
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് (MY Bharat) പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ വിജയികൾ ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായ തിരുവനന്തപുരം ജില്ലയിലെ മുപ്പത് വിദ്യാർത്ഥികൾ മൂന്ന് അധ്യാപകരോടൊപ്പമാണ് പങ്കെടുക്കുന്നത്.
രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാനും, രാഷ്ട്രപതി, ലോക സഭ സ്പീക്കർ , വിവിധ കേന്ദ്രമന്ത്രിമാർ എന്നിവരോട് സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. 2025 ഓഗസ്റ്റ് 12 ന് പുറപ്പെട്ട സംഘം ഓഗസ്റ്റ് 22-ന് മടങ്ങിയെത്തും.
മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ ഇത് അഞ്ചാം തവണയാണ് വിദ്യാർത്ഥികൾക്കായി ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് മേരായുവഭാരത് പരിപാടി സംഘടിപ്പിക്കുന്നത്.
യാത്രയയപ്പ് ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എ. രാധാകൃഷ്ണൻ നായർ, ജില്ലാ യുവ ഓഫീസർ സുഹാസ് എൻ, പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു.