വിസ്മയം തീര്‍ത്ത് ദേശിയോദ്ഗ്രഥന നൃത്തം:ശ്രദ്ധേയമായി വഞ്ചിപ്പാട്, സുംബ, ദേശഭക്തി ഗാനം

Spread the love

 

konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികളുടെ ദേശിയോദ്ഗ്രഥന നൃത്തം കയ്യടി നേടി. രാജ്യത്തെ വിവിധ നൃത്തരൂപങ്ങള്‍ ഒരുമിച്ച് വേദിയില്‍ അവതരിപ്പിച്ചാണ് കുട്ടികള്‍ വിസ്മയം തീര്‍ത്തത്.

32 പേരടങ്ങുന്നതായിരുന്നു സംഘം. വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയായ വീണ മോഹനായിരുന്നു പരിശീലക. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും പ്രധാന നൃത്തരൂപങ്ങള്‍ ഒരുകുടക്കീഴില്‍ കോര്‍ത്തിണക്കി.

ഇടയാറന്‍മുള എഎംഎംഎച്ച്എസ് വിദ്യാര്‍ത്ഥികള്‍ സുംബ നൃത്തം അവതരിപ്പിച്ചു. 31 വിദ്യാര്‍ഥികള്‍ സുംബയില്‍ ചുവടുവച്ചു. വിദ്യാലയത്തിലെ കായിക അധ്യാപകന്‍ അജിത്ത് എബ്രഹാമാണ് പരിശീലകന്‍.

നീലയും കറുപ്പും യൂണിഫോമില്‍ ത്രിവര്‍ണ നിറങ്ങളുടെ റിബണുകള്‍ കയ്യില്‍ അണിഞ്ഞ് അഞ്ചു മിനിറ്റാണ് പാട്ടിനൊപ്പം കുട്ടികള്‍ സൂംബ അവതരിപ്പിച്ചത്.
ഭക്തിക്കും താളത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമായ ആറന്മുള വഞ്ചിപ്പാട്ട് കിടങ്ങന്നൂര്‍ ജിവിഎച്ച്എസ്എസ് ലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.കലഞ്ഞൂര്‍ ജി വി എച്ച് എസ് എസ് വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനവും അരങ്ങേറി.

error: Content is protected !!