അന്തിമ വോട്ടര്‍ പട്ടികയില്‍ പത്തനംതിട്ട ജില്ലയില്‍ 10.51 ലക്ഷം വോട്ടര്‍മാര്‍

Spread the love

 

konnivartha.com: തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 10,51,043 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയത്.

4,84,850 പുരുഷന്‍മാരും 5,66,190 സ്ത്രീകളും 3 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 41 പേരുണ്ട്.

വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.

സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 10,20,398 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 80,418 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉള്‍ക്കുറിപ്പ് തിരുത്തുന്നതിന് 556 അപേക്ഷകരും പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് 49,773 ആക്ഷേപങ്ങളുമാണ് ലഭിച്ചത്.