
268 കുടംബങ്ങള്‍ക്ക് പട്ടയം:ജില്ലാതല പട്ടയമേള ജൂലൈ 21 ന് (തിങ്കള്‍) മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും
ജില്ലാതല പട്ടയമേള ജൂലൈ 21 (തിങ്കള്‍)ന് രാവിലെ 10 ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കോന്നി, റാന്നി, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ 268 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല പട്ടയമേള സംഘടിപ്പിക്കുന്നത്.
പട്ടയമിഷന്റെ ഭാഗമായി പട്ടയഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാര്‍ക്കും പട്ടയം ലഭിക്കും. പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്. പെരുമ്പെട്ടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നടപടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സര്‍വേ നടപടി പൂര്‍ത്തിയാക്കുന്നതനുസരിച്ച് കൈവശക്കാരുടെ പട്ടയ അപേക്ഷയില്‍ നടപടി സ്വീകരിക്കും.
റാന്നി, കോന്നി മേഖലയിലെ മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങളും ഭൂമിയുടെ സ്ഥിരം അവകാശികളാകും. വനാവകാശ നിയമപ്രകാരം ഒരേക്കര്‍ ഭൂമി വീതം ലഭ്യമാക്കും. കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലൊന്നാണ് മലമ്പണ്ടാരം. ഉള്‍വനങ്ങളില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിച്ചാണ് ഉപജീവനം. കോന്നിയില്‍ 32 ഉം റാന്നിയില്‍ 17 ഉം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും.
കോന്നി സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ ഭാഗത്ത് സായിപ്പിന്‍ കുഴി, ഗുരുനാഥന്‍ മണ്ണിലെ ചിപ്പന്‍ കുഴി, ഗവി, കക്കി എന്നിവിടങ്ങളില്‍ താമസിക്കുന്ന 32 മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് കൈവശ രേഖ നല്‍കും. റാന്നി ചാലക്കയം, പ്ലാപ്പള്ളി എന്നിവ ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ താമസിച്ചിരുന്ന 37 മലമ്പണ്ടാര കുടുംബങ്ങളിലെ 20 പേര്‍ക്ക് 2023 ല്‍ ഭൂമി നല്‍കിയിരുന്നു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞത്തോട് പ്രകൃതിയിലാണ് ഇവര്‍ക്ക് ഇടമൊരുക്കിയത്. ശേഷിക്കുന്ന 17 കുടുംബങ്ങള്‍ക്ക് ജൂലൈ 21ന് കൈവശ രേഖ നല്‍കും.
ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ,് അഡ്വ. കെ. യു ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ് എ നജീം, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോന്നി സപ്ലൈകോ സൂപ്പര്‍ മാര്‍കറ്റ് ഉദ്ഘാടനം ജൂലൈ 21 ന്
കോന്നി സപ്ലൈകോ സൂപ്പര്‍ മാര്‍കറ്റ് ഉദ്ഘാടനം ജൂലൈ 21 (തിങ്കള്‍) വൈകിട്ട് മൂന്നിന് പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നിര്‍വഹിക്കും. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.
കോന്നി ആനക്കൂടിന് എതിര്‍വശത്ത് വി എം കോംപ്ലക്സിലാണ് പുതിയ വില്‍പനശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ആദ്യ വില്‍പന നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉല്‍പന്നങ്ങള്‍ക്ക് ഓഫറും ഡിസ്‌കൗണ്ടും ലഭിക്കും.
സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ അശ്വതി ശ്രീനിവാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ പിള്ള, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലഹരി വിരുദ്ധ ബോധവല്‍കരണം
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന ‘നഷാ മുക്ത് ഭാരത് അഭിയാന്‍’ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു. സാമൂഹിക നീതി വകുപ്പും ജില്ലാ എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിന്ധു എബ്രഹാം അധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊഫ. അബി മേരി സ്‌കറിയാ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി മെന്ററുമായ ബിനു വി വര്‍ഗീസ് ബോധവല്‍കരണ ക്ലാസ് എടുത്തു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ ഷംലാ ബീഗം, ലക്ചറര്‍ അനു സാറാ ജോസഫ്, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരി വിരുദ്ധ ബോധവല്‍കരണം
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന ‘നഷാ മുക്ത് ഭാരത് അഭിയാന്‍’ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു. സാമൂഹിക നീതി വകുപ്പും ജില്ലാ എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി അടൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ. മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. സന്തോഷ് ബാബു അധ്യക്ഷനായി. എക്സൈസ് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രഞ്ജു കൃഷ്ണന്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനകീയശുചീകരണ പരിപാടി ആരംഭിച്ചു
പൊതുയിടങ്ങള്‍ ജനപങ്കാളിത്തത്തോടെ ശുചിയാക്കുന്ന ജനകീയശുചീകരണ പരിപാടിയുടെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം മങ്കുഴി ജംഗ്ഷനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. എല്ലാ മാസവും മൂന്നാമത്തെ ശനി പൊതുസ്ഥലങ്ങളും മൂന്നാമത്തെ വെളളി സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വൃത്തിയാക്കും. സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി. പി. വിദ്യാധരപണിക്കര്‍, അംഗം അംബിക ദേവരാജന്‍, സെക്രട്ടറി സി. എസ്. കൃഷ്ണകുമാര്‍, സിഡിഎസ് അംഗം സരസ്വതിയമ്മ, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തട്ട മങ്കുഴി ജംഗ്ഷന്‍ പൊതുജനപങ്കാളിത്തത്തോടെ ശുചിയാക്കി.
