കുട്ടികളുടെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയെ അങ്കണവാടികള്‍ സഹായിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

Spread the love

 

കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയെ സഹായിക്കുന്നതില്‍ അങ്കണവാടികള്‍ ശാസ്ത്രീയ പങ്ക് വഹിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 39.65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പറയംകോട് 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 

മൂന്ന് മുതല്‍ ആറു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നത് അങ്കണവാടികളിലൂടെയാണ്. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആരോഗ്യ പ്രവര്‍ത്തനവും അങ്കണവാടിയുടെ ലക്ഷ്യമാണ്.

വനിതാ ശിശു വികസന വകുപ്പിന്റെ സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ സാമൂഹികമ വളര്‍ച്ചയെ സഹായിക്കാന്‍ രൂപീകരിച്ചതാണ് സ്മാര്‍ട്ട് അങ്കണവാടികള്‍.

സംസ്ഥാനത്തെ അങ്കണവാടികളിലെ പാല്‍, മുട്ട, ബിരിയാണി ഭക്ഷണ പരിഷ്‌കാരവും, കുഞ്ഞൂസ് കാര്‍ഡ് പദ്ധതിയും രാജ്യം സ്വീകരിക്കുന്ന മാതൃകകളാണ്. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന ബജറ്റിലൂടെ 64 കോടി രൂപ അനുവദിച്ചാണ് ഭക്ഷണ മെനു ആരംഭിച്ചത്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലെയും ശാരീരികവും ഭൗതികവും മാനസികവുമായ കാര്യങ്ങള്‍ കുഞ്ഞൂസ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്ത്രീകളുടെ ഉന്നമനത്തിന് വിവിധ വകുപ്പുകള്‍ നിരവധി പദ്ധതി നടപ്പാക്കുന്നു. സംരംഭകത്വ വികസനത്തിലൂടെ സാമ്പത്തികവും സാമൂഹികവുമായ സ്ത്രീകളുടെ ശാക്തീകരണമാണ് ലക്ഷ്യം. കലഞ്ഞൂര്‍ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
നാടിന്റെ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അധ്യക്ഷനായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും വിവിധ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
അങ്കണവാടിക്കായി സ്ഥലം നല്‍കിയ 15-ാം വാര്‍ഡ് പറയുംകോട് അംബിക സദനത്തില്‍ രാമചന്ദ്രന്‍ പിള്ളയെ ചടങ്ങില്‍ മന്തി വീണാ ജോര്‍ജ് ആദരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ മുഖ്യപ്രഭാഷണം നടത്തി.

പറക്കോട് സി.ഡി.പി.ഒ അലിമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനപ്രഭ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാര്‍, സുജ അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാന്‍ ഹുസൈന്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!