
ജില്ലയില്‍ ഓണാഘോഷം ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ എട്ട് വരെ:മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
ജില്ലയിലെ ഓണാഘോഷം ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ എട്ടു വരെ വിപുലമായി ആഘോഷിക്കും. ഓണാഘോഷ വിളംബരജാഥ ഓഗസ്റ്റ് 30 വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ടൗണ്‍ സ്ക്വയറില്‍ അവസാനിക്കും. വൈകിട്ട് അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജനപങ്കാളിത്തം ഉറപ്പാക്കി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. ഉദ്ഘാടന വിളംബര ഘോഷയാത്രയില്‍ ജില്ലയുടെ പ്രൗഡി വിളിച്ചോതുന്ന കലാരൂപങ്ങളും പ്രകടനങ്ങളും ഉള്‍പ്പെടുത്തും. ടൗണ്‍ സ്ക്വയര്‍ സാംസ്കാരിക പരിപാടിക്ക് വേദിയാകുമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് പറഞ്ഞു. സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജില്ലയിലെ കലാകാരന്മാര് അണിനിരക്കും.നഗരസഭാ ചെയര്മാന് അഡ്വ ടി. സക്കീര്‍ ഹുസൈന് ചെയര്‍മാനായി സംഘാടകസമിതി രൂപീകരിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ കെ യു ജനീഷ് കുമാര്‍, അഡ്വ പ്രമോദ് നാരായണ്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ജനറല്‍ കണ്‍വീനറും തിരുവല്ല സബ് കലക്ടര്‍, എഡിഎം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡിടിപിസി സെക്രട്ടറി, ആര്‍ടിഒ, മുനിസിപ്പല്‍ സെക്രട്ടറി, വ്യാപാരി- ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ കണ്‍വീനര്‍മാരായും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വൈസ് ചെയര്പേഴ്സന്മാരായും പ്രവര്‍ത്തിക്കും. സമാപന സമ്മേളനം സെപ്തംബര്‍ എട്ടിന് കോന്നിയില്‍. ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തില്‍ എഡിഎം ബി ജ്യോതി, ഡിടിപിസി സെക്രട്ടറി കെ ആര് ജയറാണി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സിവില്‍ സപ്ലൈസ് ജില്ലാ ഓണം ഫെയര്‍ ഓഗസ്റ്റ് 26 മുതല്‍
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം ഓഗസ്റ്റ് 26 രാവിലെ 10.30ന് മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കറും ആദ്യ വില്പന ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി സക്കീര്‍ ഹുസൈന്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര് ജയശ്രീ എന്നിവര്‍ പങ്കെടുക്കും.
സെപ്തംബര്‍ നാല് വരെ മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗിലാണ് ഓണം ഫെയര്‍. നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉല്പന്നങ്ങളും അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവിലും കോംബോ ഓഫറിലും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും.
തിരഞ്ഞെടുത്ത നഗരപാതകളില്‍ സഞ്ചരിക്കുന്ന ഓണം മാവേലി സ്റ്റോറിന്റെ സേവനം ലഭിക്കും. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ തയ്യാറാക്കിയ സമ്മാനപദ്ധതികളും സമൃദ്ധി- സിഗ്നേച്ചര്‍ കിറ്റും ഗിഫ്റ്റ് കൂപ്പണും ഓണം ഫെയറുകളില്‍ നിന്ന് ലഭിക്കും.
സ്പോട്ട് അഡ്മിഷന്
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐ യിലെ വിവിധ എന്‍സിവിടി അംഗീക്യത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 25 മുതല്‍ സ്പോട്ട് അഡ്മിഷന് നടത്തും. ഫോണ്‍ : 04792457496, 9747454553.
തോട്ടപുഴശേരി പഞ്ചായത്ത് ഗ്രാമസഭ
തോട്ടപുഴശേരി പഞ്ചായത്തിലെ ഗ്രാമസഭ ഓഗസ്റ്റ് 30 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.
