പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/07/2025 )

Spread the love

വനിത കമ്മീഷന്‍ സിറ്റിംഗ്  ജൂലൈ 25 ന്

വനിത കമ്മീഷന്‍ സിറ്റിംഗ്  ജൂലൈ 25 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.


കരാര്‍ നിയമനം

റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം  ജൂലൈ 21 പകല്‍  മൂന്നിന് മുമ്പ്  അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്‍മാരെയാണ് നിയമിക്കുന്നത്. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 240478.


അതിഥി അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍  55 ശതമാനം മാര്‍ക്കോടെ  പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി /നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.

ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.


ദര്‍ഘാസ്

കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂലൈ 26. ഫോണ്‍ : 04735 245613.


ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രത്തില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :  7994926081.


ലേലം

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി എഫ് ആര്‍ ഡി ) ഉടമസ്ഥതയിലുളള വാഹനം ജൂലൈ 19 ന് രാവിലെ 11 ന് സി എഫ് ആര്‍ ഡി കാമ്പസില്‍ ലേലം ചെയ്യും. ഫോണ്‍ : 8281486120.

ലഹരി വിരുദ്ധ ബോധവല്‍കരണം

നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കൂടല്‍ ജിവിഎച്ച്എസ്എസില്‍ അധ്യാപകര്‍, ജീവനക്കാര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.  പിടിഎ പ്രസിഡന്റ്  ആര്‍. ദിലീപ്  ഉദ്ഘാടനം ചെയ്തു.  പ്രിന്‍സിപ്പല്‍ സൈജാ റാണി അധ്യക്ഷയായി. ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ റോസ് മേരി വര്‍ക്കി, സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ കെ.ബി  ബിജു, പ്രധാനധ്യാപിക എസ്. ബിന്ദു,  എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ആന്‍ഡ് വിമുക്തി  മെന്റര്‍  വി ബിനു, വിമുക്തി കോര്‍ഡിനേറ്റര്‍ രാജീവ് ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.


തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് , സി സി ടി വി കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
ഫോണ്‍ : 9526229998 വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍

 

വായന പക്ഷാചരണം: ആസ്വാദനക്കുറിപ്പ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു:
അറിവിനൊപ്പം ചിന്തയേയും ഉണര്‍ത്തുന്നതാണ് വായനയെന്ന് ജില്ലാ കലക്ടര്‍

വായന പക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും    സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. കുട്ടിക്കാലത്തെ വായനാശീലം അറിവിനൊപ്പം ചിന്തയേയും സര്‍ഗാത്മകതയേയും വളര്‍ത്തും. പുതിയ തലമുറയുടെ വായനാരീതി ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ട്.

പഠനത്തോടൊപ്പം ദിനപത്രമുള്‍പ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ കുട്ടികള്‍ സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
മത്സര വിജയികളായ ആര്‍. ഋതുനന്ദ (ജിയുപിഎസ് പൂഴിക്കാട്), ആര്‍ദ്രലക്ഷ്മി (ജിവിഎച്ച്എസ്എസ് ആറന്മുള), ശ്രദ്ധ സന്തോഷ് (തെങ്ങമം യുപിഎസ്), ആല്യ ദീപു (ഭവന്‍സ് വിദ്യാമന്ദിര്‍ പത്തനംതിട്ട), ദേവനന്ദ (സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസ് കൈപ്പട്ടൂര്‍), അഭിരാമി അഭിലാഷ് (ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മല്ലപ്പള്ളി) എന്നിവര്‍ കലക്ടറില്‍ നിന്ന്  സമ്മാനവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ എന്നിവര്‍ പങ്കെടുത്തു.

അക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപു

അക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപുവിന് ഇരട്ടി മധുരം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനൊപ്പം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ആല്യ.

പഠനത്തില്‍ മികവുപുലര്‍ത്തുന്ന ആല്യ നാലു പുസ്തകങ്ങളും സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒത്തിരി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറില്‍ നിന്ന് ഒരു പുരസ്‌കാരം ലഭിക്കുന്നത് ആദ്യമാണെന്ന് ആല്യ പറഞ്ഞു.

പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആല്യയുടെ രചനയേറെയും ഇംഗ്ലീഷിലാണ്.  ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2023ല്‍ ആദ്യ പുസ്തകം ‘എ ഗേള്‍സ് ഡ്രീം’ പ്രസിദ്ധീകരിച്ചു. ദി ലൈഫ് ഓഫ് റോക്കി, ഡാ ഗാഡിയന്‍സ് ഓഫ് ഗയ, ആര്‍ ആന്‍ഡ് എ : ദ സ്‌കെല്‍ട്ടന്‍ പൈറേറ്റ്‌സ് എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. മുണ്ടുകോട്ടക്കല്‍ ആരാമം വീട്ടില്‍ എ പി ദിപുവിന്റെയും ആശയുടെയും മകളാണ്. അമീലിയ ആണ് സഹോദരി.

അത്യാധുനിക  സൗകര്യം ഒരുക്കി മെഡിക്കല്‍ കോളജ്

ആതുര സേവന രംഗത്ത് വികസന കുതിപ്പോടെ കോന്നി മെഡിക്കല്‍ കോളജ്.
കുറഞ്ഞ ചിലവില്‍ ആധുനിക നിലവാരത്തിലുള്ള ചികിത്സ നല്‍കുന്നതിന് ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, സൈക്കാട്രി, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഫുള്‍ ഓട്ടോമാറ്റിക്ക് ഹെമറ്റോളജി, സെമി ഓട്ടോമാറ്റിക്ക് യൂറിന്‍ അനലൈസര്‍, മൈക്രോസ്‌കോപ്പ്, ഇന്‍ കുബേറ്റര്‍, ഹോട്ട് എയര്‍ ഓവന്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ലബോറട്ടറി.  ജില്ലയിലെ ആദ്യ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാനും ഇവിടെയുണ്ട്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ സി.ടി, അള്‍ട്രാസൗണ്ട്, എക്‌സ്റേ സൗകര്യവും അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കി അത്യാധുനിക ഫാര്‍മസിയും ബ്ലഡ് ബാങ്കും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പ് സേവനവും സജ്ജം.

