കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ലോഗോ പ്രകാശനം ചെയ്തു

Spread the love

 

ജനാധിപത്യപരമായ ഒരു സിനിമാനയരൂപീകരണം ചരിത്രത്തിലാദ്യം: മന്ത്രി സജി ചെറിയാന്‍:കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത്

 

konnivartha.com: തിരുവനന്തപുരം: ജനാധിപത്യപരമായി കേരളത്തില്‍ നടക്കുന്ന സിനിമാനയരൂപീകരണം സിനിമാ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കുമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍.

സിനിമയുടെ സമസ്ത മേഖലകളെ പരിഗണിച്ചും എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുമുള്ള സമഗ്രമായ ഒരു സിനിമാനയത്തിലേക്കാണ് കേരളം കടക്കുന്നത്. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക, കള്‍ച്ചറല്‍ ക്രിയേറ്റിവ് ഇന്‍ഡസ്ട്രിയുടെ സാധ്യത പരിശോധിക്കുക, തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കുക, സ്ത്രീ സുരക്ഷയ്ക്കായുള്ള നടപടികള്‍ ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്കു പരിഹാരമായാണ് ജനാധിപത്യ സിനിമാനയം രൂപീകരിക്കപ്പെടുന്നത് . ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് 2025 ഓഗസ്റ്റ് 2, 3 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവ്- മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കോണ്‍ക്ലേവ് രാജ്യത്തിനു തന്നെ പ്രയോജനപ്പെടുന്ന ഒരു പരിപാടി ആയി മാറും. ഒരു സിനിമാനയം എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നത് സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ദിശാബോധം നല്‍കുന്ന ഒരു കോണ്‍ക്ലേവ് ആയി ഈ പരിപാടി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്- മന്ത്രി പറഞ്ഞു.

ഹോട്ടല്‍ ഹൊറൈസണില്‍ നടത്തിയ ചടങ്ങില്‍ കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ എ എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. മധുപാല്‍, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി. എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.

കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച് നടത്തുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകും. സിനിമയുടെ വിവിധ വശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇന്ത്യയില്‍ ഇതിനോടകം സിനിമാനയം രൂപീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, നാഷണല്‍ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികള്‍, ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍, അന്താരാഷ്ട്ര സിനിമയിലെ പ്രമുഖര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സിനിമാ സംഘടനകള്‍, തൊഴില്‍-നിയമ രംഗങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചാവും സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തുക.

സിനിമയെ സംബന്ധിച്ച കേരള സര്‍ക്കാരിന്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ച്ചപ്പാടിനെ തുടര്‍ന്നാണ് സിനിമാ നയ രൂപീകരണം എന്ന ആശയം ഉടലെടുത്തത്. ഇതിനായി 2023 ജൂണില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ആയിരുന്ന ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുമായി ഏകോപനം നടത്തിയും ഇരുപതോളം കൂടിക്കാഴ്ചകളിലൂടെ സമവായം രൂപീകരിച്ചുമാണ് സിനിമാ നയ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്. അത്തരത്തില്‍ വ്യക്തിഗതമായും സംഘടനാതലത്തിലും വിശദമായ ചര്‍ച്ചകള്‍ നടത്തി ഒരു നയത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത് ഒരു പക്ഷേ കേരള ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും – മന്ത്രി പറഞ്ഞു. ഈ രൂപരേഖ പൂര്‍ണമായും കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. കോണ്‍ക്ലേവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിയും. അതില്‍ നിന്ന് ഒരു നയത്തിലേക്ക് നമുക്ക് എത്താന്‍ കഴിയും.

രണ്ടു ദിവസങ്ങളിലുമായി ഒമ്പത് സെഷനുകളാണ് കോണ്‍ക്ലേവില്‍ ഉണ്ടാവുക. ആദ്യ ദിവസം രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം അഞ്ചു സെഷനുകള്‍ അഞ്ചു വ്യത്യസ്ത വേദികളില്‍ ഒരേ സമയം നടക്കും. ഉച്ചയ്ക്കു ശേഷം പ്ലീനറി സെഷനുണ്ടാകും. പ്ലീനറി സെഷനില്‍ ഓരോ ചര്‍ച്ചാവേദികളില്‍ നിന്നുമുള്ള മോഡറേറ്റര്‍മാര്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന്, നാലരയ്ക്ക് ഓപ്പണ്‍ ഫോറമുണ്ടാകും. ആ സമയത്ത് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ പ്രതിനിധികള്‍ക്ക് ചോദിക്കാം. ഈ ചോദ്യോത്തരവേളയിലൂടെ ഒരു ജനാധിപത്യപരമായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നയരൂപീകരണമുണ്ടാകുന്നത്.

error: Content is protected !!