വാര്ഡ്്, തീയതി, സമയം, സ്ഥലം ക്രമത്തില്‍
ഒന്ന്, ഓഗസ്റ്റ് 30, ഉച്ചയ്ക്ക് 2.30, എംടിഎല്‍പിഎസ് മുളക്കലോലില്‍.
നാല്, ഓഗസ്റ്റ് 30, ഉച്ചയ്ക്ക് 2.30, എംടിഎല്‍പിഎസ് കുറിയന്നൂര്‍ കിഴക്ക്.
ആറ്, ഓഗസ്റ്റ് 26, വൈകിട്ട് മൂന്ന്, എംടിഎല്‍പിഎസ് കുറിയന്നൂര്‍ പടിഞ്ഞാറ് കട്ടേപ്പുറം.
ഏഴ്, ഓഗസ്റ്റ് 25. ഉച്ചയ്ക്ക് 2.30, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഹാള്‍.
എട്ട്, ഓഗസ്റ്റ് 25, ഉച്ചയ്ക്ക് 2.30, വൈഎംസിഎ മാരാമണ്‍.
10, ഓഗസ്റ്റ് 25, വൈകിട്ട് മൂന്ന്, സാസ്കാരിക നിലയം വെളളങ്ങൂര്.
11, ഓഗസ്റ്റ് 30, വൈകിട്ട് മൂന്ന് സിഎംഎസ്എല്‍പിഎസ് കുന്നന്താനം.
13, ഓഗസ്റ്റ് 29, ഉച്ചയ്ക്ക് 2.30, വൈഎംസിഎ ലൈബ്രറി ഹാള്‍, കുറിയന്നൂര്‍.
താനൂര്‍ ബോട്ട് അപകടം: കമ്മീഷന് സിറ്റിംഗ് സെപ്തംബര്‍ 12 ന്
താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി സെപ്തംബര്‍ 12 ന് രാവിലെ 11 ന് ഗവി കെഎഫ്ഡിസി ഹാളില്‍ ജസ്റ്റിസ് വി കെ മോഹനന് കമ്മീഷന് സിറ്റിംഗ് നടത്തും.
സംസ്ഥാനത്തെ വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ജലഗതാഗത മേഖലയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും പ്രമുഖ വ്യക്തികളുടെയും പൊതുജനങ്ങളുടെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലം കമ്മീഷന് ഓഫീസില്‍ സെപ്തംബര്‍ ഒന്നിന് മുമ്പ് നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം. സിറ്റിംഗില്‍ വാക്കാലോ രേഖാമൂലമോ സമര്‍പ്പിക്കാനും അവസരമുണ്ട്.
സ്പോട് അഡ്മിഷന്
ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ബിടെക് സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 25, 26 തീയതികളില്‍ രാവിലെ 10 ന് സ്പോട് അഡ്മിഷന് നടക്കും. എന്‍ട്രന്‍സ് യോഗ്യത ഇല്ലാത്തവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടാം. ഫോണ്‍: 9846399026, 7012000057.
അപേക്ഷ ക്ഷണിച്ചു
മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്ന വനികള്‍ക്ക് പരിശീലനം നല്‍കാനുള്ള വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ഗണിതശാസ്ത്രം, ഇംഗ്ലീഷ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മലയാളം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചവര്‍ക്കും അധികയോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. ഓഗസ്റ്റ് 30 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2350229.
സീറ്റ് ഒഴിവ്
കോന്നി എലിമുളളുംപ്ലാക്കല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ബിഎസ്സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്്സ്, ബികോം (ഓണ്‍സ്) ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എംകോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റ്ക്സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്സി /എസ്ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. അവസാന തീയതി ഓഗസ്റ്റ് 29. ഫോണ്‍: 9446755765, 8547005074.
നാമനിര്‍ദേശം
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍, സര്‍ക്കാര്‍ / സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ഭിന്നശേഷി അവാര്‍ഡിനായി 16 വിഭാഗങ്ങളിലേയ്ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. അവസാനതീയതി സെപ്തംബര്‍ 15. വെബ്സൈറ്റ് www.swdkerala.gov.in ഫോണ്‍: 0468 2325168.