ആശുപത്രി വികനത്തിന്റെ ആദ്യ ഘട്ടത്തില്‍ 167.33 കോടി രൂപ വിനിയോഗിച്ച് 300 കിടക്കകളുള്ള ആശുപത്രി- അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചു. അത്യാഹിതം, ഒ.പി, ഐ.പി വിഭാഗങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത് ചികിത്സയ്ക്കായി മറ്റു ജില്ലകളെ ആശ്രയിച്ചിരുന്ന മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഉപകാരമായി.

കിഫ്ബി വഴി രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് അനുവദിച്ച 351.72 കോടി രൂപയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ആശുപത്രിക്കും കോളജിനും അഡ്മിനിസ്ട്രേഷനുമായി പുതിയ ബ്ലോക്ക്, വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഡീന്‍സ് വില്ല, ഓഡിറ്റോറിയം, മോര്‍ച്ചറി, ലോണ്‍ട്രി തുടങ്ങിയവയുടെ നിര്‍മാണമാണ് രണ്ടാം ഘട്ടത്തിലുള്‍പ്പെടുന്നത്.
ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പൊലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹം സൂക്ഷിക്കാന്‍ 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നാലു ഓട്ടോപ്സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂം, റിസപ്ഷന്‍ എന്നിവയും സജ്ജമാക്കി.

20 കിടക്കകളുള്ള ഐസിയു, ഏഴ് വെന്റിലേറ്റര്‍ ബെഡുകള്‍, ലക്ഷ്യ നിലവാരത്തില്‍ മൂന്നര കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ റൂം, വാര്‍ഡുകള്‍ എന്നിവയും പൂര്‍ത്തിയായി. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേര്‍ന്ന ഏഴുനില ആശുപത്രി കെട്ടിടവും 800 സീറ്റുള്ള ഓഡിറ്റോറിയത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.
സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ആരോഗ്യ മേഖലയിലേത്. സാന്ത്വന പരിചരണത്തോടൊപ്പം വിദ്യാഭ്യാസ മേഖലയ്ക്കും മുതല്‍ക്കുട്ടാണ് കോന്നി മെഡിക്കല്‍ കോളജ്.
ജില്ലയിലെ ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ ഇവിടെ എംബിബിഎസ് പഠനത്തിനെത്തിയിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ഓളോം വിദ്യാര്‍ഥികളാണ്.

ഫുഡ്‌സ്‌കേപ്പിഗ് പദ്ധതി: മൂന്നാംഘട്ടത്തിന് തുടക്കം

പത്തനംതിട്ട നഗരസഭ  ഉറവിടമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഫുഡ്സ്‌കേപ്പിംഗ് പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം ജില്ലാ കലക്ടറുടെ  ഔദ്യോഗിക വസതിയില്‍ നഗരസഭ അധ്യക്ഷന്‍ റ്റി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി.

ഓണക്കാലത്തേക്കുള്ള വിഷരഹിത പച്ചക്കറിയാണ് ലക്ഷ്യം. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ ഭക്ഷണശാലയിലെ ജൈവ മാലിന്യം ശേഖരിച്ച് തയാറാക്കിയ വളം കൃഷിക്ക് ഉപയോഗിക്കും. ഹരിത കര്‍മസേന പരിപാലനം ഉറപ്പു വരുത്തും. നഗരസഭ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറിതോട്ടം ആരംഭിക്കുന്നത്.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജെറി അലക്‌സ്, അംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, നഗരസഭ ഫാര്‍മേഴ്സ് ക്ലബ് സെക്രട്ടറി ചന്ദ്രനാഥന്‍, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, കൃഷി ഓഫീസര്‍ ഷിബി എന്നിവര്‍ പങ്കെടുത്തു.

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ്പ് അവാര്‍ഡ്

ജില്ലാ വിഭാഗത്തില്‍ പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ് അയിരൂര്‍ ആയുര്‍വേദ ആശുപത്രിക്ക്. 92.78 ശതമാനം മാര്‍ക്കോടുകൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 150000 രൂപയും കരസ്ഥമാക്കി. ഹെല്‍ത്ത്  ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ 97.92 ശതമാനം മാര്‍ക്കോടെ കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഹോമിയോപ്പതിയില്‍ 99.58ശതാനം മാര്‍ക്കോടുകൂടി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഹോമിയോ-ആയുര്‍വേദ സ്ഥാപനങ്ങളായ തുമ്പമണ്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കുന്നന്താം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കവിയൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, പുതുശേരിമല സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, ചുങ്കപ്പാറ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, പള്ളിക്കല്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി തുടങ്ങിയവ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍  വിഭാഗത്തില്‍ കമന്‍ഡേഷവന്‍ അവാര്‍ഡും മുപ്പതിനായിരം രൂപയും കരസ്ഥമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവാര്‍ഡ് പ്രഖ്യാപിച്ചു. ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്. ഈ സര്‍ക്കാരിന്റെ കാലത്ത് 250 ആയുഷ്സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതായി മന്ത്രി വ്യക്തമാക്കി

 

error: Content is protected !!