കോന്നി കരിയാട്ടം വിശേഷങ്ങള്‍ (07/09/2025 )

Spread the love

 

konnivartha.com: :വൈകിട്ട് 4 മുതൽ പാലാ മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയും നടക്കും. മാനസികാരോഗ്യ പുനരധിവാസത്തിൻ്റെ ഭാഗമായാണ് മരിയ സദനം പരിപാടികൾ അവതരിപ്പിക്കുന്നത്.

വൈകിട്ട് 6 മുതൽ തിരുവിതാംകൂർ ഹാസ്യകലയുടെ നേതൃത്വത്തിൽ പ്രശസ്ത കൊമേഡിയൻ ബിനു അടിമാലിയും മിമിക്സ് പരേഡ് അവതരിപ്പിക്കും.

സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം:ഘോഷയാത്ര 3 കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും.

കോന്നി:ഐതിഹ്യ പെരുമയും, ചരിത്ര പിൻബലവും ചേർത്തുവച്ച് സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം. കോന്നിയോളം പഴക്കമുള്ള കോന്നിയുടെ ആന കമ്പത്തിന് ദൃശ്യരൂപം നല്കിയ ആറാട്ടാണ് കരിയാട്ടം.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് കോന്നിയുടെ ആന ചരിത്രത്തെ അടയാളപ്പെടുത്താൽ കരിയാട്ടം എന്ന കലാരൂപത്തിന് ആവിഷ്കാരം നല്കിയത്. 500 ൽ അധികം ആളുകൾ ആനവേഷം കെട്ടിയാണ് കരിയാട്ടം നടത്തുന്നത്.കോന്നി ദേശത്തെ ലോകമറിയുന്നത്‌ ആനയുടെയും, ആനകമ്പത്തിൻ്റെയും പേരിലാണ്. അതിനൊപ്പം ചേർത്തു വയ്ക്കുകയാണ് കരിയാട്ടവും.

വിപുലമായ സംഘാടന പ്രവർത്തനമാണ് കരിയാട്ടത്തിനായി നടക്കുന്നത്. പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിലാണ് സംഘാടനം നടക്കുന്നത്.ജില്ലാതല ഓണാഘോഷ സമാപനം കൂടിയായി ഇത്തവണത്തെ കരിയാട്ട ഘോഷയാത്രയെ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. കരിയാട്ടത്തിനൊപ്പം ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഗജവീരന്മാർ, മുത്തുക്കുടകൾ, വിവിധ കലാരൂപങ്ങൾ എന്നിവ അണിനിരക്കും.

ഇത്തവണ മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പ്രധാന ഘോഷയാത്ര എലിയറയ്ക്കലിൽ നിന്ന് കോന്നിയിലേക്കാണ് നടക്കുന്നത്. കോന്നി ഫയർസ്റ്റേഷൻ, റിപ്പബ്ലിക്കൽ സ്കൂൾ എന്നീ കേന്ദ്രങ്ങളിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.

ഏനാദിമംഗലം, കലഞ്ഞൂർ, പ്രമാടം,വള്ളിക്കോട്, അരുവാപ്പുലം, കോന്നി പഞ്ചായത്തുകളിൽ നിന്ന് ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നുള്ള പ്രധാന ഘോഷയാത്രയിലാണ് പങ്കെടുക്കുക.

സീതത്തോട്,ചിറ്റാർ, തണ്ണിത്തോട് പഞ്ചായത്തുകൾ കോന്നി ഫയർസ്റ്റേഷനു സമീപത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ അണിനിരക്കും.

മലയാലപ്പുഴ, മൈലപ്ര ഗ്രാമപഞ്ചായത്തുകൾ കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തു നിന്നുമുള്ള ഘോഷയാത്രയിൽ അണിനിരക്കും.

എലിയറയ്ക്കൽ അമൃത സ്കൂളിൽ കേന്ദ്രീകരിച്ചാണ് കരിയാട്ടത്തിനുള്ള ആവേഷധാരികൾ തയ്യാറാകുന്നത്. അവർ എലിയറയ്ക്കലിൽ നിന്നും ആരംഭിക്കുന്ന പ്രധാന ഘോഷയാത്രയുടെ ഭാഗമാകും.

കോന്നി സെൻട്രൽ ജംഗ്ഷനിലാണ് കരിയാട്ടപ്രദർശനം നടക്കുക. കരിയാട്ട കലാകാരന്മാർ മേളവാദ്യങ്ങളുടെ പ്രത്യേക താളത്തിനൊത്താണ് കരിയാട്ടം നടത്തുന്നത്.തുടർന്ന് കരിയാട്ട കലാകാരന്മാർ ഘോഷയാത്രയായി തന്നെ റിപ്പബ്ലിക്കൽ സ്കൂൾ ഗ്രൗണ്ട് വരെ എത്തിച്ചേരും.

മഴ കാരണം 2023 ൽ യഥാവിധി അവതരിപ്പിക്കാൻ കഴിയാതെ പോയ കരിയാട്ടം കലാരൂപ അവതരണം ഇത്തവണ കോന്നിയുടെയും, കേരളത്തിൻ്റെയും മനസ്സിനെ കീഴടക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.ഈ ഓണക്കാലത്ത് കരിയാട്ടത്തെ മലയാളികളാകെ നെഞ്ചേറ്റിയെന്നും എം.എൽ.എ പറഞ്ഞു

error: Content is protected !!