
ഉത്രാടപ്പൂവിളിയിൽ മലയാളക്കര :”കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ
ഇന്ന് ഉത്രാടം .നാളെ തിരുവോണം .മലയാളക്കരയുടെ ഒന്‍പതാം ഓണം .ഒന്നാം ഓണമായും മലയാളികൾ ഈ ദിനം ആഘോഷിക്കുന്നു.
ഉത്രാട പാച്ചിലില്‍ ആണ് ഇന്ന് മലയാളികള്‍ .നാളത്തെ തിരുവോണ സദ്യയ്ക്ക് ഉള്ള എല്ലാ വിഭവങ്ങളും അണിയിച്ചു ഒരുക്കാന്‍ ഉള്ള പാച്ചില്‍ . ഒമ്പത് തട്ടുള്ള അത്തപ്പൂക്കളമൊരുക്കി മലയാളം ഉത്രാടം ആഘോഷിക്കുന്നുഎന്ന പ്രത്യേകത കൂടി ഉണ്ട് .
അത്തം മുതൽ 10 ദിവസമാണ് തിരുവോണത്തിലേക്കുള്ള ദൂരം.ഓരോ വീടുകളിലും തിരുവോണത്തിനായുള്ള ഒരുക്കങ്ങളായിരിക്കും ഇന്നത്തെ ഉത്രാട നാളിൽ നടക്കുന്നത്. ഓണക്കോടി വാങ്ങാനും, സദ്യവട്ടത്തിനായുള്ള സാധനങ്ങൾ വാങ്ങാനുമെല്ലാം ഉത്രാടത്തിനായിരിക്കും പലരും ഓടുന്നത്.ഇതാണ് ഉത്രാട പാച്ചിലായി കാണുന്നത് .
വിപണികളെല്ലാം അവസാന വട്ടത്തിരക്കിലാണ്. അതെ, ഉത്രാടപ്പാച്ചിൽ തന്നെ. പച്ചക്കറിച്ചന്തകളും, പൂക്കളും അങ്ങനെ എല്ലാ സജീവമാണ്. തിരുവോണ നാളിലേക്ക് ഇനി മണിക്കൂറുകൾ മാത്രം. വീടുകളിലും ഉത്രാട ദിവസം വമ്പൻ തിരക്കായിരിക്കും. അടുക്കളയില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധം ഉപ്പേരി വിഭവങ്ങള്‍ എണ്ണയില്‍ കിടന്നു പൊരിയുന്നു . അച്ചാര്‍ വിഭവങ്ങള്‍ ഭരണിയ്ക്ക് ഉള്ളിലേക്ക് വീഴുന്നു . ഉത്രാട സദ്യക്ക് അവസാനം പപ്പടവും എണ്ണയില്‍ പൊരിയും . വാഴകളിലെ തൂശനിലകള്‍ക്ക് ഇന്നും നാളെയും സദ്യവട്ടം .
മഹാബലി മന്നൻ കേരളത്തിൽ എത്തുന്നു എന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ ഉത്രാടത്തിന് എല്ലാ വീടുകളും വൃത്തിയാക്കുകയും, തിരുവോണത്തിന് എത്തുന്ന മാവേലിയെ കാത്തിരിക്കുകയും ചെയ്യുന്നു. ഓണത്തിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്നതിനാൽ ഇത് സമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.കടുവാകളിയും പുലികളിയും വേട്ടക്കാരനും എല്ലാം നിറഞ്ഞു നിന്നാടുന്ന മലയാളക്കര . വള്ളം കളിയുടെ നന്മകള്‍ ഉണരുന്ന മലയാള ഭൂമികയില്‍ തിരുവോണം വന്നണഞ്ഞു .
എല്ലാ മലയാളികൾക്കും “കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