
konnivartha.com: കര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്. തീറ്റപ്പുല്‍കൃഷി, ക്ഷീരസംഘങ്ങള്‍ക്കുള്ള സഹായം, മില്‍ക്ക് ഷെഡ് വികസനം, ഗുണനിയന്ത്രണ ലാബ്, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ പദ്ധതികള്‍ക്കായി ഒമ്പത് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ ചെലവഴിച്ചത് 27.57 കോടി രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യം കൂടാതെയാണിത്.
കര്‍ഷകര്‍ക്ക് കുറഞ്ഞനിരക്കില്‍ സബ്സിഡിയോടെ കാലിത്തീറ്റ ലഭ്യമാണ്. ഇതിനായി ഒമ്പതുവര്‍ഷത്തിനിടെ 1.18 കോടി രൂപ വിനിയോഗിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്ക് 2.74 കോടി രൂപയുടെ സഹായം സാധ്യമാക്കി. സൗജന്യമായി പുല്‍വിത്തും നടീല്‍വസ്തുക്കളും നല്‍കുന്നു. കറവപ്പശുക്കളുടെ ശരിയായ വളര്‍ച്ച, പാലുല്‍പാദനം എന്നിവയ്ക്കായി മിനറല്‍ മിക്സ്ചര്‍ വൈറ്റമിന്‍ സപ്ലിമെന്റ്, മില്‍ക്ക് റീപ്ലെയ്സര്‍, കാഫ്-സ്റ്റാര്‍ട്ടര്‍ എന്നിവയ്ക്കും സബ്സിഡിയുണ്ട്.
ഗുണമേന്മ ബോധവല്‍ക്കരണം, ഉപഭോക്തൃ മുഖാമുഖം, ശുദ്ധമായ പാലുല്‍പാദന കിറ്റ് വിതരണം, ഫാം ലെവല്‍ ഹൈജീന്‍, ക്ഷീരസംഘം ജീവനക്കാര്‍ക്ക് ഗുണനിലവാര പരിശീലന പരിപാടി, ബിഎംസിസി സംഘങ്ങള്‍ക്ക് ധനസഹായം, ആധുനിക പാല്‍ പരിശോധന സംവിധാനം തുടങ്ങിയ പദ്ധതികള്‍ക്കും ധനസഹായമുണ്ട്. 5100 രൂപ വിലയുള്ള പാലുല്‍പാദന കിറ്റ് 1600 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.
തിരുവനന്തപുരം മേഖല യൂണിയനില്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആധുനിക നിലവാരത്തിലുള്ള ലാബ് അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പാക്കറ്റ് പാലും പരിശോധിച്ച് എല്ലാ മാസവും ഭക്ഷ്യസുരക്ഷ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്റെ നേതൃത്വത്തില്‍ പാല്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ക്ഷീരകര്‍ഷകര്‍ക്കും പാല്‍ ഉപഭോക്താക്കള്‍ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നു.
അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ഫാം ഉടമകള്‍ക്ക് റബ്ബര്‍ മാറ്റ്, മില്‍ക്കിങ് മെഷീന്‍, ഗോബര്‍ ഗ്യാസ് പ്ലാന്റ്, തൊഴുത്ത് പുനരുദ്ധാരണം തുടങ്ങിയവയ്ക്ക് 75,000 രൂപ വരെയും ക്ഷീരസംഘങ്ങളുടെ ശുചിത്വം വര്‍ധിപ്പിക്കുന്നതിനും പാല്‍ ഗുണനിലവാര പരിശോധനയ്ക്കും 75,000 രൂപയും സബ്‌സിഡി നല്‍കുന്നു.
ബള്‍ക്ക് മില്‍ക്ക് ചില്ലിംഗ് കേന്ദ്രങ്ങളുടെ ആവശ്യാധിഷ്ഠിത ധനസഹായമായി 3.75 ലക്ഷം രൂപയും പാല്‍ ഗുണനിലവാര ബോധവല്‍ക്കരണത്തിന് 75,000 രൂപയും ചെലവഴിക്കുന്നു. പാല്‍ ഗുണനിലവാരവും പാല്‍ ഉല്‍പന്നങ്ങളെയും സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തുന്നതിന് ഉപഭോക്തൃ മുഖാമുഖം സംഘടിപ്പിക്കുന്നു.
ജില്ലയില്‍ 16,556 ക്ഷീരകര്‍ഷകര്‍ ക്ഷേമനിധി അംഗങ്ങളാണ്. 2952 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും 177 പേര്‍ക്ക് കുടുംബ പെന്‍ഷനും 698 പേര്‍ക്ക് വിദ്യാഭ്യാസം 747 പേര്‍ക്ക് വിവാഹസഹായവും 84 പേര്‍ക്ക് മരണാനന്തര ധനസഹായങ്ങളും നല്‍കി. കര്‍ഷകര്‍ക്ക് ക്ഷീരസ്വാന്തനം പദ്ധതിയിലൂടെ സബ്‌സിഡി നിരക്കില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമുണ്ട്. പാല്‍ അളക്കുന്ന ക്ഷേമനിധി അംഗങ്ങള്‍ക്ക് ‘ഓണം മധുരം’ പദ്ധതിയിലൂടെ 500 രൂപ നല്‍കുന്നു. ഇതിനായി 13 ലക്ഷം രൂപ ചെലവഴിച്ചു. കന്നുകാലി വളര്‍ത്തലിന് 90 ശതമാനം വരെ സബ്സിഡി ലഭ്യമാകുന്ന മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വര്‍ഷം വിനിയോഗിച്ചത് 71.95 ലക്ഷം രൂപ. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആകെ ചെലവഴിച്ചത് 15.27 കോടി രൂപ. പശുക്കളുടെ എണ്ണമനുസരിച്ച് ഡയറി യൂണിറ്റിനുള്ള ആനുകൂല്യം നല്‍കുന്നു. ഒരു പശു മാത്രമുള്ള ബിപിഎല്‍ വിഭാഗം സ്ത്രീകള്‍, ഒന്നോ രണ്ടോ പശുക്കളുള്ള ഫാം ഉടമകള്‍, ഡയറി സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്നവര്‍, പുതുസംരംഭക-കര്‍ഷകര്‍ക്കുമാണ് ആനുകൂല്യം.