അപേക്ഷ ക്ഷണിച്ചു
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും തിരുവല്ല മെഡിക്കല്‍ മിഷന്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. പ്രായം: 18- 36. അവസാന തീയതി: ആഗസ്റ്റ് നാല്. വെബ്സൈറ്റ് : www.asapkerala.gov.in. ഫോണ്‍: 9495999688, 9496085912
ജില്ലാ ശിശുക്ഷേമ സമിതി ഓഫീസ് ഉദ്ഘാടനം ജൂലൈ 21ന് (തിങ്കള്‍)
പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ജൂലൈ 21 തിങ്കളാഴ്ച വൈകിട്ട് നാലിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിലുള്ള പാറയില്‍ ബില്‍ഡിംഗ്സിലെ ഒന്നാം നിലയിലാണ് ഓഫീസ്.
അഭിമുഖം
ആറന്മുള കേപ്പ് കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ഡിപ്ലോമ വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമം നടത്തുന്നു. അഭിമുഖം ജൂലൈ 21 (തിങ്കള്‍) രാവിലെ 10 ന് കോളജില്‍ നടക്കും. യോഗ്യത: ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ്. ഫോണ്‍: 9846399026, 9656112009
മരണമടഞ്ഞവരുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യണം
മരണമടഞ്ഞവരുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു
കാര്‍ഡില്‍ നിന്ന് പേര് മാറ്റാതെ അനധികൃതമായി മറ്റുള്ളവര്‍ റേഷന്‍ കൈപ്പറ്റുന്നത് ഗുരുതര വീഴ്ചയാണ്. അത്തരം കേസുകള്‍ കണ്ടെത്തിയാല്‍ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വില ഈടാക്കുന്നതിനൊപ്പം നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഫോണ്‍ : 0468 2222212
ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് പ്രോഗ്രാം
എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിനും ക്വാളിറ്റി മാനേജ്‌മെന്റ് ഡിപ്ലോമ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധമേഖലയില്‍ ഡിഗ്രി / ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . അവസാന തീയതി ജൂലൈ 31. ഫോണ്‍ : 9048110031, വെബ്സൈറ്റ് :wwws.rccc.in
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 535/2023) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ലേലം
കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയകെട്ടിട ലേലം ജൂലൈ 28 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2217216. ഇ-മെയില്‍ : [email protected]
സ്‌പെഷ്യല്‍ ഡ്രൈവ്
ജില്ലാ വനിത ശിശുവികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം ജൂലൈ 31 വരെ പിഎംഎംവിവൈ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ജൂലൈ 21, 22 പന്തളം, ജൂലൈ 23, 25 പറക്കോട്, ജൂലൈ 26 കോയിപ്രം, ജൂലൈ 28, 29 റാന്നി എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കും. ഫോണ്‍ : 0468 2966649
ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ജില്ലാ വനിത ശിശു വികസന ഓഫീസും ഡിസ്ട്രിക്ട് സങ്കല്‍പ് -ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജി.എച്ച്.എസ്.എസ് കുറ്റൂര്‍, ജി.എച്ച്.എസ.്എസ് വെച്ചൂച്ചിറ, ജി.എച്ച്.എസ്.എസ് നെടുമ്പ്രം, ജി.എം.എച്ച്.എസ്.എസ് തിരുവല്ല , എസ്.വി.ജി.വി എച്ച്.എസ്.എസ് കിടങ്ങന്നൂര്‍ , ജി.വി.എച്ച്.എസ്.എസ് പുറമറ്റം എന്നീ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലൈംഗീക വിദ്യാഭ്യാസം ,മൊബൈല്‍ അഡിക്ഷന്‍, ലഹരിയുടെ ഉപയോഗം, കുട്ടികളും നിയമവും, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം, പോഷ് നിയമം, അങ്കണവാടി വര്‍ക്കേഴ്‌സിന് സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ പാഠശാല എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു.
ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരു വര്‍ഷ കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുളള ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് നാല് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04734 217010.
ടെന്‍ഡര്‍
പറക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികള്‍ക്ക് പാല്‍, മുട്ട എത്തിച്ചു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പറക്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍ : 04734 217010
വായനാദിന – വായന മാസാചരണം സമാപനം ജൂലൈ 22 ന്
പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ദേശീയ വായനാദിന- മാസാചരണത്തിന്റെ സമാപനവും കുട്ടികള്‍ക്കുള്ള ശാസ്ത്ര ബോധവല്‍കരണ ക്ലാസും ജൂലൈ 22 രാവിലെ 11 ന് തിരുവല്ല തിരുമൂലപുരം എസ്.എന്‍.വി.എച്ച് സ്‌കൂളില്‍ നടത്തും. തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി.റ്റി.എ പ്രസിഡന്റ് സതീഷ് കല്ലുപറമ്പില്‍ അധ്യക്ഷനാകും. ജില്ലാതല ‘വായിച്ചുവളരുക’ ക്വിസ് മത്സരവിജയികളെ അനുമോദിക്കും. തിരുവല്ല നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഫിലിപ്പ് ജോര്‍ജ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍പേഴ്സന്‍ ഡോ. ഫാ. എബ്രഹാം മുളമൂട്ടില്‍, സെക്രട്ടറി സി. കെ. നസീര്‍, സ്‌കൂള്‍ മാനേജര്‍ പി. റ്റി. പ്രസാദ്, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, പ്രധാന അധ്യാപിക ഡി. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുക്കും.
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ 23 ന്
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ 23 ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍ : 0469 2601349, ഇ-മെയില്‍: [email protected]