
konnivartha.com: ചങ്ങനാശ്ശേരിയിൽ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യം പരിഗണിച്ച് 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു. 2025 സെപ്റ്റംബർ 4 മുതലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് സതേൺ റെയിൽവേ, തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്.
കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഇടപെടലും നിരന്തരമായ പിന്തുടർച്ചയും ഫലപ്രദമായാണ് ഈ ജനാവശ്യത്തിന് പരിഹാരം ലഭിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. “ചങ്ങനാശ്ശേരി മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിൽക്കാരും രോഗികളും ദിനംപ്രതി യാത്ര ചെയ്യുന്നവർക്ക് വലിയൊരു ആശ്വാസമാണ് പുതിയ സ്റ്റോപ്പ്,” എന്നും എം.പി. പറഞ്ഞു.
ചങ്ങനാശ്ശേരിയിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കാനായി തുടർന്നും പരിശ്രമം തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി.
കോവിഡിന് മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്ന മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് കോമഡി സമയത്ത് തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്കുള്ള സർവീസിന് സ്റ്റോപ്പ് നിലനിർത്തുകയും തിരിച്ചുള്ള സർവീസിന് സ്റ്റോപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. അന്ന് റദ്ദാക്കിയ സ്റ്റോപ്പ് ആണ് ഇപ്പോൾ നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി റെയിൽവേ പുനസ്ഥാപിച്ചു തന്നത്.