
വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുളള പ്രാര്‍ത്ഥനയോടെ വിശ്വാസികൾ, കർക്കിടകം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കി രാമായണമാസത്തെ വരവേൽക്കുന്നതിനായി തയ്യാറാകാറുണ്ട്.
പണ്ടൊക്കെ കർക്കിടക മാസത്തിലെ ആദ്യ ദിവസം മുതൽ, എല്ലാ ദിവസവും സൂര്യാസ്തമയത്തിനുശേഷം വീട്ടിലെ എല്ലാ അംഗങ്ങളും ഒത്തുകൂടി വിളക്ക് കൊളുത്തി, അതിന്റെ സമീപം ഇരുന്ന് ‘അധ്യാത്മ രാമായണ’ത്തിലെ (രാമായണത്തിന്റെ മലയാള പതിപ്പ്) ശ്ലോകങ്ങൾ ചൊല്ലും. കർക്കിടക മാസത്തിന്റെ അവസാന ദിവസം രാമായണ പാരായണം അവസാനിക്കുന്ന രീതിയിലാണ് ഈ പാരായണം ചിട്ടപ്പെടുത്തുന്നത്.
എന്നാൽ ഇന്ന് വീടുകളിൽ രാമായണം വായിക്കുന്നത് വളരെ അപൂർവമാണ്. ഇപ്പോൾ മുഖ്യമായും ക്ഷേത്രങ്ങളിൽ മാത്രമാണ് പാരായണം നടക്കുന്നത്. ഈ മാസം നിരവധി മത-ആത്മീയ സംഘടനകൾ രാമായണത്തെ അടിസ്ഥാനമാക്കി നാടകങ്ങൾ, പൊതുപ്രഭാഷണങ്ങൾ, പാരായണങ്ങൾ, ക്വിസ് മത്സരം എന്നിവ നടത്താറുണ്ട്.
കൂടാതെ, കോട്ടയം, തൃശൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് ക്ഷേത്രങ്ങളിലേക്ക് വിശ്വാസികൾ തീർത്ഥാടനം നടത്താറുണ്ട്. ഈ ആചാരം ‘നാലമ്പലം ദർശനം’ എന്നാണ് അറിയപ്പെടുന്നത്. മലയാള കലണ്ടറിൽ കർക്കിടകം മാസം അവസാന മാസമാണ്, ഈ സമയത്ത് മൺസൂൺ അതിന്റെ ഉച്ചസ്ഥായിലായിരിക്കും. കനത്ത മഴ കാരണം, ഈ മാസം ‘പഞ്ഞമാസം’ അല്ലെങ്കിൽ ‘ക്ഷാമകാലം’ എന്നും അറിയപ്പെടുന്നു.
പണ്ട് മഴ കനക്കുന്നതോടെ വയലുകൾ വെള്ളത്തിനടിയിലാവുകയും, ആളുകൾക്ക് കാര്യമായ ജോലിയൊന്നും ചെയ്യാനാകാതെ ഇരിക്കുന്ന സമയത്ത് പ്രകൃതിയുടെ കോപത്തിൽ നിന്ന് രക്ഷപ്പെടാൻ അവർ തുടങ്ങി വെച്ചതാണ് ഈ രാമായണപാരായണം. വാൽമീകി രചിച്ച ഈ സംസ്കൃത ഇതിഹാസകാവ്യം, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളത്തിലേക്ക് ‘അധ്യാത്മ രാമായണ കിളിപ്പാട്ട്’ എന്ന പേരിൽ വിവർത്തനം ചെയ്തതാണ് ഇന്ന് നമ്മൾ വായിക്കുന്ന രാമായണം.
രാമന്റെ ധർമസങ്കടങ്ങളിലൂടെ, സീതയുടെ കഠിനദുഃഖങ്ങളിലൂടെ വായിക്കുന്നയാളും നടക്കുന്ന ഈ ഗ്രന്ഥം, മാതാപിതാക്കളും മക്കളും സഹോദരങ്ങളും ഭാര്യയും ഭർത്താവും സുഹൃത്തും രാജാവും പ്രജയുമൊക്കെ എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും പഠിക്കുന്നുണ്ട്. ഇത് പാരായണം ചെയ്യുന്നതിലൂടെ വിശ്വാസികളുടെ മനസ്സിലെ ഇരുൾ മായ്ച്ചു വിജ്ഞാന പ്രകാശം പ്രസരിപ്പിക്കും.