
വയോധികര്‍ക്ക് ശാരീരിക, മാനസികോല്ലാസമേകി സായംപ്രഭ ഹോം. വീടുകളില്‍ ഒറ്റപ്പെട്ട വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകല്‍ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സായംപ്രഭ ഹോമുകളായത്.
ജില്ലയില്‍ കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേര്‍ക്ക് സേവനം നല്‍കുന്നു. വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദ-വിജ്ഞാനം പങ്കിടുന്നതിനും ഇവിടെ അവസരമുണ്ട്. പ്രാദേശിക തലത്തില്‍ വയോജനങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനം ലഭ്യമാക്കല്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.
സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കല്‍, കെയര്‍ ഗിവര്‍മാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്. ഹോമില്‍ എത്താനാകാത്ത വയോജനങ്ങള്‍ക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി സഹകരിച്ച് സേവനം ലഭ്യമാക്കുന്നു. വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയ മുതിര്‍ന്ന പൗരന്മാരുടെ അനുഭവസമ്പത്തും നൈപുണ്യവും പ്രാദേശിക വികസനത്തിന് പ്രയോജനപെടും വിധം സായംപ്രഭ പ്രവര്‍ത്തിക്കുന്നു. വയോജനങ്ങളെ ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ ഐടി വകുപ്പുമായി ചേര്‍ന്ന് ബോധവല്‍കരണ പരിപാടികള്‍ നടപ്പാക്കുമെന്ന് സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ജെ. ഷംലാബീഗം പറഞ്ഞു.
സായംപ്രഭയ്ക്ക് പുറമെ വയോജനങ്ങള്‍ക്ക് സൗജന്യമായി കൃത്രിമ ദന്തം നല്‍കുന്ന മന്ദഹാസം പദ്ധതി നിലവിലുണ്ട്. പല്ലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വച്ച് നല്‍കുന്ന പദ്ധതിയിലൂടെ ജില്ലയില്‍ 6,65,000 രൂപ വിനിയോഗിച്ച് 116 പേര്‍ക്ക് സേവനം ലഭ്യമാക്കി. അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്ന വയോരക്ഷയിലൂടെ 3,75,062 രൂപ വിനിയോഗിച്ച് ജില്ലയില്‍ 10 പേര്‍ക്ക് ചികിത്സ ധനസഹായം നല്‍കി. തുണയും കരുതലും സഹായവുമില്ലാത്തവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പങ്കാളി മരണപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കുന്നതുമായ ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുക, അവരുടെ പുനരധിവാസം ഉറപ്പുവരുത്തുക, കെയര്‍ ഗിവറുടെ സഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. വയോമധുരം പദ്ധതിയിലൂടെ ബിപിഎല്‍ വിഭാഗത്തിലെ പ്രമേഹ രോഗികളായ 1833 വയോധികര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഭാരതീയ ചികിത്സാ വകുപ്പിലൂടെ വയോ അമൃതം പദ്ധതിയും നടപ്പാക്കുന്നു. 65 വയസിന് മുകളിലുള്ളവര്‍ക്ക് മൊബൈല്‍ ക്ലിനിക്ക്, കൗണ്‍സിലിങ്ങ്, വൈദ്യസഹായം, മരുന്ന് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന വയോമിത്രം പദ്ധതിയുമുണ്ട്. പാലിയേറ്റീവ് ഹോംകെയര്‍, സൗജന്യ ആംബുലന്‍സ് സേവനം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും ഇതിലൂടെ ലഭ്യമാണ്.
സംരക്ഷണവും ക്ഷേമവും ലഭിക്കാത്ത സാഹചര്യങ്ങളിലും അതിക്രമങ്ങള്‍ക്കെതിരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്‍ഡര്‍ലൈന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 14567 ലൂടെ പരാതി സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ഇതോടൊപ്പം മെയിന്റനന്‍സ് ട്രൈബ്യൂണലും സജ്ജമാണ്. സ്വയം പരിപാലിക്കാന്‍ കഴിയാത്തതോ മക്കളോ ബന്ധുക്കളോ അവഗണിക്കുന്നതോ ആയ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സഹായത്തിനും ക്ഷേമ പിന്തുണയ്ക്കുമായി ട്രൈബ്യൂണലിന്റെ അധ്യക്ഷനായ ആര്‍ഡിഒയെ സമീപിക്കാം.