നെഹ്രുട്രോഫി ജലോത്സവ വിശേഷങ്ങള്‍ ( 25/08/2025 )

Spread the love

 

സാംസ്കാരിക ഘോഷയാത്ര ഇന്ന്

konnivartha.com: 71-ാമത് നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ നഗരസഭയും, ജില്ലാ ഭരണകൂടവും, കേരള ടൂറിസവും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ള ഘോഷയാത്ര ഇന്ന് (25)കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്നു.

ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് വൈകിട്ട് 3. 30ന് ആരംഭിക്കുന്ന ഘോഷയാത്ര ജനപ്രതിനിധികളുടെയും, കലാ, കായിക, സാംസ്കാരിക പ്രതിനിധികളുടെയും, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പഞ്ചവാദ്യം, സ്കേറ്റേഴ്സ്, ശിങ്കാരിമേളം, ബാന്‍റ് സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്ക്കാല്‍ മയില്‍, തെയ്യം, പ്ലോട്ടുകള്‍ വഞ്ചിപ്പാട്ടിന്‍റെയും അകമ്പടിയോടെ നാല്‍പ്പാലത്തിനു സമീപം സമാപിക്കുന്നു.തുടർന്ന് നാൽപ്പാലത്തിന് സമീപം സമ്മേളനം പിപി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണ്ണഞ്ചേരി ദാസ് അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അരങ്ങേറും.

‘നിറച്ചാര്‍ത്ത്’: കുഞ്ഞുങ്ങളുടെ ക്യാന്‍വാസില്‍ വിരിഞ്ഞത് വള്ളംകളിയുടെ ആവേശം
-നിറം കൊടുത്ത് ഉദ്ഘാടനം നിര്‍വഹിച്ച് പി പി ചിത്തരഞ്ജന്‍ എംഎല്‍എ

 

വള്ളംകളിയുടെ ആഘോഷം ക്യാന്‍വാസുകളിലേക്ക് അവാഹിച്ച് കുരുന്നു കലാകാരന്‍മാര്‍. നെഹ്‌റുട്രോഫി വള്ളം കളിക്ക് മുന്നോടിയായി നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച നിറച്ചാര്‍ത്ത് മത്സര വേദിയിലാണ് വിദ്യാര്‍ഥികള്‍ ആവേശത്തിന്റെ നിറം ചാലിച്ച് ക്യാന്‍വാസില്‍ പ്രതിഭ വിരിയിച്ചത്. ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂള്‍ മുറ്റത്തായിരുന്നു കുട്ടികളുടെ കലാവേദി. ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായാണ് നിറച്ചാര്‍ത്ത് മത്സരം സംഘടിപ്പിച്ചത്.

 

മത്സരം പി പി ചിത്തരഞ്ജന്‍ എംഎല്‍എ ചിത്രം വരച്ച് നിറം ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ലോകമറിയുന്ന കലാകാരന്മാരായി നമ്മുടെ കുഞ്ഞുമക്കള്‍ വളരുന്നതിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേദി ഒരുക്കുന്നതിനുകൂടിയാണ് വള്ളം കളിയുടെ ഭാഗമായി ഇത്തരം മത്സരങ്ങള്‍ ഒരുക്കുന്നതെന്ന് പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു. സാംസ്‌കാരിക മേഖലയില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രധന്യമാണുള്ളത്. കുട്ടികളും അവരുമായി വന്ന മാതാപിതാക്കളും നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായതായും അദ്ദേഹം പറഞ്ഞു.

 

കുഞ്ഞിക്കൈകള്‍ നിറങ്ങള്‍ ചാലിച്ചപ്പോള്‍ ക്യാന്‍വാസുകളില്‍ തെളിഞ്ഞത് മുഴുവന്‍ വള്ളംകളിയുടെ ആവേശം. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് സംഘടിപ്പിച്ചത്. 71 -ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ‘കാത്തു’ വിന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിറം നല്‍കി. യു പി വിദ്യാര്‍ഥികള്‍ക്ക് കുട്ടനാടിന്റെ മനോഹാരിത എന്ന വിഷയവും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആലപ്പുഴയുടെ ആവേശം എന്ന വിഷയവുമാണ് ചിത്രരചനയ്ക്ക് നല്‍കിയത്.

 

പരിപാടിയില്‍ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. എഡിഎം ആശാ സി എബ്രഹാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍സലാം ലബ്ബ, ജലാല്‍ അമ്പനാകുളങ്ങര,അഡ്വ. ജി.മനോജ്കുമാര്‍, രമേശന്‍ ചെമ്മാപറമ്പില്‍, പി കെ ബൈജു, അസിസ്റ്റന്റ് എഡിറ്റര്‍ ടി എ യാസിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

നിറച്ചാര്‍ത്ത് മല്‍സര വിജയികള്‍

 

konnivartha.com: എല്‍പി വിഭാഗം കളറിങ് മല്‍സരത്തില്‍ മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ഗ്രേറ്റാ ജെ ജോര്‍ജ് ഒന്നാം സ്ഥാനവും ആലപ്പുഴ ദ ലെറ്റര്‍ ലാന്‍ഡ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി പത്മശ്രീ ശിവകുമാര്‍ രണ്ടാം സ്ഥാനവും എസ് ഡി വി ഇ എം എച്ച് എസിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ആര്‍ എസ് നിരഞ്ജന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു പി സ്‌കൂള്‍ വിഭാഗത്തില്‍ മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി സന്‍ജിത്ത് സലിന്‍ ഒന്നാം സ്ഥാനവും ചേര്‍ത്തല ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അവന്തിക പി നായര്‍ രണ്ടാം സ്ഥാനവും ആലപ്പുഴ കാര്‍മല്‍ അക്കാദമി എച്ച് എസ് എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആന്‍ റിയ പോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാര്‍മല്‍ അക്കാദമി എച്ച് എസ് എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി എച്ച് അയന ഫാത്തിമ ഒന്നാം സ്ഥാനവും ആര്യാട് ലുഥറന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി എസ് ഗൗരി പാര്‍വതി രണ്ടാം സ്ഥാനവും ഹരിപ്പാട് ഗവ. മോഡല്‍ ബോയ്‌സ് എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിന്‍ സുരേഷ്, ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഉത്ര സജി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും മെമന്റോയും ലഭിക്കും. കലാധ്യാപകരും ആര്‍ട്ടിസ്റ്റുകളുമായ സിറില്‍ ഡെമിനിക്, സതീഷ് വാഴവേലില്‍, മഞ്ജു ബിജുമോന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

error: Content is protected !!