
അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ 10.51 ലക്ഷം വോട്ടര്‍മാര്‍
തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 10,51,043 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയത്.
4,84,850 പുരുഷന്‍മാരും 5,66,190 സ്ത്രീകളും 3 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 41 പേരുണ്ട്.
വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.
കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.
സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 10,20,398 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 80,418 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉള്‍ക്കുറിപ്പ് തിരുത്തുന്നതിന് 556 അപേക്ഷകരും പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് 49,773 ആക്ഷേപങ്ങളുമാണ് ലഭിച്ചത്.
ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് സെപ്റ്റംബര്‍ 9 ന് (ചൊവ്വ) അവധി
ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി,പൊഫഷണല്‍ കോളജ് ഉള്‍പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 9 (ചൊവ്വ) ന് പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷയ്ക്കും യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കും അവധി ബാധകമല്ല.
അഖിലലോക അയ്യപ്പ സംഗമം: പുരുഷ നേഴ്സിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം
അഖിലലോക അയ്യപ്പ സംഗമത്തിന്റെ ഭാഗമായി പമ്പ മുതല്‍ (നീലിമല) സന്നിധാനം വരെയുളള അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ദിവസ വേതനാടിസ്ഥാനത്തില്‍ പുരുഷ നേഴ്സിംഗ് സൂപ്പര്‍വൈസര്‍, നേഴ്സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ്/ ബി.എസ്.സി നേഴ്സിംഗ്, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നേഴ്സിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള യോഗ്യത. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എസിഎല്‍എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന. ഒഴിവ് മൂന്ന്.
അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ്/ ബി.എസ്.സി നേഴ്സിംഗ്, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് നേഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയവര്‍ക്ക് മുന്‍ഗണന. ഒഴിവ് 30. താല്‍പര്യമുളളവര്‍ അസല്‍ രേഖയും പകര്‍പ്പും പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കലക്ടറേറ്റ് കെട്ടിടത്തില്‍ നാലാം നിലയിലുള്ള ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്റ്റംബര്‍ 10 രാവിലെ 11 ന് അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍ അനിതാകുമാരി അറിയിച്ചു. ഫോണ്‍ : 9961632380.
ബോധവല്‍ക്കരണ പരിപാടി
ജില്ലാ വനിതാശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തില്‍ പത്തു ദിന സ്പെഷ്യല്‍ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി കുന്നന്താനം പാമല 47-ാം സെന്റര്‍ അങ്കണവാടിയില്‍ ‘പോക്സോ, ചൈല്‍ഡ് മാര്യേജ്, ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സുരക്ഷ, സ്ത്രീധന നിരോധനം, പോഷ് എന്നീ നിയമത്തെപറ്റി ബോധവല്‍ക്കരണ ക്ലാസ്, ഐഇസി മെറ്റീരിയല്‍സ് വിതരണം എന്നിവ സംഘടിപ്പിച്ചു.
ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ, ജന്‍ഡര്‍ സ്പെഷ്യലിസ്റ്റ് സ്നേഹ വാസു രഘു, എ.എം അനുഷ, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ സി.റിഞ്ജുമോള്‍ എന്നിവര്‍ പങ്കെടുത്തു.
ടെന്‍ഡര്‍
വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗം
ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന്് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍
23. രാവിലെ 11. ഫോണ്‍ : 0469 2650228.
ഇന്റേണ്‍ഷിപ്പ്
ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഇന്റേണ്‍ഷിപ്പ്. ഈ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫീസ് 3000 രൂപ. താല്‍പര്യമുള്ളവര്‍ അസല്‍ രേഖയുമായി കോളജില്‍ എത്തണം. ഫോണ്‍ 0479 2304494, 8547005046.
അപേക്ഷിക്കാം
ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദാനന്തര ബിരുദം/ ബിരുദം കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം ബി.ഐ.എസ്, ഫിനാന്‍സ്, ടാക്സേഷന്‍ ബിരുദം കോഴ്സിലും എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, എംകോം ബി.ഐ.എസ്, ഫിനാന്‍സ്, ടാക്സേഷന്‍ ബിരുദാനന്തരബിരുദം കോഴ്സിലുമാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ കോളജ് ഓഫീസുമായി ബന്ധപെടണം. ഫോണ്‍ 0479 2304494, 8547005046.
നിര്‍ണയ സാമ്പിള്‍ ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ച് തപാല്‍ വകുപ്പ്
ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെട്ട ‘നിര്‍ണയ ‘ സാമ്പിള്‍ ട്രാന്‍സ്പോര്‍ട്ടില്‍ പങ്കാളിയായി തപാല്‍ വകുപ്പും. ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്‌പോക്കുകളായി ലബോറട്ടറി സാമ്പിള്‍ ശേഖരിച്ച് താലൂക്ക് ആശുപത്രി മുതല്‍ ബ്ലോക്ക്/ ജില്ലാ പൊതുജനാരോഗ്യ ലാബില്‍ എത്തിച്ച് ഇ -ഹെല്‍ത്ത് സംവിധാനത്തിലൂടെ പരിശോധന ഫലം ലഭ്യമാക്കുന്നതാണ് നിര്‍ണയ പദ്ധതി. ഇ -ഹെല്‍ത്ത് ഐഡി ഉപയോഗിച്ച് സാമ്പിള്‍ അയക്കുന്നതിലൂടെ എസ്എംഎസായി പരിശോധനാ ഫലം ലഭിക്കും. തപാല്‍ വകുപ്പിന്റെ പങ്കാളിത്തത്തോടെ ആഴ്ചയില്‍ അഞ്ച് ദിവസം വരെ സാമ്പിളുകള്‍ അയക്കാന്‍ സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു.
ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് പത്തനംതിട്ട/ തിരുവല്ല ഡിവിഷന്‍ പോസ്റ്റല്‍ മേധാവിമാരായ എസ്.വി ആശ, ബിന്ദു എന്നിവര്‍ അറിയിച്ചു. ജില്ലയില്‍ തപാല്‍ വകുപ്പു തലത്തിലെ ആദ്യ സാമ്പിള്‍ കൈമാറ്റം കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. ആദ്യ സാമ്പിള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു പോസ്റ്റ് വുമണ്‍ കൃഷ്ണപ്രിയയ്ക്ക് കൈമാറി. ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബിന്‍, ലാബ് ടെക്‌നിഷ്യന്‍ ഫര്‍ഹത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖേനെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 11 -ാം ബാച്ച് പ്രവേശന തീയതി സെപ്റ്റംബര്‍ 10 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 17 വരെയും നീട്ടി. പഠനം മുടങ്ങിയവര്‍ക്ക് പുന:പ്രവേശന ഫീസ് 500 രൂപ. വെബ്‌സൈറ്റ് : www.scolekerala.org.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അനാരോഗ്യ ചുറ്റുപാടില്‍ തൊഴിലെടുക്കുന്നവരുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് പദ്ധതി. സ്ഥാപന മേധാവി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.
വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2322712.
മസ്റ്ററിങ് നടത്തണം
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേനെ പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് രീതിയില്‍ ഒക്ടോബര്‍ 31 ന് മുന്‍പ് മസ്റ്ററിങ് നടത്തണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു. മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ മുടങ്ങും. പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍, കയര്‍ സ്പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കാണ് മസ്റ്ററിങ്.