്രട്ടറി ജി പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ ജി ദീപു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി രാജേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

 

ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ദുരന്ത ലഘൂകരണ, ദുരന്താനന്തര പ്രവര്‍ത്തനം ശക്തിപെടുത്തുന്നതിന് പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐഎജി) പുന:സംഘടിപ്പിക്കുന്നു. സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒഎസ്), മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് എട്ട്. രജിസ്‌ട്രേഷന് https://forms.gle/uCSEb3YobcCJAAwS7. ഫോണ്‍ : 0468 2222505.

 

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ 90 ദിവസത്തേയ്ക്കാണ് നിയമനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 21 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 0468 2322762.

 

കര്‍ഷക പരിശീലനം

അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ ജൂലൈ 21 മുതല്‍ 26 വരെ പരിശീലനം നടത്തുന്നു. ഫോണ്‍ : 9447305100, 9496332048, 04734 299869, 8304948553.

 

 

ഐടിഐ പ്രവേശനം

റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ പ്രവേശനത്തിന് വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ഒഴിവുണ്ട്. ഇന്ന് (ജൂലൈ 17, വ്യാഴം) മുതല്‍ 21 വരെ തീയതികളില്‍ അപേക്ഷിക്കാം. ഫോണ്‍: 04735 296090.

 

പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള മുഖേനെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 11 -ാം ബാച്ച് പ്രവേശന തീയതി ഓഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 23 വരെയും നീട്ടി. പുന:പ്രവേശന ഫീസ് 500 രൂപ. വെബ്‌സൈറ്റ് : www.scolekerala.org

 

 

സീറ്റ് ഒഴിവ്

സര്‍ക്കാര്‍ ഐ.ടി.ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി , ഫീസ് സഹിതം പ്രവേശനം നേടാം. പ്രായപരിധി ഇല്ല. ഫോണ്‍ :0468 2259952, 9961276122, 9995686848, 8075525879.

 

error: Content is protected !!