
konnivartha.com: കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞത് ഹെർപ്പീസ് രോഗം മൂലം . പാലോട് ഉള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ആണ് ഹെർപ്പീസ് രോഗമാണെന്ന് തെളിഞ്ഞത്.
പ്രധാനമായും കുട്ടിയാനകളെ ബാധിക്കുന്ന രോഗമാണ് ഹെർപ്പീസ് .ഇത് പിടിപെട്ടാല്‍ ഏതാനും മണിക്കൂര്‍ കഴിഞ്ഞാല്‍ ചരിയും .മുൻപും കോന്നി ആനത്താവളത്തിൽ ഹെർപ്പീസ് ബാധിച്ച് കുട്ടിയാനകൾ ചരിഞ്ഞിരുന്നു.
ഹെർപിസ് എന്നത് ഒരു വൈറൽ അണുബാധയാണ്. ഇത് ചർമ്മത്തിലും, കഫം ചർമ്മത്തിലും കുമിളകൾ ഉണ്ടാക്കുന്നു.ഹെർപിസിന് ചികിത്സയില്ല.മഹാമാരി പോലെ ആനകളിൽ പടരുന്ന സാംക്രമിക രോഗമാണിത് . ഇതുവരെ വാക്സിൻ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങും.ഇതോടെ ഓക്സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങും. വൈറസ് ബാധയേറ്റാൽ കുട്ടിയാനകൾ 48 മണിക്കൂറിനിടെ ചരിയും .വലിയ ആനകളിൽ ഇത് പനിയായി മാറുമെങ്കിലും ജീവൻ നഷ്ടപ്പെടില്ല. എന്നാൽ ഇവയുടെ തുമ്പിക്കയ്യിലൂടെ പുറത്തു വരുന്ന സ്രവങ്ങൾ വഴി വൈറസ് പടരും.
നാല് വയസ്സുള്ള കൊച്ചയ്യപ്പന്‍ ജൂലായിലാണ് ചരിഞ്ഞത്. കൊച്ചയ്യപ്പന്‍ ചരിഞ്ഞത് ഹെർപ്പീസ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കോന്നി ആനക്കൂട്ടിലെ മറ്റ് ആനകൾക്കും വിശദമായ പരിശോധന നടത്തി. പ്രിയദർശിനി, മീന, ഈവ, കൃഷ്ണ എന്നീ ആനകൾക്കാണ് പരിശോധന നടത്തിയത് .രക്തസാമ്പിളുകള്‍ പാലോട് ലാബിലേക്ക് ഫലത്തിനായി നൽകി.