പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/08/2025 )

Spread the love

കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രം ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് രണ്ട്, ശനി)

നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് രണ്ട് (ശനി) വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം പദ്ധതിയിലുള്‍പ്പെടുത്തി 1.43 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

 

ജീവന്‍ രക്ഷ പഥക് അവാര്‍ഡ്: നാമനിര്‍ദേശം സമര്‍പ്പിക്കാം

ജീവന്‍ രക്ഷ പഥക് അവാര്‍ഡ് 2025 നാമനിര്‍ദേശം സമര്‍പ്പിക്കാം. പൊതുജനങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ഓഗസ്റ്റ് 31 മുമ്പ് വിവരം സമര്‍പ്പിക്കണം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. 2023 സെപ്റ്റംബര്‍ 30 ശേഷമായിരിക്കണം. സര്‍വോത്തം ജീവന്‍ രക്ഷാ പഥക്, ഉത്തം ജീവന്‍ രക്ഷാ പഥക്, ജീവന്‍ രക്ഷ പഥക് പുരസ്‌കാരങ്ങളാണ് ഉള്‍പ്പെടുന്നത്. വെള്ളത്തില്‍ മുങ്ങിയുള്ള അപകടം, തീപിടിത്തം, വൈദ്യുതാഘാതം, മണ്ണിടിച്ചില്‍, മൃഗങ്ങളുടെ ആക്രമണം, ഖനി അപകടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിക്കുക.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ള വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷ തീയതി ഓഗസ്റ്റ് 20 വരെ നീട്ടി. വീടിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായം. ബിപിഎല്‍ കുടുംബകാര്‍ക്ക് മുന്‍ഗണന. സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെന്ററില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടര്‍ എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തരമോ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in

 

സീറ്റ് ഒഴിവ്

ആറന്മുള സഹകരണ പരിശീലന കോളജില്‍ എച്ച്ഡിസി ആന്‍ഡ് ബിഎം ബാച്ചിലേക്ക് പ്രവേശനം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9447654471, 9447863032

 

സീറ്റ് ഒഴിവ്

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലെ സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. ഫോണ്‍: 0469 2961525, 8281905525

 

ചുരുക്കപട്ടിക

പത്തനംതിട്ട ജില്ലയില്‍ കേരള എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) ( കാറ്റഗറി നം. 743/2024) തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍ : 0468 2222665.

 

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തെറാപ്പിസ്റ്റ് (പുരുഷന്‍)-യോഗ്യത: ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് അല്ലെങ്കില്‍ ചെറുതുരുത്തി സിസിആര്‍എഎസ്ന്റെ ഒരു വര്‍ഷ ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നിഷ്യന്‍ കോഴ്സ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 14,700 രൂപ.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- യോഗ്യത ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എംഎസ് ഓഫീസ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 10,500 രൂപ.
യോഗ ഇന്‍സ്ട്രക്ടര്‍- യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബിഎന്‍വൈഎസ് /ബിഎഎംഎസ്/എംഎസ്സി (യോഗ)/എം ഫില്‍ (യോഗ)/ഒരു വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത യൂണിവേഴ്സിറ്റി/ സര്‍ക്കാര്‍ / യോഗ വകുപ്പ്/ യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷത്തെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ സ്‌കോള്‍ കേരളയില്‍ നിന്നുള്ള യോഗിക് സയന്‍സിലും സ്‌പോട്‌സ് യോഗയിലുമുള്ള സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ/ യോഗയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 50 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 14,000 രൂപ.
അവസാന തീയതി ഓഗസ്റ്റ് 13 വെബ്‌സൈറ്റ്: www.nam.kerala.gov.in-careers ഫോണ്‍: 0468 2995008

error: Content is protected !!